തിരുവനന്തപുരം: സഹകരണസംഘങ്ങള്‍, അഥവാ സഹകരണ പ്രസ്ഥാനങ്ങള്‍ കേരളത്തിന്റെ അഭിമാനമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. നാട്ടിലെ ജനങ്ങള്‍ക്ക് എപ്പോഴും ആശ്രയിക്കാവുന്ന, അവര്‍ക്കു കൈത്താങ്ങായിരുന്ന പ്രസ്ഥാനങ്ങള്‍. നാട്ടിലെ സഹകാരികള്‍ ജീവനും ജീവിതവും കൊടുത്തു കരുപ്പിടിപ്പിച്ച സഹകരണ പ്രസ്ഥാനങ്ങളില്‍ രാഷ്ട്രീയക്കാരും പാര്‍ട്ടികളും വേരിറക്കിയതോടെ അത് കൊള്ളയ്ക്കും വെട്ടിപ്പിനും ഉള്ള വേദിയായി. അതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്.
പാവപ്പെട്ടവരും സാധാരണക്കാരും ഉള്ളതൊക്കെ നുള്ളിപ്പെറുക്കി തങ്ങളുടെ പ്രദേശത്തെ സഹകരണബാങ്കുകളില്‍ ഇട്ടിട്ടു അവര്‍ക്കു അത്യാവശ്യം വരുമ്പോള്‍ അത് കിട്ടാത്ത സ്ഥിതിയിലെത്തി കാര്യങ്ങള്‍ ചെകിത്സയ്‌ക്കും വിവാഹത്തിനും വിദ്യാഭ്യാസത്തിനും ആയി തങ്ങളുടെ നിക്ഷേപം കിട്ടാതെ വലയുന്ന ആയിരക്കണക്കിന് പേരുടെ കഥകളാണ് പുറത്തുവരുന്നത്. ജനങ്ങളുടെ പണമെടുത്തു ബിനാമി പേരുകളില്‍ വായ്പയെടുത്തു കൂട്ടിയ ഭരണസമിതിക്കാര്‍, നാട്ടുകാര്‍ വായ്പ്പക്കായി വച്ച ആധാരങ്ങളെടുത്തു അവരുപോലും അറിയാതെ അതില്‍ വേറെയും വായ്പ എടുത്തവര്‍... അങ്ങനെ തങ്ങള്‍ക്കു കിട്ടാത്ത ലക്ഷങ്ങള്‍ക്ക് ബാധ്യതയായവര്‍. ഭൂമിക്കു ഇല്ലാത്ത മൂല്യം ചാര്‍ത്തി പണം തട്ടിയവരും നിരവധി.
കാലാവധി കഴിഞ്ഞ നിക്ഷേപം തിരികെനല്‍കാത്ത 164 സഹകരണസംഘങ്ങള്‍ സംസ്‌ഥാനത്തുണ്ടെന്നു സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സഹകരണമന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ വെളിപ്പെടുത്തിയതാണിത്.
തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടായിട്ടും ചികിത്സയ്‌ക്കു പണമില്ലാതെ ഫിലോമിനയെന്ന വയോധിക മരിച്ചതു വിവാദമായതിനു പിന്നാലെയാണു പ്രതിസന്ധിയിലായ മറ്റ് സഹകരണസംഘങ്ങളുടെ കണക്ക് പുറത്തുവന്നത്. ഇത്തരം സംഘങ്ങളില്‍ ചെറുതും വലുതുമായ നിക്ഷേപങ്ങള്‍ നടത്തിയ നൂറുകണക്കിനു പേര്‍ പ്രതിസന്ധിയിലാണ്.
കാലാവധി പൂര്‍ത്തിയായ നിക്ഷേപം തിരിച്ചുകൊടുക്കാത്ത സംഘങ്ങള്‍ കൂടുതലുള്ളതു തലസ്‌ഥാനജില്ലയിലാണ്. 100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സഹകരണ ബാങ്ക് ഉള്‍പ്പെടെ 37 എണ്ണം. കൊല്ലം-12, പത്തനംതിട്ട, ആലപ്പുഴ- 15 വീതം, കോട്ടയം-22, തൃശൂര്‍-11, മലപ്പുറം-12 എന്നിങ്ങനെയാണു മറ്റ് ജില്ലകളില്‍ പ്രതിസന്ധിയിലായ സഹകരണസംഘങ്ങളുെട കണക്ക്.
നിക്ഷേപ ഗ്യാരന്റി (2018) പദ്ധതിപ്രകാരം രണ്ടുലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്കാണു നിലവില്‍ സുരക്ഷയുള്ളത്. ഈപരിധി അഞ്ചുലക്ഷമാക്കി ഉയര്‍ത്തുമെന്നും മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു. ധനവിനിയോഗത്തിലെ ക്രമക്കേട് മുതല്‍ വായ്‌പയെടുത്തവര്‍ യഥാസമയം തിരിച്ചടയ്‌ക്കാത്തതുവരെ സംഘങ്ങളുടെ പ്രതിസന്ധിക്കു കാരണമാണ്.
കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത തട്ടിപ്പായിരുന്നു കരുവന്നൂര്‍ ബാങ്കില്‍ നടന്നത്. തട്ടിപ്പ് പുറത്തുവന്നിട്ട് ഒരു വര്‍ഷം പിന്നിട്ടു. 11,000ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപമാണ് ബാങ്ക് നേതൃത്വം വിഴുങ്ങിയത്. ഒരുവര്‍ഷം തികഞ്ഞിട്ടും കുറ്റപത്രം നല്‍കാനായിട്ടില്ല. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. കോടികള്‍ കവര്‍ന്ന സിപിഎം നേതാക്കളായ 11 ബാങ്ക് ഭരണ സമിതിയംഗങ്ങളെയും ജീവനക്കാരും ഇടനിലക്കാരുമായ ആറുപേരെയും അറസ്റ്റ് ചെയ്തു എന്നതാണ് ഏക നടപടി. ഇതില്‍ ഒരു ജീവനക്കാരിയും ബാങ്ക് ഭരണ സമിതിയംഗങ്ങളും ജാമ്യത്തിലിറങ്ങി.
തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത 16 സഹകരണ ഉദ്യോഗസ്ഥരെയും ഇതിനകം തിരിച്ചെടുത്തു. 312.71 കോടി നിക്ഷേപിച്ച 11000-ത്തില്‍പ്പരം പേര്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് കഴിയുകയാണ്. ബഹുഭൂരിപക്ഷവും പെന്‍ഷന്‍ പണം നിക്ഷേപിച്ചവരാണ്. പലര്‍ക്കും ചികിത്സയ്ക്കുപോലും വഴിയില്ല. കണ്‍സോര്‍ഷ്യമുള്‍പ്പടെയുള്ള സര്‍ക്കാര്‍ വാഗ്ദാനങ്ങളിലായിരുന്നു ഇവരുടെ പ്രതീക്ഷ. പക്ഷേ, അതെല്ലാം പാഴായി. ഒരാള്‍ക്കും ഒരുപൈസപോലും നഷ്ടപ്പെടില്ലെന്ന് മന്ത്രിയുടെ ഉറപ്പുമുണ്ടായിട്ടും സഹായമായും കടമായും ഒരു രൂപപോലും കിട്ടിയില്ല. കാലങ്ങളായി സിപിഎം. ഭരിച്ചിരുന്ന ബാങ്കായിരുന്നു ഇത്. ലീഗും കോണ്‍ഗ്രസും അടക്കമുള്ളവ നേതൃത്വം കൊടുക്കുന്ന ചില ബാങ്കുകളും സമാന വഴിയിലാണ്.