Don't Miss

കണ്ടാലും കണ്ടാലും മതിവരാത്ത സ്‌കോട്ട് ലന്‍ഡ്‌- യാത്ര വിവരണം

എത്രയേറെ കണ്ടാലും മതി വരാത്ത അപൂര്‍വ്വ സുന്ദരമായ പ്രദേശം. കടലും കടല്‍ത്തീരവും ഒത്തിരി കണ്ട്‌ വളര്‍ന്നതുകൊണ്ട്‌,..,, അല്ലെങ്കില്‍ ബോറടിച്ചിട്ടാകും, മലകളും താഴ്‌വാരങ്ങളും എന്നും എന്റെ ഇഷ്ടങ്ങളില്‍ കടന്നു കൂടിയത്‌. രണ്ടാമത്തെ തവണയാണു സ്‌കോട്ട് ലന്‍ഡിലേക്ക്‌ ഒരു യാത്ര പോകുന്നത്‌. ആദ്യ തവണ പോയത്‌ 2017-ലാണ് . അന്ന് എഡിന്‍ബറോയും സമീപ പ്രദേശങ്ങളിലുമായിരുന്നു കൂടുതല്‍ യാത്ര ചെയ്തത്‌ എങ്കില്‍ ഇത്തവണ ഗ്ലാസ്ഗോയുടെ സമീപ സ്ഥലങ്ങളിലായിരുന്നു യാത്രകള്‍ പ്ലാന്‍ ചെയ്തത്‌.


മലകളും താഴ്‌വാരങ്ങളും.. അങ്ങനെ മാത്രമേ സ്‌കോട്ട് ലന്‍ഡിനെ വിശേഷിപ്പിക്കാന്‍ കഴിയൂ. എത്ര കണ്ടാലും മതി വരില്ല. ആദ്യം കാണുന്ന മല വലുത്‌ എന്ന് നാം കരുതുമ്പോള്‍ അതാ വരുന്നു അടുത്ത അതിലും വലിയ മല.

അങ്ങനെ കാഴ്ചകള്‍ കണ്ട്‌ ഒരു റോഡ്‌ ട്രിപ്പായ്‌ സ്കോട്ട്ലന്‍ഡ് കണ്ടു തീര്‍ക്കണം. നിര്‍ഭാഗ്യവശാല്‍ സ്‌കോട്ട് ലന്‍ഡിലെ വളരെ പ്രശസ്തമായ നോര്‍ത്ത്‌ കോസ്റ്റ്‌ 500 എന്ന റൂട്ടില്‍ ഇതുവരെ പോകാന്‍ സാധിച്ചിട്ടില്ല. കുറെ കാലമായി എന്റെ ബക്കറ്റ്‌ ലിസ്റ്റില്‍ അത്‌ കിടപ്പുണ്ട്‌. അത് ഇനിയൊരിക്കലാവട്ടെ.

ഞങ്ങള്‍ ഇത്തവണ സ്‌കോട്ട് ലന്‍ഡില്‍ താമസിക്കാനായി തിരെഞ്ഞെടുത്ത സ്ഥലം ഫിന്‍ട്രി എന്ന വില്ലേജാണ്. അവിടെ ഒരു ഫാമിനോട്‌ ചേര്‍ന്നുള്ള ഒരു കാബിന്‍ റൂം. ചുറ്റിനും മലനിരകളും പുല്‍മേടുകളില്‍ മേയുന്ന ചെമ്മരിയാടുകളും പശുക്കളും. അവിടെ എത്തിയ ദിവസം ചെറിയ മഴയുണ്ടായിരുന്നു.


മലകള്‍ക്ക്‌ മേലേ , മേഘക്കൂട്ടങ്ങള്‍ക്കിടയിലൂടെ മഞ്ഞ്‌ അരിച്ചിറങ്ങുന്ന കാഴ്ച അതീവസുന്ദരമായിരുന്നു. തികച്ചും ഒറ്റപ്പെട്ട താമസം. നഗരത്തിന്റെ തിരക്കുകള്‍ ഒന്നുമില്ലാതെ ശാന്തസുന്ദരമായ്‌ കുറച്ചു നാളുകള്‍ താമസിക്കാന്‍ ഉള്ള ഇടം തന്നെ. നന്നായ്‌ വിശ്രമിച്ചു.

പിറ്റേന്ന് ഞങ്ങള്‍ പോയത്‌ kelpies park ലേക്കായിരുന്നു. 30 മീറ്റര്‍ ഉയരത്തിലുള്ള, രണ്ട്‌ കുതിരകളുടെ ശിരസ്സുകളാണു ഇവിടെ ശില്‍പ്പങ്ങളായുള്ളത്‌‌. ഫാല്‍കിര്‍ക്ക്‌, ഗ്രെഞ്ച്മൗത്ത്‌ എന്നീ സ്ഥലങ്ങളുടെ മദ്ധ്യപ്രദേശത്താണു ഈ ശില്‍പ്പ ഗാംഭീര്യം സ്ഥിതി ചെയ്യുന്നത്‌.


ഫൊര്‍ത്ത്‌ ആന്‍ഡ്‌ ക്ലൈഡ്‌ കനാലിന്റെ ഭാഗമായാണു ഈ ശില്‍പ്പങ്ങള്‍ ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്‌. വളരെ ജീവസുറ്റ ശില്‍പ്പങ്ങള്‍ ഒട്ടേറെ സഞ്ചാരികളെയാണു ഇവിടേക്ക്‌ ആകര്‍ഷിക്കുന്നത്‌. പ്രശസ്ത ശില്‍പ്പിയായ ആന്‍ഡി സ്കോട്ട്‌ ആണു ഇതിന്റെ ശില്‍പ്പി. 2013 ഒക്ടോബറിലാണു നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്‌. എല്ലാം ചുറ്റി നടന്നു കണ്ടു. ചിത്രങ്ങള്‍ എടുത്തു.


സ്‌കോട്ട് ലന്‍ഡ് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ഞങ്ങള്‍ പോയത്‌ devil’s pulpit എന്ന് അറിയപ്പെടുന്ന സ്ഥലത്തേക്ക്‌ ആയിരുന്നു. കൂണിന്റെ ആകൃതിയിലുള്ള പാറക്കെട്ടുകള്‍ക്ക്‌ ഇടയിലൂടെ പതിക്കുന്ന ചെറിയ വെള്ളച്ചാട്ടം, അതിലൂടെ ഒഴുകുന്ന ഒരു അരുവി. ചെറിയ ഒരു ഗ്രാന്റ്‌ കാന്യണിന്റെ പതിപ്പാണിവിടം. ഒത്തിരി സ്കോട്ടിഷ്‌ കഥകള്‍ ഈ സ്ഥലത്തെ കുറിച്ചുണ്ട്‌‌.

Pulpit എന്നാല്‍ പ്രസംഗപീഡം എന്നാണു അര്‍ഥം. ചെകുത്താന്‍ വേദമോതാന്‍ ഉപയോഗിച്ചത്‌ ഈ പ്രസംഗപീഡമായിരിക്കുമോ? അറിയില്ല. എന്തായാലും നല്ല സ്ഥലം തന്നെ. കണ്ടിരിക്കേണ്ട സ്ഥലം !!

മൂന്നാമത്തെ ദിവസം ഞങ്ങള്‍ പോയത്‌ , സ്കോട്ട്ലന്‍ഡിലെ ഒരേയൊരു ലാവണ്ടര്‍ ഫാമിലേക്കായിരുന്നു. ലാവണ്ടര്‍ എണ്ണ ലോകപ്രശസ്തമാണ്. കുളിക്കാനും മസ്സാജിനും സോപ്പ്‌ നിര്‍മ്മാണത്തിലും കോസ്മെസ്റ്റിക്‌ വ്യവസായത്തിലും ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണു ലാവണ്ടര്‍ എണ്ണ.

ഫാമിന്റെ ഉടമസ്ഥന്‍ ലാവണ്ടര്‍ എണ്ണ നിര്‍മ്മാണത്തിന്റെ പല വിധമായുള്ള പ്രക്രിയ വിശദീകരിച്ചു തന്നു. പഴയ റോമാക്കാര്‍ക്ക്‌ അവരുടെ സ്നാന വേളകളില്‍ ഒഴിച്ചു കൂടാനാകാത്തതായിരുന്നു ലാവണ്ടര്‍ എണ്ണ. സ്നാന സ്ഥലങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന ഇംഗ്ലീഷ്‌ വാക്കായ ലവറ്ററി എന്ന പദം പോലും ഉത്ഭവിച്ചത്‌ ലാവണ്ടറില്‍ നിന്നുമായിരുന്നത്രേ.

ഒരു ചെറിയ കുന്നിന്‍ മുകളിലായിരുന്നു ലാവണ്ടര്‍ ഫാം. അവിടെ എത്തിയപ്പോള്‍ തന്നെ ലാവണ്ടറിന്റെ സുഗന്ധം. വണ്ടുകളും തേനീച്ചകളുമൊക്കെ ധാരാളമുണ്ട്‌. വിളവെടുപ്പിനു സമയമായ്‌ എന്ന് ഫാം ഉടമസ്ഥന്‍ പറഞ്ഞു. കുറെ സമയം അവിടെ ഞങ്ങള്‍ ചെലവഴിച്ചു. വൈകുന്നേരമായപ്പോഴാണു മടങ്ങിയത്‌.


നാലാമത്തെ ദിവസം ഞങ്ങള്‍ പോയത്‌ സ്‌കോട്ട് ലന്‍ഡിലെ ശുദ്ധജല തടാകമായ ലോക്ക്‌ ലോമണ്ട്‌ കാണാനായിരുന്നു. സ്കോട്ടിഷ്‌ ഭാഷയില്‍ ലേക്കിനു പറയുന്നതാണു ലോക്ക്‌. ലോക്‌ ലോമണ്ട്‌ ഒരു പ്രധാനപ്പെട്ട ശുദ്ധജല തടാകമാണു. Loch Lomond, loch awe, loch morar, loch maree, ഇവയാണു സ്കോട്ട്ലന്‍ഡിലെ പ്രധാന ലേക്കുകള്‍.

സ്കോട്ടിഷ്‌ ഹൈലാണ്ടിനും ലോലാണ്ടിനും മീതേ ഒരു അതിര്‍ത്തി പോലെയാണു ലോക്ക്‌ ലോമണ്ട്‌.
ഓക്ക്‌ മരങ്ങളും മാനുകളും നിറഞ്ഞ സ്ഥലം . റ്റ്രോസാക്സ്‌ നാഷണല്‍ പാര്‍ക്ക്‌ എന്ന നാഷണല്‍ പാര്‍ക്കാണു ഈ ലേക്കിനു ചുറ്റും.

ഒട്ടേറെ കാമ്പിംഗ്‌ സൈറ്റുകളും മറ്റും ഈ ലേക്കിനു ചുറ്റുമുണ്ട്‌. നമുക്ക്‌ മുന്‍കൂട്ടി ബുക്ക്‌ ചെയ്ത്‌ ക്യാമ്പിംഗ്‌ സ്ഥലമെടുക്കാം. നടക്കാന്‍ ഇഷ്ടമുള്ളവര്‍ക്കും സൈക്കിള്‍ സവാരിക്കാര്‍ക്കുമായി പ്രത്യേക പാതകള്‍ തടാകത്തിനു ചുറ്റുമുണ്ട്‌. പിന്നെ തടാകത്തിലൂടെ ക്രൂയിസ്‌ യാത്രകളും.

696 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഈ തടാകത്തിന്റെ ഗാംഭീര്യം ഒന്നു കാണേണ്ടത്‌ തന്നെയാണു. ഗ്ലാസ്ഗോ നഗരത്തിലേക്കുള്ള ജല വിതരണം ഈ തടാകത്തില്‍ നിന്നാണു. പല വ്യൂ പോയിന്റുകളിലും പല തരത്തിലാണു തടാകം കാണാന്‍ കഴിയുന്നത്‌. പ്രകൃതിയുടെ ഒരു വലിയ വിസ്മയം തന്നെയാണു ലോക്ക്‌ ലോമണ്ട്‌.

സന്ദര്‍ശനത്തിന്റെ അവസാന ദിനം. ഇനി തിരികെ ലീഡ്സിലേക്ക്‌. പോകുന്ന വഴി , ചില സ്കോട്ടിഷ്‌ പലഹാരങ്ങള്‍ വാങ്ങാനായി അബര്‍ഫൊയില്‍ എന്ന ഗ്രാമത്തിലേക്ക്‌ പോയി. അവിടെയുള്ള മാഗീസ്‌ അബര്‍ഫോയില്‍ കിച്ചണ്‍ എന്ന ബേക്കറിയാണു ലഷ്യം. എല്ലാ വിധത്തിലുമുള്ള സ്കോട്ടിഷ്‌ ബേക്കറി പലഹാരങ്ങളും അവിടെയുണ്ട്‌. എല്ലാം വീട്ടില്‍ നിര്‍മ്മിച്ചവ തന്നെയാണു. പല ഫ്ലേവറുകളിലുള്ള കേക്കുകളുടെയും പലഹാരങ്ങളുടെയും ഒരു നീണ്ട നിര.

സുഹൃത്തുക്കള്‍ക്കും അയല്‍ക്കാര്‍ക്കും നല്‍കാന്‍ കുറച്ച്‌ ബേക്കറി പലഹാരങ്ങള്‍ ഒക്കെ അവിടെ നിന്നും വാങ്ങി. ഒരു സ്കോട്ടിഷ്‌ ഗ്രാമത്തിന്റെ എല്ലാ തനിമകളും ഉള്ള ഒരു ചെറിയ ഗ്രാമപ്രദേശമാണു അബര്‍ഫോയില്‍.
ലോക്ക്‌ ലോമണ്ടിന്റെ ഒരു പ്രധാന നടപ്പാതയും സൈക്കിള്‍ പാതയും ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു.

തിരികെ പോരുമ്പോള്‍ ഇനിയും പോകണം എന്ന് മാത്രമാണു സ്കോട്ട്ലണ്ടിനെ കുറിച്ച്‌ പറയാന്‍ കഴിയുന്നത്‌. ഒരിക്കലെങ്കിലും സ്‌കോട്ട് ലന്‍ഡിന്റെ ഒരു ഭാഗമെങ്കിലും നമ്മള്‍ സന്ദര്‍ശിച്ചിരിക്കണം. മലകളുടെ , അരുവികളുടെ , പുല്‍മേടുകളുടെ സംഗമഭൂമി. എഡിന്‍ബറോയാണു സ്‌കോട്ട് ലന്‍ഡിലെ പ്രധാന അന്തര്‍ദ്ദേശീയ വിമാനത്താവളം. പൊതുവേ തണുത്ത കാലാവസ്ഥയാണു സ്‌കോട്ട് ലന്‍ഡില്‍. സന്ദര്‍ശിക്കാന്‍ പറ്റിയ മാസങ്ങള്‍ ജൂണ്‍, ജൂലൈ, ആഗസ്റ്റ്‌.


  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions