ചങ്ങനാശ്ശേരിയില്‍ 'ദൃശ്യം മോഡല്‍' കൊലപാതകം; വീടിന്റെ തറക്കുള്ളില്‍ യുവാവിന്റെ മൃതദേഹം
കോട്ടയം: ചങ്ങനാശ്ശേരിയില്‍ ദൃശ്യം മോഡല്‍ കൊലപാതകം നടന്നിട്ടുണ്ടെന്ന് സംശയിച്ച വീട്ടിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി. വീടിന്റെ തറ തുരന്നുള്ള പരിശോധനയിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശി ബിന്ദുകുമാറിന്റെ(40) മൃതദേഹമാണ് കണ്ടെത്തിയത്. എസി റോഡിലെ രണ്ടാം പാലത്തിന് സമീപമുളള വീട്ടില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. സഹോദരി ഭര്‍ത്താവ് ബിന്ദു കുമാറിനെ കൊലപ്പെടുത്തി മൃതദേഹം വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.
ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. ബിന്ദുകുമാറിനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബിന്ദുകുമാറിന്റെ ബൈക്ക് വാകത്താനത്തിന് അടുത്തുളള തോട്ടില്‍ നിന്നും ലഭിച്ചിരുന്നു.
ബൈക്ക് അപകടത്തില്‍പ്പെട്ടതായിരിക്കാമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാല്‍ സമീപ പ്രദേശങ്ങളിലുളള യുവാവിന്റെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴികളിലെ വൈരുദ്ധ്യമാണ് ബിന്ദുകുമാറിന്റേത് കൊലപാതകമാണെന്ന് സംശയം ബലപ്പെടുത്തിയത്. വിശദമായ അന്വേഷണത്തില്‍ സഹോദരി ഭര്‍ത്താവ് ബിന്ദു കുമാറിനെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഇത് സ്ഥിരീകരിക്കാനായി ഡിവൈഎസ്പിയുടേയും തഹസിൽദാരുടേയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തിയാണ് പരിശോധന നടത്തിയത്.