ബെയ്ജിംഗ്: കോവിഡ് ഭീതിയൊഴിഞ്ഞു ജനജീവിതം സാധാരണ നിലയിലേയ്ക്ക് വരുന്നതിനിടെ ആശങ്കയായി പുതിയ തരംഗം. മുമ്പുള്ളതിലും വ്യാപകമായ രീതിയിലാണ് രോഗം പടരുന്നത്. ചൈനയിലാണ് പുതിയ വകഭേദം അതിരൂക്ഷമായി കൂടുന്നത്. ലോകത്തെ കടുത്ത ആശങ്കയിലാകുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ചൈനയില്‍ കോവിഡ് മൂലം 20 ലക്ഷം പേരെങ്കിലും മരിച്ചേക്കുമെന്ന് വിവിധ ഗവേഷണ ഗ്രൂപ്പുകളുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ തന്നെ ശ്മശാനങ്ങള്‍ നിറഞ്ഞുകവിയുകയാണ്. ഒപ്പം ആശുപത്രികളിലേക്കും രോഗികളുടെ പ്രവാഹമാണ്. കോവിഡ് രോഗികള്‍ അവിടെ ചികിത്സ കിട്ടാതെ വലയുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇപ്പോള്‍ തന്നെ ചൈനയില്‍ മരിച്ചവരെ കൂട്ടത്തോടെ കുഴിച്ചുമൂടുന്നതിന്‍റെ സ്ഥിരീകരിക്കാത്ത വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വ്യാപകമായ ജനകീയപ്രതിഷേധത്തെതുടര്‍ന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ് നടപ്പില്‍വരുത്തിയ കര്‍ശനമായ സീറോ കോവിഡ് നയം ഈയിടെ പിന്‍വലിച്ചതാണ് വിനയായത്. ചൈനയില്‍ 60 ശതമാനം ജനങ്ങള്‍ക്കും കോവിഡ് ബാധിക്കുമെന്ന് യേല്‍ സര്‍വ്വകലാശാല ആരോഗ്യ ഗവേഷകനായ ഷി ചെന്‍ പറയുന്നു.
കോവിഡ് ബാധ അതിവേഗം ചൈനക്കാര്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുകയാണെന്ന് പ്രശസ്ത രോഗപര്യവേക്ഷകനും ന്യൂ ഇംഗ്ലണ്ട് കോംപ്ലക്സ് സിസ്റ്റംസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോവിഡ് നിയുക്ത സംഘം മേധാവിയുമായ എറിക് ഫെയ്ഗി ഡിങ് പറയുന്നു.
"അതിവേഗം കോവിഡ് പടര്‍ന്നു പിടിക്കുന്നതിനാല്‍ ചൈനയ്ക്ക് ഒരുങ്ങാന്‍ പോലും നേരം കിട്ടുകയില്ല. ബെയ്ജിംഗില്‍ ഉള്‍പ്പെടെ ലോഡ് കണക്കിന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് നഗരങ്ങളിലും രോഗം അതിവേഗം പടരുകയാണ്. "- രോഗപര്യവേക്ഷകനായ ബെന്‍ കൗളിംഗ് പറയുന്നു.
എറിക് ഫെയ്ഗി ഡിങ് പുറത്തുവിട്ട് വീഡിയോ ചൈനയിലെ ശോചനീയാവസ്ഥ വെളിപ്പെടുത്തുന്നു. ഇതോടെ കോവിഡ് ബാധിച്ച അവശരും കൃത്യമായി വാക്സിന്‍ എടുക്കാത്തവരും സ്വാഭാവിക പ്രതിരോധശേഷി കുറഞ്ഞവരും ഇവിടുത്തെ പൊതുചികിത്സാസംവിധാനത്തിന് ഭാരമായിരിക്കുകയാണ്. ഇവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. കൃത്യമായി ചികിത്സ നല്‍കാനാവാതെ ആശുപത്രി ജീവനക്കാര്‍ വിഷമിക്കുകയാണ്. ഇവരില്‍ നല്ലൊരു പങ്ക് അവശ്യമായ ചികിത്സ കിട്ടാതെ മരണപ്പെട്ടേക്കുമെന്നാണ് വിലയിരുത്തല്‍.
തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് ഏകദേശം 19 ലക്ഷം പേരെ കോവിഡ്ബാധിച്ചിട്ടുണ്ട്. ഇതില്‍ 5,237 പേര്‍ കോവിഡ് മൂലം ചൈനയില്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയിലും ബ്രിട്ടനിലുമടക്കം കടുത്ത ആശങ്ക ഉണ്ടാക്കുന്ന റിപ്പോര്‍ട്ടാണ് ഇത്. ഇന്ത്യയില്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. തകര്‍ന്ന സമ്പദ്‌വ്യവസ്ഥയായെ ഇനിയൊരു തരംഗം ഏത് അവസ്ഥയില്‍ എത്തിക്കുമെന്നാണ് അറിയാനുള്ളത്.