ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉന്നത നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ട ഐഎസ് ചാവേര്‍ റഷ്യയില്‍ പിടിയിലായി. ഐഎസ് ഭീകര സംഘടനയിലെ അംഗമായ ചാവേര്‍ ബോംബറിനെ തങ്ങളുടെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതായി റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്എസ്ബി) തിങ്കളാഴ്ച അറിയിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക് റിപ്പോര്‍ട്ട് ചെയ്തു. കസ്റ്റഡിയിലെടുത്തയാളെ തുര്‍ക്കിയിലെ ചാവേര്‍ ബോംബറായി ഐഎസ് റിക്രൂട്ട് ചെയ്തതാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയിലെ ഉന്നത നേതാവ് ആയിരുന്നു ഭീകരന്റെ ലക്ഷ്യമെന്നാണ് റഷ്യന്‍ ഏജന്‍സികള്‍ വ്യക്തമാക്കിയത്. എന്നാല്‍ ആരെയാണ് ആക്രമിക്കാന്‍ ലക്ഷ്യമിട്ടതെന്ന കാര്യം എഫ്.എസ്.ബി. വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെയാണ് ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ചില റഷ്യന്‍ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വയം പൊട്ടിത്തെറിച്ച് കൊലപ്പെടുത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ എഫ്എസ്ബി ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
ഐ.എസിനേയും സംഘടനയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളേയും 1967 ലെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ്(പ്രിവന്‍ഷന്‍ ആക്ട് ) ഭീകരസംഘടനയായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.