ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ നാണക്കേടായി വീണ്ടും മൂത്രമൊഴിക്കല്‍ വിവാദം. ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തില്‍ മദ്യപനായ മുംബൈ വ്യവസായി സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചതിന് പിന്നാലെ പാരീസ്-ഡല്‍ഹി വിമാനത്തിലും സമാനമായ സംഭവം. ഇത്തവണ സഹയാത്രികയുടെ പുതപ്പില്‍ ആണ് കാര്യം സാധിച്ചത് എന്ന് മാത്രം. ഡിസംബര്‍ ആറിനാണ് സംഭവം നടന്നത്. എന്നാല്‍, പുതപ്പില്‍ മൂത്രമൊഴിച്ചയാള്‍ മാപ്പ് എഴുതി നല്‍കിയതിനാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബര്‍ ആറിന് രാവിലെ 9.40ന് പാരീസില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ വിമാനത്തിലാണ് സംഭവം നടന്നത്. പൈലറ്റടക്കം ഈ വിമാനത്തില്‍ 143 ആളുകളായിരുന്നു ഉണ്ടായിരുന്നത്. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ സംഭവം പൈലറ്റ് ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചിരുന്നു.
രാവിലെ 9.40നാണ് വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തത്. മദ്യലഹരിയിലായിരുന്ന ഒരു പുരുഷ യാത്രികന്‍ കാബിന്‍ ക്രൂവിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് പ്രവര്‍ത്തിക്കുകയും പിന്നീട് ഒരു വനിതാ യാത്രികയുടെ പുതപ്പില്‍ മൂത്രമൊഴിക്കുകയും ചെയ്തതായി വിനാനത്താവള സെക്യൂരിറ്റിക്ക് വിവരം ലഭിച്ചു', വിമാനത്താവള അധികൃതര്‍ പിടിഐയോട് പറഞ്ഞു.
വിമാനത്തിര്‍ നിന്ന് ഇറങ്ങിയ ഉടന്‍ സിആര്‍പിഎഫ് മദ്യപിച്ച് അതിക്രമം കാണിച്ച യാത്രക്കാരനെ പിടികൂടി. എന്നാല്‍ ഈ യാത്രികനും യാത്രക്കാരിയും തമ്മിലുണ്ടാക്കി ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിന്നീട് വിട്ടയച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. യാത്രക്കാരനില്‍ നിന്ന് രേഖമൂലം മാപ്പ് എഴുതി വാങ്ങിയതായും അധികൃതർ വ്യക്തമാക്കി. യാത്രക്കാരി ആദ്യം രേഖാമൂലം പരാതി നല്‍കിയെങ്കിലും പിന്നീട് കേസെടുക്കുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇമിഗ്രേഷന്‍, കസ്റ്റംസ് നടപടിക്രമങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കിയ ശേഷം എയര്‍പോര്‍ട്ട് സെക്യൂരിറ്റി വഴി യാത്രക്കാരനെ പോകാന്‍ അനുവദിച്ചു.
അതേസമയം, നവംബർ 26-ന് നടന്ന ആദ്യ സംഭവത്തില്‍ യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.