പകര്‍ച്ചപ്പനിയും കോവിഡും രൂക്ഷമാകുന്നതിനിടെ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ നേരിടുന്നതു കടുത്ത മരുന്നുക്ഷാമം. ജീവന്‍രക്ഷാ മരുന്നുകളടക്കം മിക്ക മരുന്നുകളും സ്റ്റോക്ക് ഇല്ല. ആശുപത്രി ഫാര്‍മസികളിലെത്തുന്ന രോഗികളുടെ മുന്നില്‍ കൈമലര്‍ത്തുകയാണ് ആശുപത്രി ജീവനക്കാര്‍.
അവശ്യമരുന്നുകള്‍ പോലും കിട്ടാതെ വലയുന്ന സാധാരണക്കാരായ രോഗികള്‍ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍നിന്നു വന്‍തുക നല്കി മരുന്നു വാങ്ങേണ്ട ഗതികേടിലാണ്. സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളുടെ കൊള്ളയാണ് നടക്കുന്നത്.
മരുന്നുക്ഷാമം തുടങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നു യാതൊരു നടപടിയുമില്ല. പകര്‍ച്ചപ്പനിയും കോവിഡും വ്യാപകമായതോടെ ഡ്രിപ്പ് ആയി നല്കാവുന്ന ഐവി പാരസെറ്റമോള്‍, ചുമയ്ക്ക്ള്ള സിറപ്പുകള്‍ എന്നിവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. അത്യാഹിത വിഭാഗത്തിലടക്കം ഇവ സ്റ്റോക്കില്ല.
ജീവന്‍രക്ഷാ മരുന്നായി ഉപയോഗിക്കുന്ന, അത്യാഹിത വിഭാഗങ്ങളിലും ഐസിയുവിലും അടക്കം ഒഴിവാക്കാനാകാത്ത മരുന്നുകളായ അഡ്രിനാലിനും നോര് അഡ്രിനാലിനും കടുത്ത ക്ഷാമമാണ്. അടിയന്തര ഘട്ടത്തില്‍ ഇതും പുറത്തുനിന്നു വാങ്ങിപ്പിക്കുകയാണ്.
രക്തം കട്ടപിടിക്കാതിരിക്കാന്‍ ഹൃദ്രോഗികള്‍ക്ക് നല്കുന്ന ആസ്പിരിന്‍ 75, ഉയര്‍ന്ന രക്ത സമ്മര്‍ദത്തിന് നല്കുന്ന റാമിപ്രില്‍, കൊളസ്ട്രോളിന് നല്കുന്ന അറ്റോവ സ്റ്റാറ്റിന് 20, പിപ്റ്റാസ്, സെഫ്ട്രിയാക്സോണ് തുടങ്ങി മിക്ക ആന്റിബയോട്ടിക് ഇന്‍ജക്ഷനുകളും ലഭ്യമല്ല.
ഇന്‍സുലിന്‍, ശിശുരോഗ, ഹൃദ്രോഗ, അര്‍ബുദ ചികിത്സക്കുള്ള മരുന്നുകള്‍ക്കും കടുത്ത ക്ഷാമമാണ്. പ്രമേഹ രോഗ ക്ലിനിക്കുകള്‍ പലതും മരുന്നില്ലാതെയാണു പ്രവര്‍ത്തിക്കുന്നത്. ഇന്‍സുലിനടക്കം വാങ്ങാന്‍ കഴിയാത്ത പലരുടെയും ചികിത്സയും മുടങ്ങുന്നു. വലിയ വിലകൊടുത്ത് മരുന്നു പുറമേനിന്നു വാങ്ങേണ്ടി വരുന്ന പലരും ആ മരുന്നുകള്‍ വാങ്ങാതെ പോകുന്ന സാഹചര്യമാണുള്ളത്.
കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ സപ്ലൈ മുടങ്ങിയതാണു മരുന്നുകള്‍ക്കു ക്ഷാമം വരാന്‍ കാരണമെന്നാണു ആരോഗ്യവിഭാഗം പറയുന്നത്.