വെറും നാല്‍പ്പത്തഞ്ച് ദിവസം കൊണ്ട് ഏഴ് നില കെട്ടിടം പണിത് റെക്കോര്‍ഡ് നേട്ടം ഇന്ത്യയില്‍ നിന്ന്. ബെംഗളൂരുവില്‍ ഡി.ആര്‍.ഡി.ഒ.(ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍) ആണ് ഈ നേട്ടം സ്വന്തമായിക്കിയിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഈ കെട്ടിടം വ്യാഴാഴ്ച രാജ്യത്തിന് സമര്‍പ്പിച്ചു. ഡി.ആര്‍.ഡി.ഒ ഫിഫ്ത്ത് ജനറേഷന്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് പ്രോഗ്രാമിന് വേണ്ടിയാണ് കെട്ടിടം നിര്‍മ്മിച്ചത്.
ഡി.ആര്‍.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ച ഹൈബ്രിഡ് ടെക്‌നോളജി ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പദ്ധതിയില്‍ പങ്കാളികളായ എല്ലാവരെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. സാധാരണ നിലയില്‍ ഇത്തരമൊരു കെട്ടിടം പണിയാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നിരിക്കെ ഡി.ആര്‍.ഡി.ഒ ഒരു അത്ഭുതമാണ് സൃഷ്ടിച്ചതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
അഡ്വാന്‍സ്ഡ് മീഡിയം കോംപാക്ട് എയര്‍ക്രാഫ്റ്റ് പ്രോഗ്രാമിന്റെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ഈ കെട്ടിടത്തില്‍ നടക്കും. കഴിഞ്ഞ വര്‍ഷം നവംബര്‍ 22 നാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ഫെബ്രുവരി 1 ന് പണി ആരംഭിച്ചു.
ഏഴ് നില കെട്ടിടം 45 ദിവസം കൊണ്ട് പൂര്‍ണമായും നിര്‍മ്മിച്ചത് രാജ്യത്തെ കെട്ടിടനിര്‍മ്മാണ മേഖലയില്‍ പുതു ചരിത്രമാണെന്ന് ഡി.ആര്‍.ഡി.ഒ പറഞ്ഞു.