തിരുവനന്തപുരത്ത് പതിമൂന്ന് വയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പ്രമുഖ മനോരോഗ വിദഗ്ധന് ആറ് വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. മനോരോഗവിദഗ്ദനും വ്‌ലോഗറും സെക്‌സോളജിസ്റ്റുമായ ഡോ.ഗിരീഷിനെയാണ് തിരുവനന്തപുരം സ്‌പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതി ഒരു ലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു.
2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. സര്‍ക്കാര്‍ മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ ഡോക്ടറായിരുന്നു ഗിരീഷ്. പഠനത്തില്‍ ശ്രദ്ധ കുറവാണെന്ന് അധ്യാപകര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടിയെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. ഇവിടെ വച്ചാണ് പീഡനം നടന്നത്. പീഡന വിവരം പുറത്ത് പറയരുതെന്ന് ഡോക്ടര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടി ഭയന്നിരിക്കുന്നത് കണ്ട് മാതാപിതാക്കള്‍ ചോദിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇതോടെ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെടുകയും, ഫോര്‍ട്ട് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
പ്രതിക്കെതിരെ മറ്റൊരു പോക്‌സോ കേസും സ്ത്രീ പീഡന കേസും നിലവിലുണ്ട്. കേസില്‍ ജഡ്ജി ആര്‍.ജയകൃഷ്ണനാണ് മനോരാഗ വിദഗ്ധന്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹനന്‍ ഹാജരായി.