കൊല്‍ക്കൊത്ത: തൃണമൂല്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ വിശ്വസ്ത, നടിയും മോഡലുമായ അര്‍പ്പിത മുഖര്‍ജിയുടെ മറ്റൊരു ഫ്ലാറ്റില്‍ നിന്നും 20 കോടിയും സ്വര്‍ണവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പിടിച്ചു. ബുധനാഴ്ച അര്‍പ്പിതയുടെ ബെല്‍ഗോറിയയിലെ വീട്ടില്‍ നിന്നും ആണ് വീണ്ടും നോട്ടുകളും സ്വര്‍ണവും പിടിച്ചെടുത്തത്. അഞ്ച് നോട്ടെണ്ണല്‍ യന്ത്രങ്ങളുപയോഗിച്ചാണ് ബാങ്കുദ്യോഗസ്ഥര്‍ തുക എണ്ണിത്തിട്ടപ്പെടുത്തിയത്. ആകെ പിടിച്ചെടുത്ത നോട്ടുകള്‍ മാത്രം 41 കോടി രൂപയായി.
അധ്യാപിക തസ്തിക വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വാങ്ങിയ കൈക്കൂലി പണമാണിത്. അര്‍പ്പിത മുഖര്‍ജിയുടെ ഉടമസ്ഥതയിലുള്ള ക്ലബ് ടൗണ്‍ ഹൈറ്റ്സിലെ ഫ്ലാറ്റില്‍ നിന്നും മൂന്ന് കിലോസ്വര്‍ണ്ണവും വെള്ളിനാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. രണ്ട് ദിവസം മുന്‍പ് അര്‍പ്പിത മുഖര്‍ജിയുടെ ടോളിഗഞ്ചിലെ ഫ്ളാറ്റില്‍ നിന്നും ഇഡി പിടിച്ചെടുത്ത 21.9 കോടി രൂപ നിരവധി വോട്ടെണ്ണല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് രണ്ട് ദിവസം കൊണ്ടാണ് ബാങ്കുദ്യോഗസ്ഥര്‍ എണ്ണിത്തിട്ടപ്പെടുത്തിയത്.
അറിയപ്പെടാത്ത ഒരു മോഡലും കലാകാരിയുമായ അര്‍പ്പിത മുഖര്‍ജി ബെല്‍ഗോറിയയിലെ വീട്ടില്‍ സാധാരണ ജീവിതമാണ് നയിച്ചിരുന്നത്. എന്നാല്‍ മന്ത്രിയുമായി അടുത്തതോടെ സിനിമാനടിയായും സിനിമ നിര്‍മ്മാതാവായും ഉയര്‍ന്നു. തെക്കന്‍ കൊല്‍ക്കത്തയില്‍ സമ്പന്നര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ നിരവധി ആഡംബര ഫ്ലാറ്റുകള്‍ സ്വന്തമാക്കി. തികച്ചും നാടകീയമായ വളര്‍ച്ചയായിരുന്നു മമതയുടെ വലംകൈയായ തൃണമൂല്‍ മന്ത്രിയുടെ സഹായത്തോടെ അര്‍പ്പിത നേടിയത്.
'പണം സൂക്ഷിച്ചിരുന്ന മുറിയില്‍ പാര്‍ത്ഥ ചാറ്റര്‍ജിക്കും കൂട്ടര്‍ക്കും മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. 10 ദിവസത്തിലൊരിക്കല്‍ അവര്‍ വന്നിരുന്നു. പാര്‍ഥ തന്റെയും മറ്റൊരു സ്ത്രീയുടെയും വീട് 'മിനി ബാങ്കാ'യി ഉപയോഗിച്ചു. ആ സ്ത്രീ പാര്‍ത്ഥയുടെ അടുത്ത സുഹൃത്ത് കൂടിയാണ്'– അര്‍പ്പിത മുഖര്‍ജി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
പാര്‍ത്ഥ ചാറ്റര്‍ജിയെയും അര്‍പ്പിത മുഖര്‍ജിയെയും ശനിയാഴ്ച ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും ഓഗസ്റ്റ് മൂന്നു വരെ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന മന്ത്രിയും മമതയുടെ അടുത്ത സഹായിയുമാണ് പാര്‍ത്ഥ ചാറ്റര്‍ജി.