ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം വഴി തോക്കു കടത്ത്. വിയറ്റ്‌നാമില്‍ നിന്നെത്തിയ ഇന്ത്യന്‍ ദമ്പതികളുടെ ബാഗുകളില്‍ നിന്ന് 45 തോക്കുകള്‍ പിടിച്ചെടുത്തു. 22.5 ലക്ഷം രൂപ വില വരുന്ന തോക്കുകളാണ് ട്രോളി ബാഗുകളില്‍ നിന്ന് കണ്ടെടുത്തത്.
തോക്കുകള്‍ യഥാര്‍ത്ഥമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. മോഡിഫിക്കേഷന് ശേഷം മാത്രമേ ഇവ ഉപയോഗിക്കാന്‍ കഴിയുടെന്നാണ് പ്രഥമിക നിഗമനം.
തിങ്കളാഴ്ചയാണ് 41 വയസ്സുള്ള പുരുഷനും 32 വയസ്സുള്ള സ്ത്രീയും ആറ് മാസം പ്രായമുള്ള പെണ്‍കുട്ടിയുമൊത്ത് വിയറ്റ്‌നാമില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. ഗ്രീന്‍ചാനല്‍ വഴി കടന്നുവന്ന ഇവരുടെ ബാഗ് കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് തോക്കുകള്‍ കണ്ടെത്തിയത്.
ദമ്പതികള്‍ വിമാനത്താവളത്തില്‍ എത്തിയ സമയം തന്നെ ഇവരുടെ സഹോദരനും പാരീസില്‍ നിന്ന് എത്തിയിരുന്നു. യുവാവിന്റെ പക്കല്‍ രണ്ട് ട്രോളി ബാഗുകള്‍ ഉണ്ടായിരുന്നു. സഹോദരാണ് ഇവ കൈമാറിയത്. തുടര്‍ന്ന് ഇയാള്‍ വിമാനത്താവളത്തില്‍ നിന്ന് കടന്നുകളഞ്ഞു. ഇവരുടെ ഗൂഢാലോചനയില്‍ പങ്കാളിയായിരുന്ന സ്ത്രീ ഉടന്‍ തന്നെ ബാഗുകളുടെ ടാഗുകള്‍ മാറ്റാന്‍ ഭര്‍ത്താവിനെ സഹായിച്ചുവെന്നും കസ്റ്റംസ് അധികൃതര്‍ പറയുന്നു. ദമ്പതികളെ കസ്റ്റംസ് അറസ്റ്റു ചെയ്തു. ഇവരുടെ കുട്ടിയെ മുത്തശ്ശിക്ക് കൈമാറി. കേസില്‍ അന്വേഷണം തുടരുകയാണെന്നും കസ്റ്റംസ് അറിയിച്ചു.
മുന്‍പും തോക്ക് കടത്തിയിട്ടുണ്ടെന്ന് ദമ്പതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. 25 തോക്കുകളാണ് നേരത്തെ കടത്തിയത്. തുര്‍ക്കിയില്‍ നിന്നാണ് മുന്‍പ് തോക്ക് കൊണ്ടുവന്നതെന്ന് ഇവര്‍ പറയുന്നു. അന്ന് 12.5 ലക്ഷം രൂപ വിലമതിക്കുന്ന തോക്കുകളാണ് കടത്തിയത്.