റാഗിങ്ങിന് ഒരു രക്തസാക്ഷികൂടി
ബാംഗ്ലൂര്‍ : ബാംഗ്ലൂരില്‍ റാഗിങ്ങിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. കണ്ണൂര്‍ കാപ്പാട് മബ്‌റൂഹില്‍ ഹാരിസ്-സൗദത്ത് ദമ്പതികളുടെ മകന്‍ അജ്മല്‍ (19) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് മരണം സംഭവിച്ചത്. ചിക്കബല്ലാപ്പുരില്‍ കോളേജ് ഹോസ്റ്റലില്‍വെച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്നു അജ്മല്‍. ശരീരത്തിന്‍െറ 65 ശതമാനം ഭാഗത്ത് പൊള്ളലേറ്റ അജ്മല്‍ ഒരാഴ്ചയിലധികമായി ബാംഗ്ലൂരിലെ വിക്ടോറിയ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു.

മാര്‍ച്ച് 22ന് രാത്രി 9.30ഓടെയാണ് അജ്മലിന് പൊള്ളലേറ്റത്. അജ്മല്‍ ഹോസ്റ്റലിലെ കുളിമുറിയില്‍ കയറിയപ്പോള്‍ കത്തുന്ന ദ്രാവകം അകത്തേക്ക് ഒഴുക്കിവിട്ട് തീകൊളുത്തുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. മേല്‍ക്കൂരയില്ലാത്ത കുളിമുറിയുടെ പുറത്തുനിന്ന് തീവയ്ക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. കണ്ണൂര്‍, കാസര്‍കോട്, എറണാകുളം ജില്ലകളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് അജ്മലിനെ റാഗ് ചെയ്തിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മാര്‍ച്ച് 22ന് രാത്രി സംഭവം നടന്നിട്ടും കോളജ് അധികൃതര്‍ വിവരം അറിയിച്ചില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഹോസ്റ്റലില്‍നിന്ന് അജ്മല്‍ രാത്രി ഒമ്പതോടെ ബന്ധുവിന്‍െറ വീട്ടിലേക്ക് പോയതായി സുഹൃത്ത് കണ്ണൂരില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 23ന് രാവിലെ ഒമ്പതോടെയാണ് പൊള്ളലേറ്റ വിവരം അറിയുന്നത്. സംഭവം നടന്ന് 12 മണിക്കൂറിനുശേഷം മാത്രമാണ് ബന്ധുക്കള്‍ വിവരം അറിഞ്ഞത്.

എന്നാല്‍ സംഭവം റാഗിങ്ങല്ലെന്നായിരുന്നു കോളേജ് അധികൃതരുടെ നിലപാട്. ആത്മഹത്യാ ശ്രമമാണെന്ന് ആദ്യം ആരോപണമുയര്‍ന്നെങ്കിലും ആശുപത്രിയില്‍ വച്ച് അജ്മല്‍ ഇതു നിഷേധിച്ചിരുന്നു. മലയാളികളുള്‍പ്പെടെയുള്ള സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനെത്തുടര്‍ന്നാണ് പൊള്ളലേറ്റതെന്ന് തുടക്കം മുതല്‍ക്കേ ആരോപണമുയര്‍ന്നിരുന്നു. മുന്‍പും പലതവണ അജ്മല്‍ റാഗിങ്ങിനിരയായതായി ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.

ആറുമാസം മുന്‍പ് കോഴ്‌സിനുചേര്‍ന്നതുമുതല്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ പണത്തിനും മറ്റുമായി അജ്മലിനെ പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ആഴ്ചകള്‍ക്ക് മുമ്പ് മാതാവിന്റെ നാലരപവന്‍ മാല ആരുമറിയാതെ എടുത്തുവിറ്റാണ് അജ്മല്‍ പണം നല്‍കിയതെന്നും ഇക്കാര്യം പിന്നീട് അജ്മല്‍ തന്നെയാണു പറഞ്ഞതെന്നും ബന്ധുക്കള്‍ അറിയിച്ചിരുന്നു. താമസസ്ഥലത്ത് കൊണ്ടുവന്ന് അജ്മലിനെ സംഘം മര്‍ദിക്കുകയും ചെയ്തിരുന്നു. കേസില്‍ ചിക്കാബെല്ലാപൂര്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

2011 സെപ്റ്റംബറിലാണ് അജ്മല്‍ ബാംഗ്ലൂരില്‍ പഠിക്കാനെത്തിയത്. ഏയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ് പഠിക്കണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് വിദ്യാഭ്യാസ വായ്പയെടുത്താണ് അജ്മലിനെ ബംഗളൂരുവിലെ കോളജില്‍ ചേര്‍ത്തത്. അജ്മലിന് പൊള്ളലേറ്റത് അറിഞ്ഞ് അബൂദാബിയില്‍ ജോലി ചെയ്തിരുന്ന പിതാവ് ഹാരിസ് ബാംഗ്ലൂരിലെത്തിയിരുന്നു.
 
Other News in this category

  • റാഗിങ്ങിന് ഒരു രക്തസാക്ഷികൂടി
  • 'ഹാസ്യമേളം' സ്റ്റേജ് ഷോ സ്റ്റിവനേജില്‍
  • ഇറ്റാലിയന്‍ മന്ത്രിയ്ക്ക് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടക്കാന്‍ ആശ
  • എട്ടാം ക്ലാസ് വരെ ഇനി തോല്‍വിയില്ല
  • നണീറ്റനില്‍ ഇന്‍ഡസ്സിന്റെ കാര്‍ഷികമേളയും ഹരിതവിപ്ലവവും
  • ബ്രിട്ടീഷ് ജനത ഇന്റര്‍നെറ്റിന് അടിമ
  •     © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions