നടി ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ അറസ്റ്റിലായ വിജയ് ബാബുവിനായി അരയും തലയും മുറുക്കി 'അമ്മ' എക്സിക്യുട്ടീവ്. 'അമ്മ' ജനറല്‍ ബോഡി യോഗത്തിലാണ് 'അമ്മ' ഒരു ക്ലബ്ബാണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു വിശേഷിപ്പിച്ചത്. വിജയ് ബാബു കൊച്ചിയിലെ പത്തോളം ക്ലബ്ബുകളിലും അംഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചു. ഇതോടെ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനായി രംഗത്തിറങ്ങിയ 'അമ്മ ഭാരവാഹികളുടെ തനിനിറം ഒരിക്കല്‍ക്കൂടി പുറത്തുവന്നു. തങ്ങളുടെ സംഘടനയിലെ നടിമാരുടെ പരാതികളും ആവശ്യങ്ങളും ചവറ്റുകുട്ടയിലെറിഞ്ഞാണ് 'വിജയ് ബാബുമാര്‍ വാഴുന്ന ക്ലബ്' ആയി 'അമ്മ മാറിയിരിക്കുന്നത്. അവിടെ ഇരകളല്ല വേട്ടക്കാരാണ് ഇഷ്ടക്കാര്‍.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനായി ശക്തമായി വാദിച്ച ആളായ നടനും എം.എല്‍.എയുമായ ഗണേഷ് കുമാര്‍ വരെ വിജയ ബാബുവിന്റെ രാജി ആവശ്യപ്പെട്ടുകഴിഞ്ഞു. മാത്രമല്ല ഇടവേള ബാബുവിന്റെ ക്ലബ് എന്ന പരാമര്‍ശം തിരുത്താത്ത മോഹന്‍ലാലിനെതിരെയും ഗണേഷ് രംഗത്തുവന്നു. ഇടവേള ബാബു അങ്ങനൊരു പ്രസ്താവന നടത്തിയിട്ടും സംഘടനയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ അത് തിരുത്തിയില്ല എന്നു ഗണേഷ് പറഞ്ഞു.
ഇടവേള ബാബു തന്റെ പ്രസ്താവന പിന്‍വലിച്ചുകൊണ്ട് മാപ്പ് പറയണം, 'അമ്മ' ക്ലബ് ആയെങ്കില്‍ താന്‍ രാജിവയ്ക്കും. ഒരു ക്ലബ്ബിലും അംഗമായിരിക്കാന്‍ താല്പര്യമില്ല എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സാധാരണ ക്ലബ്ബുകളില്‍ കാണുന്നത് പോലെ ചീട്ടുകളിക്കാനുള്ള സൗകര്യവും ബാറിനുള്ള സൗകര്യവും 'അമ്മ'യില്‍ ഒരുക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വലിയ ആശങ്കയുണ്ട്. തന്റെ അറിവില്‍ 'അമ്മ' ഒരു ചാരിറ്റബിള്‍ സംഘടനയാണ്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒരു ചാരിറ്റബിള്‍ സംഘടനായി ആണ് ചെയ്തത്. ഏതെങ്കിലും സാഹചര്യത്തില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് ഇടവേള ബാബുവും 'അമ്മ'യുടെ പ്രസിഡന്റ് മോഹന്‍ലാലും വ്യക്തമാക്കണം എന്നുമാണ് ഗണേഷ് പറഞ്ഞത്.
'അമ്മ' ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശം കേട്ടപ്പോള്‍ വളരെ വേദന തോന്നി. 'അമ്മ'യില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ വാര്‍ദ്ധക്യത്തില്‍ കഷ്ടപ്പെടാന്‍ പാടില്ല, അവര്‍ക്കൊരു സഹായവും താങ്ങും തണലും ആകണം എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന തുടങ്ങിയത്. ആ സാഹചര്യത്തില്‍ ഈ സംഘടന ക്ലബ് ആക്കിയിട്ടില്ലങ്കില്‍ ഇടവേള ബാബു തന്റെ പരാമര്‍ശം പിന്‍വലിച്ച് 'അമ്മ'യിലെ അംഗങ്ങളോടും പൊതു സമൂഹത്തോടും മാപ്പ് പറയണം.' ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം നടന്ന 'അമ്മ'യുടെ വാര്‍ഷിക പൊതുയോഗത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തിലാണ് ഇടവേള ബാബു പ്രസ്താവന നടത്തിയത്.
ദിലീപ് രാജിവെച്ചപോലെ വിജയ് ബാബു രാജിവയ്ക്കണമെന്നും ഗണേഷ് പറഞ്ഞു.
'അതിജീവിത പറയുന്ന കാര്യം അമ്മ ശ്രദ്ധിക്കണം. അതിജീവിത പറഞ്ഞ വിഷയത്തില്‍ അമ്മ മറുപടി നല്‍കണം. ആരോപണ വിധേയന്‍ ഗള്‍ഫിലേക്ക് പോയപ്പോള്‍ ഇടവേള ബാബു ഒപ്പമുണ്ടായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു.' ആരോപണ വിധേയന്‍ നിരവധി ക്ലബുകളില്‍ അംഗമാണെന്ന് അമ്മ പറയുന്നത് ആര്‍ക്ക് വേണ്ടി എന്ന ചോദ്യമാണ് ഗണേഷ് ഉയര്‍ത്തുന്നത്. ഇതോടെ വിഷയത്തില്‍ സംഘടന രണ്ടു തട്ടിലാണെന്നു വ്യക്തമായിരിക്കുകയാണ്.