മലപ്പുറം: ഹോട്ടല്‍ വ്യാപാരി സിദ്ദിഖി(58)നെ ഹോട്ടല്‍ മുറിയില്‍ വച്ച് വെട്ടിനുറുക്കി കഷണങ്ങളായി ട്രോളിബാഗിലാക്കി കൊക്കയില്‍ തള്ളിയ സംഭവത്തില്‍ അടിമുടി ദുരൂഹത. രണ്ടിലധികം ആള്‍ക്കാര്‍ പങ്കെടുത്ത ആസൂത്രിതമായ അരുംകൊലയാണ് നടന്നതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ നാലുപേരാണ് കസ്റ്റഡിയിലുള്ളത്. സിദ്ദിഖിന്റെ ഹോട്ടലിലെ മൂന്‍ ജീവനക്കാരന്‍ ഷിബിലിയെന്ന 22 കാരനും അയാളുടെ 18 വയസ്സുള്ള കാമുകി ഫര്‍ഹാനയും ഫര്‍ഹാനയുടെ സഹോദരന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ആഷിക്കാണ് കസ്റ്റഡിയിലായ അവസാനത്തെയാള്‍. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഷിബിലിയും ഫര്‍ഹാനയും സിദ്ദിഖിന്റെ ഒളവണ്ണയിലെ ഹോട്ടലില്‍ ജോലി ചെയ്തിട്ടുളളയാളാണ്. മൃതദേഹം ട്രോളിബാഗിലാക്കി കൊക്കയില്‍ തള്ളിയ ശേഷമാണ് ഷിബിലിയും ഫര്‍ഹാനയും ചെന്നൈയിലേക്ക് കടന്നതെന്നു കരുതുന്നു.
എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ രണ്ടുമുറികളാണ് എടുത്തിരുന്നത്. രണ്ടുനിലകളിലായി എട്ടു മുറികള്‍ മാത്രമുള്ള ഇടത്തരം ഹോട്ടലിലെ ഡിഇ സിഎഎസ്എ ജി-03, ജി-04 മുറികളാണ് എടുത്തത്. ആദ്യം മുറിയെടുത്തതും സിദ്ദിഖാണ്. മേയ് 18-ന് ലോഡ്ജിലെത്തിയ സിദ്ദിഖിനെ പിന്നീട് പുറത്തുകണ്ടിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ഒളമണ്ണയില്‍ സ്വന്തം റസ്‌റ്റോറന്റിന്റെ മുകളിലത്തെ നിലയില്‍ താമസിക്കാന്‍ വേണ്ടുന്ന എല്ലാ സൗകര്യവുമുള്ളപ്പോള്‍ സിദ്ദിഖ് എന്തിനാണ് കിലോമീറ്റര്‍ അകലെ പോയി മുറിയെടുത്തത് എന്നത് ആദ്യം ഉയര്‍ന്നത്. സാധാരണഗതിയില്‍ വീട്ടില്‍ നിന്നും സിദ്ദിഖ് മാറി നില്‍ക്കുകയും തന്റെ കെട്ടിടത്തില്‍ താമസിക്കുന്നതും പതിവായിരുന്നു. മെയ് 18 നാണ് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ സിദ്ദിഖിന്റെ പേരില്‍ മുറികള്‍ എടുത്തത്.
19-ാം തീയതി ലോഡ്ജില്‍നിന്ന് പോകുന്നതിന് മുന്‍പ് ഷിബിലും ഫര്‍ഹാനയും മുറിയില്‍നിന്ന് പുറത്തേക്ക് പോയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
അതേസമയം എത്രപേരാണ് ഉണ്ടായിരുന്നത് എപ്പോഴാണ് ചെക്കൗട്ട് ചെയ്തതെന്നോ പോലീസ് വിശദീകരണം നല്‍കിയിട്ടില്ല. പിന്നീട് സിദ്ദിഖിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം ബ്രാഞ്ചുകളില്‍ നിന്നും പുലര്‍ച്ചെ സമയങ്ങളില്‍ പണം പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രതികളായിരിക്കാമെന്ന് പോലീസ് പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും കിട്ടിയിട്ടുണ്ടെന്നാണ് വിവരം.
എടിഎം വഴി ഇടവേളകളിലായി പലപ്പോഴായി പിന്നീട് രണ്ടുലക്ഷം രൂപയോളം നഷ്ടം വന്നതായി സിദ്ദിഖിന്റെ വീട്ടുകാരും പറയുന്നു. 18 ന് ശേഷം മുതല്‍ പല രീതിയിലുള്ള സാമ്പത്തീക ഇടപാട് സിദ്ദിഖിന്റെ അക്കൗണ്ടുകളില്‍ നിന്നും നടക്കുകയും ചെയ്തിരുന്നു. പിതാവിനെ കാണാതാകുകയും ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തതോടെ 22 നാണ് സിദ്ദിഖിന്റെ മകന്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ പിറ്റേന്ന് മുതലാണ് എടിഎം വഴി പണം നഷ്ടമായത്. എടുക്കാവുന്ന പരമാവധി തുക വീതമായിരുന്നു പിന്‍വലിച്ചിരുന്നത്.
ഷിബിലിയ്ക്കും ഫര്‍ഹാനയ്ക്കും പുറമേ ഫര്‍ഹാനയുടെ സഹോദരന്‍ ഷുക്കൂര്‍ എന്നയാളും ഷിബിലിയുടെ കൂട്ടുകാരന്‍ ആഷിക് എന്നയാളുമാണ് പോലീസ് പിടിയിലുള്ളത്. ഇതില്‍ ആഷിക് ഹോട്ടലില്‍ കൊല നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരിക്കാം എന്നും പോലീസ് സംശയിക്കുന്നുണ്ട്. നാലാം നമ്പര്‍ മുറിയില്‍ വെച്ചാണ് കൊലപാതകം നടന്നിരിക്കുക എന്നാണ് പോലീസ് കരുതുന്നത്. ഷിബിലയും ഫര്‍ഹാനയും സിദ്ദിഖിന്റെ ഹോട്ടലില്‍ ജോലി ചെയ്തിരുന്നവരാണ്. 15 ദിവസം മുമ്പാണ് ഷിബിലി ഇവിടെ ജോലിക്കെത്തിയത്.
മുമ്പ് ഷിബിലിയ്ക്ക് എതിരേ ഫര്‍ഹാന 2021 ല്‍ പോക്‌സോകേസ് കൊടുത്തിരുന്നയാളാണ്. പിന്നീട് ഇരുവരും സുഹൃത്തുക്കളാകുകയായിരുന്നു. ഒരു പരാതി ഫര്‍ഹാനയുടെ കുടുംബം മെയ് 24 ന് നല്‍കുകയും ചെയ്തിരുന്നു. ഫര്‍ഹാനയ്‌ക്കെതിരേ കുടുംബത്തില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ചതിന്റെ പരാതിയും നില നില്‍ക്കുന്നുണ്ട്. സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്പ് ഷിബിലിയെ സിദ്ദിഖിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. സ്വഭാവദൂഷ്യമായിരുന്നു കാരണമെന്നാണ് വിവരം. ഷിബിലിയുടെ ശമ്പളവും നല്‍കിയായിരുന്നു പിരിച്ചുവിട്ടത്. ഫര്‍ഹാനയെ കഴിഞ്ഞ 23 മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് ഫര്‍ഹാനയുടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
അട്ടപ്പാടി ചുരത്തില്‍ മുകളില്‍ വഴിയില്‍ നിന്നും ശക്തിയോടെ എറിഞ്ഞ നിലയിലാണ് ട്രോളിബാഗുകള്‍ കിടന്നത്. രണ്ടു ട്രോളിബാഗുകളും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു . കോഴിക്കോട് മലപ്പുറം പാലക്കാട് പോലീസ് സംയുക്തമായിട്ടാണ് അന്വേഷണം നടക്കുന്നത്.