ലണ്ടന്‍: ആയിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാര്‍ അടുത്ത വര്‍ഷത്തിനുള്ളില്‍ എന്‍എച്ച്എസ് ഉപേക്ഷിച്ചിറങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇവരുടെ കൊഴിഞ്ഞുപോക്ക് സംഭവിച്ചാല്‍ എന്‍എച്ച്എസിന് അത് താങ്ങാന്‍ കഴിയാത്ത അവസ്ഥ നേരിടുമെന്ന് സര്‍വ്വെ ഫലങ്ങള്‍ വ്യക്തമാക്കുന്നു.
ഇംഗ്ലണ്ടില്‍ 45,000 ജൂനിയര്‍ ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനാണ് 4000 അംഗങ്ങളെ ഉള്‍പ്പെടുത്തി സര്‍വ്വെ സംഘടിപ്പിച്ചത്. എന്‍എച്ച്എസ് ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. മറ്റൊരു ജോലി എത്രയും പെട്ടെന്ന് ലഭിച്ചാല്‍ അത്രയും പെട്ടെന്ന് ഹെല്‍ത്ത് സര്‍വ്വീസ് ഉപേക്ഷിക്കുമെന്നാണ് പത്തില്‍ നാല് ജൂനിയര്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.
കാല്‍ശതമാനം പേര്‍ വിദേശത്തേക്ക് ചുവടുമാറ്റാനും ഉദ്ദേശിക്കുന്നു. മോശം ശമ്പളവും, തൊഴില്‍ സാഹചര്യങ്ങളുമാണ് ഈ ട്രെന്‍ഡിന് ഇടയാക്കുന്നതെന്നാണ് യൂണിയന്‍ ആരോപണം. പ്രതിവര്‍ഷം 58,000 പൗണ്ട് വരെ വരുമാനമുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ ശമ്പളക്കാര്യത്തില്‍ സമരത്തിന് ഇറങ്ങുന്ന കാര്യം തീരുമാനിക്കാന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ബാലറ്റിംഗിന് ഒരുങ്ങവെയാണ് സര്‍വ്വെ.
ഒരു ദശകത്തോളമായി ശമ്പളം കുറഞ്ഞ സാഹചര്യത്തില്‍ 26 ശതമാനം വര്‍ദ്ധന വേണമെന്നാണ് ബിഎംഎ ആവശ്യപ്പെടുന്നത്. വരുമാനം മോശമായതാണ് എന്‍എച്ച്എസ് ഉപേക്ഷിക്കാനുള്ള മോഹത്തിന് പ്രധാന കാരണം. കഴിഞ്ഞ 15 വര്‍ഷത്തിനിടെ പൊതുമേഖലയില്‍ ഏറ്റവും വലിയ വരുമാനക്കുറവ് നേരിട്ടത് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കാണെന്നാണ് ബിഎംഎ പറയുന്നത്.