കണ്ണൂര്‍: തളിപ്പറമ്പില്‍ എല്‍പി സ്കൂളിലെ അഞ്ച് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ സ്കൂള്‍ അധ്യാപകനെ 79 വര്‍ഷം കഠിന തടവിനും 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. പെരിങ്ങോം ആലപ്പടമ്പ ചൂരല്‍ സ്വദേശി പി.ഇ.ഗോവിന്ദന്‍ നമ്പൂതിരിയെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്.
2013 ജൂണ്‍ മുതല്‍ 2014 ജനുവരി വരെ സ്കൂളിലെ അഞ്ചാം ക്ലാസ് മുറിയില്‍ വച്ചാണ് ഗോവിന്ദന്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും അക്കാര്യം അധികൃതരെ അറിയിക്കാതിരുന്നതിന് സ്കൂള്‍ പ്രധാന അധ്യാപിക, ഹെല്‍പ് ഡെസ്ക് ചുമതലയുള്ള അധ്യാപിക എന്നിവരെയും പ്രതി ചേര്‍ത്തിരുന്നുവെങ്കിലും ഇവരെ വെറുതെ വിട്ടു.
സംഭവത്തിനു ശേഷം ഗോവിന്ദനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തിരുന്നു. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി പി.മുജീബ് റഹ്മാനാണ് വിധി പറഞ്ഞത്.