Don't Miss

അബുദാബിയില്‍ രണ്ടരവര്‍ഷം മുമ്പ് കൊല്ലപ്പെട്ട ഡെന്‍സിയുടെ മൃതദേഹം പുറത്തെടുക്കും

തൃശൂര്‍: രണ്ടരവര്‍ഷം മുമ്പ് അബുദാബിയിലുണ്ടായ ഇരട്ടക്കൊലപാതകത്തില്‍ മരണപ്പെട്ട ചാലക്കുടി സ്വദേശിനി ഡെന്‍സിയുടെ മൃതദേഹം വ്യാഴാഴ്ച പുറത്തെടുക്കും. ചാലക്കുടി സെന്റ് ജോസഫ്‌സ് പള്ളിയിലെ കല്ലറ തുറന്ന് മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഇരിങ്ങാലക്കുട ആര്‍ഡിഒ അനുമതി നല്‍കിയിരുന്നു. വാഹനാപകടത്തില്‍ മരിച്ചെന്ന് കരുതിയ ഡെന്‍സിയുടെ (38) മരണം ആസൂത്രിത കൊലപാതകമായിരുന്നെന്ന വെളിപ്പെടുത്തല്‍ ഏവരെയും ഞെട്ടിച്ചിരുന്നു. നിലമ്പൂരില്‍ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിനെ കൊല്ലപ്പെടുത്തിയ കേസിലെ പ്രതികള്‍ നല്‍കിയ മൊഴിയാണ് വഴിത്തിരിവായിരിക്കുന്നത്.

അബുദാബിയില്‍ ജോലി ചെയ്തുവരവെയാണ് ഡെന്‍സിയുടെ മരണം. ആദ്യം വാഹനാപകടത്തില്‍ മരിച്ചു എന്നായിരുന്നു ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. പിന്നീട് ഹൃദയാഘാതം മൂലമാണ് മരണമെന്നും അറിയിച്ചു. നാട്ടിലെത്തിച്ച യുവതിയുടെ മൃതദേഹം സെന്റ് ജോസഫ്സ് പള്ളിയില്‍ സംസ്കരിക്കുകയും ചെയ്തു.

2019 ഡിസംബറിലാണ് ഡെന്‍സി ജോലി തേടി അബുദാബിയിലേക്ക് പോയത്. ഷാബാ ഷെരീഫ് കൊലപാതകക്കേസിലെ പ്രതി ഷൈബിന്‍ അഷ്റഫിന്റെ ബിസിനസ് പങ്കാളി ഹാരിസിന്റെ കമ്പനിയിലാണ് യുവതിക്ക് ജോലി ലഭിച്ചത്. 2020 മാര്‍ച്ച് 5ന് ഡെന്‍സിയേയും ഹാരിസിനേയും അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്തതെന്നായിരുന്നു അബുദാബി പൊലീസിന്റെ ആദ്യ നിഗമനം. ദുരൂഹതയെ തുടര്‍ന്ന് ഒരാഴ്ച് മുമ്പ് ഹാരിസിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. ഡെന്‍സി ജോലി ചെയ്തിരുന്ന കമ്പനിയിലെ മാനേജരാണെന്നു പറഞ്ഞ് അന്‍വര്‍ എന്നയാള് ഇവരുടേത് കൊലപാതകമാണെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു.

ഷൈബിന്‍ അഷ്റഫ് ആണ് ഇരട്ടക്കൊലപാതകത്തിന് പിന്നിലെന്ന് ഷാബാ ഷെരീഫ് കൊലപാതകക്കേസിലെ കൂട്ടുപ്രതികള്‍ മൊഴി നല്‍കിയതോടെയാണ് ഡെന്‍സിയുടെ മരണത്തില്‍ വഴിത്തിരിവായത്. നൗഷാദ്, ചീര ഷഫീഖ്, പുതുക്കുളങ്ങര ഷബീബ് റഹ്മാന്‍, കുത്രാടന്‍ അജ്മല്‍, പൊരി ഷമീം എന്നിവരാണ് ഇരട്ടക്കൊല കേസിലെ തങ്ങളുടെ പങ്ക് സമ്മതിച്ചത്. തുടര്‍ന്ന് ഷാബാ ഷെരീഫ് കേസ് അന്വേഷിക്കുന്ന നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ.എബ്രഹാം നല്‍കിയ അപേക്ഷ പ്രകാരമാണ് റീ പോസ്റ്റ്മോര്‍ട്ടത്തിന് അനുമതി ലഭിച്ചത്.

ഹാരിസിനെ കൊലപ്പെടുത്താന്‍ ​ഗൂഢാലോചന നടത്തിയ ഷൈബിന്‍ അഷ്റഫ് ഹാരിസിന്റെ ഫ്ലാറ്റിനു മുകളിലായി ബന്ധുവിന്റെ പേരില്‍ ഫ്ലാറ്റ് വാടകയ്ക്കെടുത്തു. പിന്നീട് കൂട്ടാളികളെ അവിടെ എത്തിച്ചു. ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനായ പാക്കിസ്താന്‍ സ്വദേശിയെ പ്രതിയായ ഷെഫീഖ് തന്ത്രപൂര്‍വം ഭക്ഷണം കഴിക്കാന്‍ മാളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഈ സമയത്ത് മറ്റ് പ്രതികള്‍ സിസിടിവി ക്യാമറ ഇല്ലാത്ത ഭാ​ഗത്ത് കൂടി ഹാരിസിന്റെ ഫ്ലാറ്റിനടുത്തെത്തി. ഹാരിസ് വാതില്‍ തുറന്നതും പ്രതികള്‍ അകത്തേക്ക് ഇടിച്ചുകയറി.

ഡെന്‍സിയും ഹാരിസിന്റെ ഫ്ലാറ്റിലുണ്ടായിരുന്നു. ഹാരിസിന്റേയും ഡെന്‍സിയുടേയും കൊലപാതകം ലൈവായി കണ്ടു എന്നും പ്രതികള്‍ പറഞ്ഞു. കൊലപാതകത്തിന് പ്രതികള്‍ക്ക് ഷൈബിന്‍ നിര്‍ദേശങ്ങള്‍ നല്‍കികൊണ്ടിരുന്നു. തങ്ങള്‍ക്കെതിരെയുളള തെളിവ് നശിപ്പിക്കാനും അന്വേഷണം വഴിതെറ്റിപ്പിക്കാനുമുളള ആസൂത്രിത നീക്കങ്ങളും ഷൈബിന്‍ പ്രതികള്‍ പറഞ്ഞുകൊടുത്തു. ഹാരിസിന്റെ കൈവിരലടയാളം ഡെന്‍സിയുടെ കവിളിലും കഴുത്തിലും പതിയാന്‍ വേണ്ടി ഡെൻസിയുടെ കവിളില്‍ ഹാരിസിനെ കൊണ്ട് അടിപ്പിച്ചു. കഴുത്ത് പിടിച്ച് ഞെരിപ്പിക്കുകയും ചെയ്തു. പിന്നീട് വിരല്‍, പല്ല് എന്നിവയുടെ അടയാളം പതിയാന്‍ വേണ്ടി യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസിനെ മദ്യം കുടിപ്പിക്കുകയും ആപ്പിള്‍ കടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കൈഞരമ്പു മുറിച്ച് ഹാരിസിനെ ബാത്ത് ടബില്‍ തളളുകയായിരുന്നു എന്ന് പറയുന്നു.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions