കേരളത്തിലെ പ്രമുഖ മഠത്തിലെ സന്യാസി സ്വാമിക്കെതിരെ ലൈംഗിക പീഡനമാരോപിച്ച് അമേരിക്കന്‍ മലയാളിയായ യുവതി മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കി. 2019 ജൂലൈ 19 ന് ടെക്സാസിലെ അവരുടെ വീട്ടില്‍ അതിഥിയായി താമസിക്കവേ സ്വാമി ഇവരെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇവരുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സഭവമുണ്ടായത് എന്ന് പറയുന്നു. സ്വാമിയുടെ തുണികള്‍ ഇസ്തരിയിട്ടുകൊണ്ടിരുന്ന അവസരത്തില്‍ ഇയാള്‍ അവരെ കടന്ന് പിടിക്കുകയും ബലമായി കിടക്കയിലെത്തിച്ച് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയുമാണ് ചെയ്തതെന്ന് നഴ്‌സായ യുവതി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
പരാതിക്കാരിയായ സ്ത്രീയുടെ ഭര്‍ത്താവുമായും അവരുടെ നാട്ടിലുള്ള കുടംബവുമായും സ്വാമിക്കു അടുത്ത ബന്ധമുണ്ടായിരുന്നു. 2019 ജൂലൈ 19 ന് സ്ത്രീയുടെ ഭര്‍ത്താവിന് ജോലിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് കുറെ മണിക്കൂറുകള്‍ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു. ആ സമയത്താണ് പീഡന ശ്രമമെന്നാണ് പരാതി.
വീട്ടമ്മ വിവരം തന്റെ ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ സംഭവം പുറത്ത് പറഞ്ഞാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് സ്വാമി വീട്ടമ്മയെയും ഭര്‍ത്താവിനെയും ഭീഷണിപ്പെടുത്തിയതായി ഇവര്‍ പരാതിയില്‍ പറയുന്നുണ്ട്. ഇയാളുടെ വൈകാരിക അവസ്ഥ കണ്ട് ഇക്കാര്യത്തില്‍ പരാതിപ്പെടേണ്ട എന്ന് വീട്ടമ്മയും ഭര്‍ത്താവും തിരുമാനിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ വേറൊരു വീട്ടിലേക്ക് മാറ്റുകയും ചെയ്തു.
എന്നാല്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഇയാള്‍ നഗ്‌നനായി യോഗ ചെയ്യുന്ന വീഡിയോകളും മറ്റും വീട്ടമ്മക്ക് അയച്ചുകൊടുക്കുകയായിരുന്നു എന്ന് പറയുന്നു. അതോടെ ഇവര്‍ മഠത്തില്‍ പരാതി നല്‍കി. പരാതിയില്‍ മഠം നടപടിയെടുക്കുമെന്ന സ്ഥിതി വന്നപ്പോള്‍ സ്വന്തം മുഖം രക്ഷിക്കാന്‍ ഇവര്‍ക്കെതിരെ അമേരിക്കന്‍ കോടതിയില്‍ സ്വാമി മാനനഷ്ടക്കേസ് നല്‍കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. എന്നാല്‍ ബലാല്‍സംഗ ശ്രമത്തിനെതിരെ വീട്ടമ്മ ടെക്സാസ് കോടതിയില്‍ നല്‍കിയ പരാതി ഇയാള്‍ ഇന്ത്യയിലായിരുന്നത് കൊണ്ട് തീര്‍പ്പായിട്ടില്ലന്നും പരാതിയില്‍ പറയുന്നു.
ഇയാള്‍ നല്‍കിയ മാനനഷ്ടക്കേസ് അടിസ്ഥാനമില്ലന്ന് കണ്ട് കോടതി തള്ളിക്കളയുകയും കോടതി ചിലവായി വീട്ടമ്മക്കും ഭര്‍ത്താവിനും 30 ലക്ഷത്തോളം ഇന്ത്യന്‍ രൂപ കൊടുക്കാന്‍ വിധിക്കുകയും ചെയ്തെന്നു പറയുന്നു. ഈ തുക അടക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ പ്രതികരിച്ചില്ലന്നും പരാതിയില്‍ ഉണ്ട്.
ബലാല്‍സംഗ ശ്രമത്തെ തുടര്‍ന്ന് വീട്ടമ്മ ഡിപ്രഷന് അടിമയാവുകയും രണ്ട് തവണ ഇതിന് ചികിത്സ തേടുകയും ചെയ്തെന്നു പറയുന്നു. അതോടൊപ്പം സ്വാമിയുടെ അനുയായികളുടെ ഭാഗത്ത് നിന്ന് വലിയ തോതില്‍ സൈബര്‍ ആക്രമണത്തിനും താന്‍ വിധേയയായതായി അവര്‍ പരാതിയില്‍ പറയുന്നു.