Don't Miss

കരണം പൊട്ടിച്ചു ജനം; ക്യാപ്റ്റനും പരിവാരങ്ങളും മടങ്ങി

കൊച്ചി: തൃക്കാക്കരയില്‍ സെഞ്ചുറിയടിക്കാന്‍ വന്ന ക്യാപ്റ്റനെയും പരിവാരങ്ങളെയും ജനം കരണത്തടിച്ചു തലസ്ഥാനത്തേക്ക് മടക്കിയയച്ചു. മണ്ഡലത്തില്‍ സിപിഎമ്മോ കോണ്‍ഗ്രസോ സ്വപ്നം പോലും കാണാത്ത കാല്‍ലക്ഷത്തിന്റെ ഭൂരിപക്ഷം പ്രബുദ്ധ കേരളത്തിലെ വോട്ടര്‍മാര്‍ നല്‍കുന്ന വലിയ സന്ദേശമാണ്. കെ റെയിലെന്നും സില്‍വര്‍ലൈന്നുമൊക്കെ പറഞ്ഞു പാവങ്ങളുടെ അടുക്കളയില്‍ വരെ കല്ലിടുകയും ജനവിരുദ്ധതയുടെയും ദാര്‍ഷ്ട്യത്തിന്റെയും സ്വരവുമായി ഒരു പരിപ്പും വേവിക്കാനാവില്ലെന്നു ഒരിക്കല്‍ക്കൂടി അടിവരയിട്ടു പറഞ്ഞിരിക്കുകയാണ് കേരള ജനത.

ഇത് വെറും ഉപതെരഞ്ഞെടുപ്പോ, തൃക്കാക്കരയിലെ ജനങ്ങളുടെ വൈകാരികതയോ ആയി കുറച്ചു കാണേണ്ടതില്ല. കൊച്ചി നഗരത്തെ പ്രതിനിധാനം ചെയ്യുന്ന വലിയൊരു സമൂഹത്തിന്റെ സമകാലിക ഭരണത്തോടും നയങ്ങളോടും ഉള്ള പ്രതിഷേധം കൂടിയാണിത്. ഒപ്പം പിടി തോമസ് എന്ന ജനാധിപത്യ, മതേതര വാദിയോടുള്ള സ്നേഹവും പ്രതിഫലിച്ചു. അതുകൊണ്ടുതന്നെ തൃക്കാക്കരയിലെ മിന്നുന്ന വിജയം കണ്ടു വി ഡി സതീശനോ കെ സുധാകരനോ കൊടിമരത്തില്‍ വലിഞ്ഞു കേറേണ്ടതില്ല.

99 സീറ്റു നല്‍കി ഒരു വര്‍ഷം മുമ്പ് ഇടതുമുന്നണിയെ അധികാരത്തിലെത്തിയ ജനം ഇപ്പോള്‍ തൃക്കാക്കരയിലൂടെ പിണറായി സര്‍ക്കാരിനും ഇടതു മുന്നണിയ്ക്കും വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. സാറ്റലൈറ്റിലൂടെ 'ഉല്‍ക്കമോഡല്‍' കല്ലിടലിനു ഇനിയും ശ്രമിക്കുന്ന സര്‍ക്കാരിന് കരണത്തുകിട്ടിയ ചൂടന്‍ അടിയായി ഇതിനെ കാണണം. തിരുത്താന്‍ ശ്രമിച്ചില്ലെങ്കില്‍ പഴയ അനുഭവങ്ങള്‍ ജനം വീണ്ടും ഓര്‍മ്മിപ്പിക്കും. ഭരണത്തുടര്‍ച്ചയുടെ അഹങ്കാരത്തില്‍ വികസനത്തിന്റെ മറവില്‍ നടക്കുന്ന ജനദ്രോഹ നടപടിയാണ് ജനത്തിന്റെ മുന്നിലുള്ളത്.

സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഉപയോഗിച്ചുള്ള കാടിളക്കിയുള്ള പ്രചാരണമായിരുന്നു തൃക്കാക്കരയില്‍ എല്‍ഡിഎഫ് നടത്തിയത്. കെ റയിലടക്കമുള്ള ഇപ്പോഴത്തെ തങ്ങളുടെ വമ്പന്‍ പദ്ധതികള്‍ക്ക് ജനം ലൈസന്‍സ് നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നു പിണറായിയും കൂട്ടരും. അതുകൊണ്ടു ജയത്തിനായി എല്ലാ കളികളും നടത്തി. മന്ത്രിമാരും ഭൂരിഭാഗം എംഎല്‍എ മാരും മണ്ഡലത്തില്‍ തമ്പടിച്ചു പ്രവര്‍ത്തിച്ചു, വര്‍ഗീയ കാര്‍ഡിറക്കിയാണ് തന്ത്രം മെനഞ്ഞത്. സഭയെ വീഴ്ത്താന്‍ ഒരു കുഞ്ഞാടിനെ പാര്‍ട്ടി ചിഹ്നത്തില്‍ കെട്ടിയിറക്കി. മറ്റു സമുദായത്തെ വേണ്ടപോലെ പ്രീതിപ്പെടുത്താനും ശ്രമിച്ചു, കൂടെ അധിക്ഷേപവും വിവാദവും സൈബര്‍ ആക്രമണവും വേണ്ട അളവില്‍ ചേര്‍ത്തു.

ഒരു മാസമായി കേരളത്തിന്റെ തലസ്ഥാനം തൃക്കാക്കരയായി മാറുകയായിരുന്നു. എന്നാല്‍ കേരളത്തിലെ ജനത്തിന്റെ അടുത്ത് വര്‍ഗീയ കാര്‍ഡ് വിലപ്പോവില്ലെന്നു ആര്‍ക്കാണ് അറിയാത്തത്. ബിജെപിയുടെ മണ്ഡലത്തിലെ തങ്ങളുടെ വോട്ടറിഞ്ഞു. അതിനു ആനുപാതികമായി ആയി മതി കേരളത്തിലെ അവരുടെ ശബ്ദ മലിനീകരണം.

തൃക്കാക്കരയിലെ ജനത്തിന്റെ പള്‍സറിയാന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് മാത്രമല്ല , അന്തിചര്‍ച്ചകളില്‍ ആര്‍ത്തട്ടഹസിക്കുന്ന ചാനല്‍ ജഡ്ജിമാര്‍ക്കുപോലും കഴിഞ്ഞില്ല. അവരുടെ ചര്‍ച്ചകളും വിശകലനങ്ങളും എത്രമാത്രം പൊള്ളയായിരുന്നെന്നു ഈ തെരഞ്ഞെടുപ്പുഫലം വിളിച്ചു പറയുന്നു.

തൃക്കാക്കരയിലെ മണ്ണിലാണ് 2017 ല്‍ മലയാളത്തിലെ പ്രമുഖ നടിയെ കേട്ട് കേള്‍വിയില്ലാത്ത ബലാല്‍സംഗ ക്വട്ടേഷന് ഇരയാക്കിയത്. അന്ന് അന്വേഷണം പ്രാരംഭഘട്ടത്തില്‍ ഇരിക്കെയാണ് ഇത് ഒരാളുടെ ബുദ്ധിയില്‍ തോന്നിയ കാര്യം എന്ന് മുഖ്യമന്ത്രി തട്ടിവിടുന്നത്. പിന്നീടാണ് ദിലീപിനെ പിടികൂടേണ്ടിവന്നത്. ആ സംഭവം പുറത്തുവരാന്‍ തന്നെ കാരണം പിടി തോമസിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു. അഞ്ചുവര്‍ഷമായിട്ടും അതിജീവിതയായ ആ നടിയെ അപമാനിക്കാനും കേസ് അട്ടിമറിക്കാനും ഉള്ള നാടകങ്ങള്‍ നടക്കുന്നു. ഒടുവില്‍ നടിയ്ക്ക് നീതി തേടി ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നു. ഇതിനും കൂടിയുള്ള മറുപടിയാണ് തൃക്കാക്കരയിലേത്.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions