തിരുവനന്തപുരം: ആദ്യ രണ്ടു കോവിഡ് തരംഗങ്ങളിലും മികച്ച പ്രതിരോധവുമായി മാതൃകയായ കേരളം ഒമിക്രോണും ഡെല്‍റ്റായും ഒന്നിച്ചു വന്ന മുന്നാമത്തെ തരംഗത്തില്‍ മുങ്ങിപ്പോയിരുന്നു. പരിശോധിക്കുന്ന രണ്ടിലൊരാള്‍ കോവിഡ് പോസിറ്റിവാകുന്ന അത്യന്തം അപകടകരമായ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പോയത്. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമായിരുന്നു. യാതൊരു നിയന്ത്രണവും ഇല്ലാതെ നടത്തിയ പാര്‍ട്ടി സമ്മേളനങ്ങളും മെഗാ തിരുവാതിരയുമൊക്കെ കോവിഡിന്റെ വ്യാപിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കോവിഡ് പിടിവിട്ടു ടിപിആര്‍ പിന്നിട്ടു രാജ്യത്തു ഒന്നാമതെത്തുകയും ചെയ്തു.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമ്മേളനങ്ങള്‍ നടത്തിയതിന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിഷയത്തില്‍ കോടതി വിധി കൂടി വന്നതോടെ ആലപ്പുഴ ജില്ലാ സമ്മേളനം നീട്ടിവെക്കുകയായിരുന്നു. 500 പേരെ ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് തിരുവാതിര നടത്തിയത് വന്‍ വിവാദമായിരുന്നു.
കേസുകള്‍ കുറഞ്ഞുവരുകയാണെങ്കിലും ഇപ്പോഴും സംസ്ഥാനം ആശങ്കയുടെ തീരത്തു തന്നെയാണ്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ പാര്‍ട്ടി സമ്മേളനങ്ങളും കണ്ണൂരില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസുമായി സിപിഎം മുന്നോട്ടു പോവുകയാണ്. ഇതിനായി ധൃതി പിടിച്ചാണ് ഇളവുകള്‍ നല്‍കുന്നത്. സ്‌കൂളുകള്‍ 14 നു തന്നെ തുറക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. രക്ഷിതാക്കളുടെയും കുട്ടികളുടെയും ആശങ്ക പരിഗണിക്കാതെയാണ് പ്രതീക്ഷിച്ചതിലും രണ്ടാഴ്ച നേരത്തെ സ്‌കൂളുകള്‍ തുറക്കുന്നത്.
ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളിലാണ് നടക്കുക . കണിച്ചുകുളങ്ങരയില്‍ വച്ചാണ് സമ്മേളനം നടക്കുക. മാര്‍ച്ച് ഒന്നു മുതല്‍ നാലുവരെയാണ് സിപിഎം സംസ്ഥാന സമ്മേളനം നടക്കുക. സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രകടനം ഒഴിവാക്കിയിട്ടുണ്ട്. പൊതു സമ്മേളനത്തില്‍ ആളുകളുടെ എണ്ണവും നിയന്ത്രിക്കുമെന്നും പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
ഏപ്രില്‍ 6 മുതല്‍ 10 വരെ കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസും നടക്കും. കോവിഡ് സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് സമ്മേളനം നടക്കുക എന്നാണു സിപിഎം പറയുന്നത് . 1,500 പേരെ മാത്രം പങ്കെടുപ്പിക്കാനാണ് തീരുമാനം. ആര്‍ടിപിസിആര്‍ നിര്‍ബന്ധം ആക്കുമെന്നും പറയുന്നു. എന്നാല്‍ ഇതൊക്കെ എത്ര കണ്ടു ഫലവത്താകും എന്നത് കണ്ടുതന്നെ അറിയണം.