കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിനും സുഹൃത്ത് ശരത്തിനും എതിരെയുള്ള തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കുമെന്ന് എറണാകുളം സെഷന്‍സ് കോടതി. തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു.
ഈ മാസം 31-ന് ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തും. ദിലീപും ശരത്തും അന്ന് കോടതിയില്‍ നേരിട്ട് ഹാജരകണമെന്നുമാണ് നിര്‍ദേശം. തുടര്‍ന്ന് ഈ കുറ്റത്തിന്‍മേലുള്ള മേലുള്ള വിചാരണയും നേരിടേണ്ടിവരും.
തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപും ശരത്തും നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് കോടതി ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചത്. വിചാരണ നവംബര്‍ പത്തിന് ആരംഭിക്കും.
കോടതിയില്‍ സമര്‍പ്പിക്കേണ്ട മൊബൈലില്‍ നിന്നും ദൃശ്യങ്ങള്‍ നീക്കി എന്നതാണ് ദിലീപിനെതിരായ കുറ്റം. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ടാബ് ലറ്റ് ദിലീപിന്റെ പത്മസരോവരം എന്ന വീട്ടിലെത്തി കൈമാറി എന്നതാണ് ശരത്തിനെതിരേ ചുമത്തിയ കുറ്റം.