തൊടുപുഴ: ചീനിക്കുഴിയില്‍ ഉറങ്ങിക്കിടന്ന സ്വന്തം മകനെയും കുടുംബത്തെയും മുറിപൂട്ടി പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായിട്ടും കൂസാതെ പ്രതി ഹമീദ്. ഹമീദാണ് മകന്‍ അബ്ദുള്‍ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹര്‍, അഫ്‌സാന എന്നിവരെ വീടിന് തീയിട്ട് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന വീട്ടില്‍ ശനിയാഴ്ച വൈകിട്ടോടെ പോലീസ് സംഘം പ്രതിയുമായി തെളിവെടുപ്പിന് എത്തി. പ്രതിക്കു വധ ശിക്ഷ കൊടുക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാരില്‍നിന്ന് ആക്രോശവും പ്രതിഷേധവും ഉണ്ടായി. എന്നാല്‍ കുലുക്കമൊന്നുമില്ലാതെയായിരുന്നു 79 കാരനായ ഹമീദിന്റെ നില്‍പ്പ്. തനിക്ക് ഇനിയും ജീവിക്കേണ്ടെയെന്നായിരുന്നു പ്രതിയുടെ ചോദ്യം. ഇഷ്‌ടഭക്ഷണം തരണമെന്ന് പൊലീസിനോട് ഹമീദ് ആവശ്യപ്പെട്ടു. എന്നും കഴിക്കാന്‍ മീനും മാംസാഹാരവും നല്‍കണമെന്നാണ് ഹമീദ് പൊലീസിനോട് ആവശ്യപ്പെട്ടത്.
സ്വത്ത് തര്‍ക്കത്തിന് പുറമേ മറ്റുപലകാര്യങ്ങളെച്ചൊല്ലിയും ഹമീദ് വീട്ടില്‍ നിരന്തരം വഴക്കിട്ടിരുന്നതായാണ് വിവരം. എല്ലാദിവസവും മീനും ഇറച്ചിയും വേണമെന്നായിരുന്നു ഹമീദിന്റെ ആവശ്യം. ഇതേച്ചൊല്ലിയും വീട്ടില്‍ വഴക്ക് പതിവായിരുന്നു. ജയിലിലാണെങ്കില്‍ രണ്ടുദിവസമെങ്കിലും മട്ടണ്‍ കിട്ടുമെന്നും പ്രതി സമീപത്തെ കടകളിലെത്തി പറഞ്ഞിരുന്നു.
ഭാര്യ മരിച്ചശേഷം ഹമീദ് മറ്റൊരു സ്‌ത്രീയ്‌ക്കൊപ്പമായിരുന്നു താമസം. അടുത്തകാലത്താണ് തിരികെയെത്തിയത്. സ്വത്ത് ഭാഗം വച്ച് നല്‍കിയതില്‍ കുടുംബവീടും പുരയിടവും മരിച്ച മുഹമ്മദ് ഫൈസലിനാണ് നല്‍കിയത്. പറമ്പിലെ ആദായവും എടുക്കാന്‍ അനുവദിച്ചു. എന്നാല്‍ തന്നെ നോക്കുന്നില്ല എന്ന പേരില്‍ ഫൈസലുമായി ഹമീദ് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. പുതിയ വീട്ടിലേക്ക് താമസം മാറാനിരിക്കെയാണ് പിതാവിന്റെ പകയില്‍ ഫൈസലും കുടുംബവും കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസം രാവിലെയും കൈയാങ്കളി ഉണ്ടായി. തുടര്‍ന്ന് മകനും കുടുംബവും ഉറങ്ങിയ തക്കത്തിന് വീട് പൂട്ടി പെട്രോള്‍ നിറച്ച കുപ്പിയുമായി വന്ന് ഹമീദ് വീടിന് തീവയ്‌ക്കുകയായിരുന്നു.
കൊലപാതകം നടന്ന വീട്ടില്‍ തന്നെയാണ് ഹമീദും താമസിച്ചുവന്നിരുന്നത്. സംഭവദിവസം പുലര്‍ച്ചെ ഒരുമണിയോടെ ഹമീദ് എഴുന്നേറ്റു. തുടര്‍ന്ന് മകനും കുടുംബവും ഉറങ്ങിയിരുന്ന മുറിയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടി. പിന്നാലെ വീട്ടിലേക്ക് കടക്കാനുള്ള മറ്റുവാതിലുകളും പൂട്ടി പുറത്തിറങ്ങി. തുടര്‍ന്നാണ് മകന്റെ മുറിയിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിട്ടത്. ശേഷം ഹമീദ് നേരത്തെ കരുതിയിരുന്ന പെട്രോള്‍ കുപ്പികള്‍ തുടര്‍ച്ചയായി വീടിനകത്തേക്ക് എറിഞ്ഞുകൊണ്ടിരുന്നു. ഇതോടെ തീ ആളിക്കത്തുകയും ചെയ്തു. പ്രാണരക്ഷാര്‍ഥം ഫൈസലും കുടുംബവും ശൗചാലയത്തില്‍ ഒളിച്ചിരുന്നതായാണ് നിഗമനം. നാലുപേരെയും കിടപ്പുമുറിയിലെ ശൗചാലയത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കാര്യമായി പൊള്ളലേല്‍ക്കാത്തതിനാല്‍ തീപിടിത്തം കാരണമുണ്ടായ പുക ശ്വസിച്ചാണ് നാലുപേരും മരിച്ചതെന്നും പോലീസ് കരുതുന്നു.
മകനും കുടുംബത്തിനും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെല്ലാം തടസപ്പെടുത്തിയ ശേഷം കൃത്യമായ ആസൂത്രണത്തോടെയാണ് ഹമീദ് വീടിന് തീയിട്ടത്. തീ അണയ്ക്കാതിരിക്കാന്‍ വീട്ടിലെ വാട്ടര്‍ടാങ്കില്‍നിന്ന് വെള്ളം ഒഴുക്കി കളയുകയും പൈപ്പുകളുടെ കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തു.