ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതി തീരുവയില്‍ വന്‍ വര്‍ധന. 7.5 ശതമാനമായിരുന്ന ഇറക്കുമതി തീരുവ കേന്ദ്രം അഞ്ച് ശതമാനം വര്‍ധിപ്പിച്ച് 12.5 ശതമാനമാക്കി. സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയ്ക്കാനും അതിലൂടെ രൂപയുടെ തകര്‍ച്ച തടയാനുമാണ് കേന്ദ്രധനമന്ത്രാലയം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്. അഞ്ച് ശതമാനമാണ് തീരുവ വര്‍ദ്ധിപ്പിച്ചിരിക്കുന്നത് എന്ന് പറയുമെങ്കിലും ജിഎസ്ടിയും കാര്‍ഷിക സെസും കൂട്ടി നികുതി 15 ശതമാനമായി ഉയരുന്നതാണ്.
ഇതോടെ ഒരു കിലോ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ രണ്ടര ലക്ഷം രൂപ അധികമായി ആവശ്യമായി വരും. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നായിരുന്നു വ്യാപാരികള്‍ ആവശ്യമുന്നയിച്ചിരുന്നത്. എന്നാല്‍ ഈ ആവശ്യം തള്ളിക്കൊണ്ടാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ തീരുമാനം. ഇത് സ്വര്‍ണ കള്ളക്കടത്തുകാര്‍ക്കു വലിയ നേട്ടമാകുമെന്നു വിമര്‍ശനമുണ്ട്. ഇപ്പോള്‍ തന്നെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു വലിയ രീതിയില്‍ സ്വര്‍ണകടത്തു നടക്കുന്നുണ്ട്. തീരുവയിലെ വന്‍ വര്‍ധന കള്ളക്കടത്തിന് വലിയ സാധ്യതയാണ് തുറന്നിടുന്നത്. പരിശോധന കാര്യക്ഷമമാകാത്ത പക്ഷം ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു വലിയ ഭീഷണിയാകും.
ഇറക്കുമതി തീരുവയില്‍ വന്‍ വര്‍ധന വന്നതോടെ പവന് ഒറ്റദിവസം 960 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,280 രൂപയായി. ഗ്രാമിന് 120 രൂപയായും ഉയര്‍ന്നു. അതേസമയം രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് തുടരുന്നത്. സ്വര്‍ണത്തിനുള്ള ഡിമാന്റ് കൂടുന്നത് രൂപയ്ക്കും ഭീഷണിയാണ്
കയറ്റുമതി ചെയ്യുന്ന ഡീസലിന്റെയും പെട്രോളിയത്തിന്റെയും വിമാന ഇന്ധനത്തിന്റെയും നികുതി വര്‍ധിപ്പിച്ചിട്ടുണ്ട് . പെട്രോളിന് അഞ്ചുരൂപയും ഡീസലിന് 12 രൂപയും വിമാന ഇന്ധനത്തിന് 6 രൂപയുമാണ് കൂട്ടിയിരിക്കുന്നത്.