Don't Miss

10 ലക്ഷം പേരുടെ പലായനം കൈയുംകെട്ടി ലോകം

ലോകത്തെ വെല്ലുവിളിച്ചു യുക്രൈനില്‍ റഷ്യ നടത്തുന്ന അതിക്രമം പത്തു ദിവസത്തിലേക്ക് കടക്കുമ്പോള്‍ പ്രാണരക്ഷാര്‍ത്ഥം അയല്‍രാജ്യങ്ങളിലേയ്ക്ക് ഓടിപ്പോയത് പത്തുലക്ഷം പേരാണ്. യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യുഎന്‍എച്ച്‌സിആറിന്റെ വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

സമ്പാദ്യവും വീടും നാടും ഉപേക്ഷിച്ചുള്ള ഈ മഹാ പലായനം പക്ഷെ ലോകം കണ്ടില്ലെന്നു നടിക്കുകയാണ്. ഐക്യരാഷ്ട്ര സഭ വെറും നോക്കുകുത്തിയായി മാറുന്ന കാഴ്ച. നാറ്റോ നേതൃത്വത്തിന്റെ വാചകമടി ഒഴിച്ചാല്‍ അവര്‍ മാളത്തിലേക്ക് ഒന്നുകൂടി തലവലിച്ചുകയറ്റി. റഷ്യയെ പ്രതിരോധിക്കാന്‍ യുക്രൈന്‍ ജനത മാത്രം. ആയിരങ്ങള്‍ മരിക്കുകയും എല്ലാം തച്ചുതകര്‍ക്കുകയും ചെയ്തിട്ടും റഷ്യയെ പിന്തിരിപ്പിക്കാന്‍ കാര്യമായ ഒരു ഇടപെടലും നടക്കുന്നില്ല എന്നതാണ് സത്യം.

യുക്രൈനിലെ യുദ്ധമുഖത്ത് നിന്നുള്ള ചിത്രങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. ഒരു സ്വതന്ത്ര രാഷ്ട്രമായി നിലനില്‍ക്കാനുള്ള യുക്രൈന്റെ ചെറുത്തുനില്‍പ്പിന് സഹായമില്ല . റഷ്യന്‍ പടയില്‍ നിന്നും കുടുംബത്തോടൊപ്പം രക്ഷപെടാന്‍ ശ്രമിക്കുന്നതിന് മുമ്പ് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ഇരുകൈകളും കൂപ്പി പ്രാര്‍ത്ഥിക്കുന്നവരും റഷ്യന്‍ സൈന്യത്തോട് പൊരുതാന്‍ നിരത്തിലിറങ്ങിയ യുക്രൈന്‍ യുവാവും യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ യുക്രൈനിലെ ബഹുനില കെട്ടിടങ്ങളും ജീവന്‍ പിടിച്ചുനിര്‍ത്താന്‍ യുക്രൈന്റെ അതിര്‍ത്തി രാജ്യങ്ങളിലേക്കെത്താന്‍ ട്രെയിന്‍ കമ്പാര്‍ട്ട്മെന്റിലേക്ക് ഓടിയടുക്കുന്ന സ്ത്രീകളും കുട്ടികളും എല്ലാം നൊമ്പരപ്പെടുത്തുന്ന കാഴ്ചകളായി.

വ്യോമാതിര്‍ത്തി സംരക്ഷിക്കണമെന്ന യുക്രൈന്റെ ആവശ്യം നാറ്റോ തള്ളുകയായിരുന്നു. ഇത് റഷ്യക്ക് ആക്രമിക്കാനുള്ള പച്ചക്കൊടിയെന്ന് സെലന്‍സ്‌കി കുറ്റപ്പെടുത്തി. റഷ്യന്‍ മിസൈലുകളില്‍ നിന്നും യുദ്ധ വിമാനങ്ങളില്‍ നിന്നും യുക്രൈന്റെ വ്യോമമേഖലയെ സംരക്ഷിക്കാനായിരുന്നു യുക്രൈന്‍ നാറ്റോയോട് സഹായമഭ്യര്‍ത്ഥിച്ചത്. യുക്രൈന്‍ ആവശ്യം തള്ളിയ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നാറ്റോയെ പിന്തുണച്ചു.

'നോ ഫ്‌ളൈ സോണ്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത് യുക്രൈന്‍ വ്യോമാതിര്‍ത്തിയില്‍ നാറ്റോയുടെ വിമാനങ്ങള്‍ റഷ്യന്‍ വിമാനങ്ങളെ വെടിവെച്ചിടുക എന്നാണ്. അത് യൂറോപ്പിലേക്ക് തന്നെ പടരുന്ന ഒരു യുദ്ധത്തിലേക്ക് നയിക്കും,' ബ്ലിങ്കന്‍ പറഞ്ഞു.

അതിനിടെ, റഷ്യന്‍ സൈന്യം പോക്രോവ്‌സ്‌കില്‍ ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് യുക്രൈനിയന്‍ മാധ്യമമായ കീവ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം അഗ്നിബാധക്കിരയായ യുക്രൈനിലെ സപ്പോരിഷ്യ ആണവ നിലയം റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയത്തിനു നേരെയുണ്ടായ ആക്രമണത്തെ 'ആണവ ഭീകരത'യെന്നാണ് സെലന്‍സ്‌കി വിശേഷിപ്പിച്ചത്.

റഷ്യയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചാല്‍ യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അറിയിച്ചത്.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions