നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിക്കും. ദിലീപിന്റെ അഭിഭാഷകനായ ബി. രാമന്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ തന്നെ ഇതിനുള്ള അപേക്ഷ കോടതിയില്‍ നല്‍കാനിരുന്നതാണ്. എന്നാല്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനിരുന്നതിനാലാണ് വൈകിയത്. ഇന്നോ, അടുത്ത ദിവസമോ തന്നെ കോടതിയില്‍ ഇത് നല്‍കുമെന്നും രാമന്‍ പിള്ള പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ തെളിവുണ്ടാക്കുന്നതിനു വേണ്ടി മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ കെട്ടിച്ചമച്ച കഥയാണ് ഗൂഢാലോചനക്കേസ്. എഫ്‌ഐആറില്‍ ആരോപിച്ച ഒന്നും നിലനില്‍ക്കുന്നതല്ല എന്നു ബോധ്യപ്പെട്ടതിനാലാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണു ദിലീപിന് ജാമ്യമനുവദിച്ചുള്ള വിധി പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി. ദിലീപിനൊപ്പം മറ്റ് അഞ്ച് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.