ഇനിയൊരു ലോക യുദ്ധം താങ്ങാന്‍ കഴിയില്ലെന്ന ഉറച്ച ബോധ്യത്തില്‍ നിന്നാണ് രണ്ടാംലോക മഹായുദ്ധത്തിനു ശേഷം ഐക്യരാഷ്ട്ര സഭ നിലവില്‍ വന്നത്. പിന്നീട് പല രാജ്യങ്ങളും തമ്മില്‍ യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും വിനാശകരമായ ലോക യുദ്ധമായി പരിണമിച്ചിട്ടില്ല . ശീതയുദ്ധ കാലത്തു അമേരിക്കയുടെ പാശ്ചാത്യ ചേരിയും സോവിയറ്റ് ചേരിയും ശക്തി സംഭരണം നടത്തിയിട്ടും വലിയ ഭീഷണിയിലേയ്ക്ക് കാര്യങ്ങള്‍ പോയില്ല.
എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവകരമാണ്. റഷ്യയും അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോയും യുക്രൈനിന്റെ പേരില്‍ നടത്തുന്ന ബലാബലം ലോകത്തെ വിനാശകരമായ ഒരു യുദ്ധത്തിലെത്തിക്കുമോ എന്ന ആശങ്കയാണ് എങ്ങും. അത് ആണവായുദ്ധത്തിലേയ്ക്ക് പോലും നീങ്ങാം. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈനെ നിരായുധീകരിക്കുന്നതിനും പാശ്ചാത്യ ചേരിയുമായി അകറ്റുന്നതിനും വേണ്ടി വര്‍ഷങ്ങളായി റഷ്യ നടത്തുന്ന നീക്കങ്ങളുടെ ഫലമാണ് ഇപ്പോഴത്തെ ആക്രമണം. വലിയ തയാറെടുപ്പുകളോടെ പുടിന്‍ നടത്തിയ കടന്നു കയറ്റമാണിത്.
ഇതിനെ തടയാന്‍ ഐക്യരാഷ്ട്ര രക്ഷാസമിതിയ്ക്ക് ഒന്നും ചെയ്യാനായില്ല. നാറ്റോ യുക്രൈനു വേണ്ടി രംഗത്തുവന്നാല്‍ ഭവിഷ്യത്തു ഗുരുതരമായിരിക്കുമെന്നാണ് പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതായത് നാറ്റോ റഷ്യയെ ആക്രമിച്ചാല്‍ റഷ്യ യൂറോപ്പില്‍ ആക്രമണം നടത്തുമെന്നുറപ്പ്. യൂറോപ്പ് ഇപ്പോള്‍ നാഥനില്ലാ കളരി പോലെയാണ്. ശക്തമായ ഒരു നേതൃത്വം ഇല്ലാത്തതാണ് ഏറ്റവും വലിയ വെല്ലുവിളി. മാത്രമല്ല എല്ലാ രാജ്യങ്ങള്‍ക്കും അവരുടേതായ ആഭ്യന്തര പ്രശ്നങ്ങളുണ്ട്. ട്രംപിനെ കാലത്തു നാറ്റോയെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ് ഉണ്ടായത്. ബൈഡനാണെങ്കില്‍ റഷ്യയെ നിലനിര്‍ത്താന്‍ കഴിയുന്നുമില്ല. അമേരിക്കയും സഖ്യകക്ഷികളും ഇറാഖിലോ അഫ്ഗാനിലോ നടത്തിയ സൈനിക നടപടി പോലെ ആയിരിക്കില്ല റഷ്യയുമായി മുട്ടിയാല്‍. സര്‍വ സന്നാഹങ്ങളുമായി, തേച്ചു മിനുക്കിയ ആയുധങ്ങളുമായി നില്‍ക്കുന്ന പുടിനെയും കൂട്ടരെയും നിലയ്ക്ക് നിര്‍ത്തുക ഒട്ടും എളുപ്പമല്ല . മാത്രമല്ല , റഷ്യയെ നാറ്റോ ആക്രമിച്ചാല്‍ അവയിലെ അംഗരാജ്യങ്ങള്‍ അവര്‍ ലക്ഷ്യമിടും.
നാറ്റോയുടെ ഇടപെടല്‍ ഉണ്ടായാല്‍ റഷ്യ ആദ്യം ലക്ഷ്യമിടുക ബ്രിട്ടനെ തന്നെയായിരിക്കും. സൈനികപരമായി റഷ്യയുടെ അടുത്തെങ്ങും എത്തില്ല യുകെ. അതുകൊണ്ടുതന്നെ ബ്രിട്ടനില്‍ ആക്രമണം നടത്തി നാറ്റോക്ക് ചുട്ടമറുപടി നല്‍കാന്‍ പുടിന്‍ തുനിഞ്ഞാല്‍ അത് വലിയ ആഘാതമാവും ഉണ്ടാക്കുക. അത് ലോകയുദ്ധത്തിന് തന്നെ വഴിതെളിയ്ക്കും. കോവിഡ് ഒരു മൂന്നാം ലോക യുദ്ധത്തിന് തുല്യമായ നഷ്ടം ആണ് ഉണ്ടാക്കിയത്. അതില്‍ നിന്ന് കരകയറാന്‍ പാടുപെടുന്നതിനിടെയാണ് അനവസരത്തിലുള്ള, നഷ്ടങ്ങള്‍ മാത്രം വരുത്തുന്ന യുദ്ധം സംഭവിച്ചിരിക്കുന്നത്. ആഗോള സാമ്പത്തിക തകര്‍ച്ചയും വിനാശകരവും ആയിരിക്കും ഇതിന്റെ ഫലം.