ന്യൂഡല്‍ഹി: ഡല്‍ഹിക്കു പിന്നാലെ പഞ്ചാബിലും എഎപി ഭരണം പിടിക്കുമെന്നു എക്‌സിറ്റ് പോള്‍. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി വമ്പന്‍ വിജയം സ്വന്തമാക്കുമെന്ന് ഇന്ത്യ ടുഡെ - ആക്‌സിസ് മൈ ഇന്ത്യ അഭിപ്രായ സര്‍വേ ഫലം. എഎപി 76 മുതല്‍ 90 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ വരുമെന്നാണ് അഭിപ്രായ സര്‍വേ ഫലം സൂചിപ്പിക്കുന്നത്.
ഭരിക്കുന്ന കോണ്‍ഗ്രസിന് 19 മുതല്‍ 31 സീറ്റുകളിലേക്ക് ചുരുങ്ങിയേക്കും. അകാലി ദള്‍ 7 മുതല്‍ 11 സീറ്റുകള്‍ നേടും. പഞ്ചാബില്‍ ബിജെപി ഒന്ന് മുതല്‍ നാല് സീറ്റ് വരെ ലഭിക്കുമെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നു. കോണ്‍ഗ്രസിലെ അടിയാണ് അവര്‍ക്കു അവിടെ ഭരണം നഷ്ടപ്പെടുത്തുന്നത്.
അതേസമയം, ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്നാണ് അഭിപ്രായ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 262 മുതല്‍ 277 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരത്തില്‍ വരുമെന്നാണ് റിപബ്ലിക് ടിവി സര്‍വേ സൂചിപ്പിക്കുന്നത്. സമാജ് വാദി പാര്‍ട്ടി 119 മുതല്‍ 134 സീറ്റുകള്‍ നേടും. ബിഎസ്പിക്ക് 7 മുതല്‍ 15 ലഭിച്ചേക്കും. കോണ്‍ഗ്രസ് വലിയ 3 മുതല്‍ 8 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നാണ് പ്രവചനം.
ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമെന്ന് പിമാര്‍ക്-റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോള്‍ പ്രവചനം. ബിജെപി 13 മുതല്‍ 17 സീറ്റുകള്‍ നേടുമ്പോള്‍ കോണ്‍ഗ്രസും 13 മുതല്‍ 17 സീറ്റുകള്‍ വരെ നേടിയേക്കാമെന്ന് എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. ഇവിടെ കോണ്‍ഗ്രസ് ജിഎഫ്പിയുമായി സഖ്യത്തിലാണ്. 40 സീറ്റുകളാണ് ഗോവ നിയമസഭയിലുള്ളത്. 20ല്‍ മുകളില്‍ സീറ്റുനേടുന്നവര്‍ക്ക് അധികാരത്തിലെത്താം. ആംആദ്മി പാര്‍ട്ടി ഇവിടെ അക്കൗണ്ട് തുറക്കാന്‍ സാധ്യതയുണ്ടെന്ന് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. രണ്ട് മുതല്‍ ആറ് വരെ സീറ്റുകള്‍ ആം ആദ്മി നേടിയേക്കാമെന്നാണ് പ്രവചനം. തൃണമൂലും എംജിപിയും രണ്ട് മുതല്‍ നാല് സീറ്റുകള്‍ വരെ നേടിയേക്കാം. എന്‍സിപിയ്ക്കും ശിവസേനയും സ്വതന്ത്രരും ചേര്‍ന്ന് നാല് സീറ്റുകള്‍ വരെ നേടിയേക്കാം.
ഉത്തരാഖണ്ഡില്‍ ബിജെപി കടുത്ത വെല്ലുവിളി നേരിടുന്നു .ബിജെപി 39 സീറ്റുകള്‍ കോണ്‍ഗ്രസ് 34 സീറ്റുകള്‍ വരെ നേടിയേക്കാം എന്നാണ് പ്രവചനം . ആപ് ഇവിടെ അക്കൗണ്ട് തുറന്നേക്കുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. മൂന്ന് സീറ്റുകള്‍ വരെ ആപ് നേടിയേക്കും.
മണിപ്പൂരില്‍ ബിജെപിക്കു നേരിയ മുന്‍തൂക്കം പ്രവചിക്കുന്നുണ്ട്.