കൊച്ചി: ഫാരിസ് അബൂബക്കറിനെതിരെ ആദായ നികുതി ഇന്റലിജന്‍സ് വിഭാഗവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടത്തുന്ന അന്വേഷണം റിയല്‍ എസ്‌റ്റേറ്റ്, സിനിമ, രാഷ്ട്രീയ രംഗത്തേക്കും കടക്കുമെന്ന് സൂചന. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഫാരിസ് വന്‍ തോതില്‍ കള്ളപ്പണ നിക്ഷേപം നടത്തിയതായി പ്രാഥമിക കണ്ടെത്തലിനെ തുടര്‍ന്നാണിത്.
ഫാരിസുമായി ബന്ധമുള്ള സിനിമ പ്രവര്‍ത്തകരെ വരുംദിവസങ്ങളില്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയേക്കും. ഫാരിസിന്റെ വീടുകളും ഓഫീസുകളും കേന്ദ്രീകരിച്ച് ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുകയാണ്. ആദായ നികുതി വകുപ്പില്‍ നിന്ന് ഇ.ഡി വിവരങ്ങള്‍ ശേഖരിച്ചു.
ഫാരിസിന്റെ ഇടപാടുകളിലെ ഇടനിലക്കാരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഫാരിസിന്റെ ഇടനിലക്കാരനായ കണ്ണൂര്‍ പിലാക്കണ്ടി സ്വദേശിയുടെ ചിലവന്നൂരിലെ ഫ്‌ളാറ്റില്‍ പരിശോധന നടത്തി നിര്‍ണായക രേഖകള്‍ കണ്ടെടുത്തിരുന്നു. ഈ ഫ്‌ളാറ്റ് മുദ്രവച്ചു.
ചിലവന്നൂരിലെ കെട്ടിട നിര്‍മ്മാതാവിന്റെ കേരളത്തിലെ മുഴുവന്‍ അപ്പാര്‍ട്‌മെന്റ് പ്രൊജക്ടറുകളിലും ഈ പിലാക്കണ്ടി സ്വദേശിക്ക് സ്വന്തം ഫ്‌ളാറ്റുകളുണ്ട്. ഇയാള്‍ ഫാരിസിന്റെ ബിനാമിയാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. രാഷ്ട്രീയക്കാരുടെ കള്ളപ്പണവും എത്തിയെന്ന് സംശയിക്കപ്പെടുന്നു.
ഫാരിസിന്റെ കമ്പനിയിലെ ജീവനക്കാരനായ തിരുവനന്തപുരം മണ്ണന്തല സ്വദേശി സുരേഷ് കുമാറിന്റെ വീട്ടില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നൂ. സുരേഷ് കുമാര്‍ മുന്‍പ് ഫാരിസ് നടത്തിയിരുന്ന ഒരു ദിനപത്രത്തിലും പ്രവര്‍ത്തിച്ചിരുന്നു.
ഫാരിസിന്റെ റിയല്‍ എസ്‌റ്റേറ്റ് കമ്പനികളിലേക്ക് അടുത്ത കാലത്ത് 100 കോടിയിലേറെ രൂപ രഹസ്യ കേന്ദ്രങ്ങളില്‍ നിന്ന് എത്തിയെന്നാണ് വിവരം. ഇത് കൊച്ചിയില്‍ നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്ന പാര്‍പ്പിട സമുച്ചയത്തിന് വേണ്ടി എത്തിയതാണെന്നാണ് സംശയം. കൊച്ചിയിലെ ഇവരുടെ ഓഫീസുകളിലൂം പരിശോധന നടന്നു. കൊച്ചി, കോഴിക്കോട്, മുംബൈ, ഡല്‍ഹി, ചെന്നൈ അടക്കമുള്ള കേന്ദ്രങ്ങളിലാണ് കഴിഞ്ഞ രണ്ടു ദിവസം പരിശോധന നടന്നത്.
ഫാരിസിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ ഇടനിലക്കാര്‍ വഴി കൊച്ചിയിലടക്കം പലയിടത്തും ലാന്‍ഡ് ബാങ്ക് സ്വന്തമാക്കിയെന്നാണ് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തല്‍. തിങ്കളാഴ്ച ഫാരിസ് അബൂബക്കറിന്‍റെ വീട്ടിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് സംബന്ധിച്ചായിരുന്നു ഫാരിസ് അബൂബക്കറിന്‍റെ കൊയിലാണ്ടി നന്ദി ബസാറിലെ വീട്ടിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുള്ള ഓഫീസുകളിലും പരിശോധന നടന്നിരുന്നു.
തണ്ണീര്‍ തടങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണമുള്ള ഭൂമി, വിലയ്ക്ക് വാങ്ങി നികത്തി വന്‍കിടക്കാര്‍ക്ക് കൈമാറിയതായി സംശയമുണ്ട്. എന്നാല്‍ ഇതിന്‍റെ സാമ്പത്തിക ഇടപാടുകള്‍ വിദേശത്ത് വെച്ച് നടത്തിയെന്നും പറയപ്പെടുന്നു. ഇതിന്‍റെ സാമ്പത്തിക ഇടപാടുകള്‍ വിദേശത്തുവച്ച് നടത്തിയത് വഴി വന്‍ തോതില്‍ നികുതിവെട്ടിപ്പ് നടന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പറയുന്നു.