ന്യൂഡല്‍ഹി: മലയാളിയായ ഐഎസ് ഭീകരന്‍ അഫ്ഗാനിസ്ഥാനില്‍ സ്വന്തം വിവാഹ ദിവസം ചാവേറായി പൊട്ടിത്തെറിച്ചെന്ന് റിപ്പോര്‍ട്ട്. ഐഎസ് ഖൊറാസന്‍ ഘടകത്തിന്റെ മുഖപത്രമാണ് 'നജീബ് അല്‍ ഹിന്ദി' കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ചാവേറാക്രമണത്തിനിടെയാണ് മരണമെന്നും 'വോയ്‌സ് ഓഫ് ഖൊറാസന്‍' പറയുന്നു. 23 വയസുകാരനും കേരളത്തില്‍ നിന്നുള്ള എം ടെക് വിദ്യാര്‍ത്ഥിയുമാണ് നജീബ് അല്‍ഹിന്ദിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, എപ്പോഴാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് നജീബ് കേരളത്തില്‍ നിന്ന് അഫ്ഗാനിസ്താനില്‍ എത്തിയതെന്നും പാകിസ്താന്‍ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസമാണ് ചാവേറായി അക്രമത്തില്‍ പങ്കെടുത്തതെന്നും വോയിസ് ഓഫ് ഖൊറാസന്‍ റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിട്ടുണ്ട്.
അഫ്ഗാനില്‍ വച്ച് മറ്റ് ഭീകരരുമായി പരിചയപ്പെട്ട നജീബ് ഗസ്റ്റ് റൂമില്‍ ഏകനായി താമസിച്ചിരുന്നു. മലനിരകളിലെ ജീവിതത്തിനിടെ നേരിട്ട ബുദ്ധിമുട്ടുകളെ സംബന്ധിച്ച് പരാതിപ്പെട്ടില്ല. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി പാകിസ്ഥാന്‍കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. വിവാഹ ദിവസം ഐഎസ് ഭീകരക്ക് നേരെ ആക്രമണം ഉണ്ടായി. തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ നജീബ് തീരുമാനിച്ചതായി ഐഎസ് ഖൊറാസന്‍ മുഖപത്രം അവകാശപ്പെടുന്നു.
എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം നടന്നു. ഇതിന് പിന്നാലെ ചാവേര്‍ ആക്രമണത്തില്‍ നജീബ് പങ്കെടുക്കുകയായിരുന്നുവെന്ന് വോയിസ് ഓഫ് ഖൊറാസന്‍ അവകാശപ്പെട്ടു.
മലപ്പുറം സ്വദേശിയായ നജീബിനെ 2017 ഓഗസ്റ്റ് 15 മുതലാണ് കാണാതായത്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എടെക് വിദ്യാര്‍ത്ഥിയായിരുന്നു നജീബ് കുണ്ടുവയില്‍. 2017 ഓഗസ്റ്റ് 16ന് ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്ന് ഇകെ 525 എന്ന വിമാനത്തില്‍ നജീബ് ദുബായിലേക്ക് പോയെന്നും അവിടെ നിന്നും സിറിയ/ഇറാഖ് എന്നിവിടങ്ങളിലേക്ക് കടന്നതായുമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം.