ലണ്ടനില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ കുത്തേറ്റു മലയാളി യുവാവ് കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുമ്പ് അര്‍മീനിയയില്‍ മലയാളി യുവാക്കള്‍ തമ്മില്‍ നടന്ന കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. കൊരട്ടി കട്ടപ്പുറം പാറപ്പറമ്പില്‍ അയ്യപ്പന്റെയും ജയയുടെയും മകന്‍ സൂരജ് (27) ആണു കൊല്ലപ്പെട്ടത്. വാട്സാപ് പോസ്റ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്ക പരമ്പരയ്ക്കൊടുവിലാണ് കൊലയെന്നു പറയുന്നു. അര്‍മീനിയയിലെ യേരവനില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സൂരജ്.
ഒപ്പമുണ്ടായിരുന്ന ചാലക്കുടി തുരുത്തിപ്പറമ്പ് കണ്ണൂക്കാടന്‍ ലിജോ, തൃശൂര്‍ സ്വദേശി കിരണ്‍ എന്നിവര്‍ക്കും കുത്തേറ്റു. ലിജോയുടെ നില ഗുരുതരമാണ്. കുത്തിയതായി പൊലീസ് കരുതുന്ന തിരുവനന്തപുരം സ്വദേശി അബിന്‍ ബിജു, 5 മലയാളി സുഹൃത്തുക്കള്‍ എന്നിവര്‍ ഒളിവിലാണ്.
ഒരു സംഘം ആളുകള്‍ ചേര്‍ന്നുള്ള സംഘട്ടനം സംഭവ സ്ഥലത്തു ഉണ്ടായതിന്റെ ലക്ഷണം ലഭ്യമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കീറിപ്പറിഞ്ഞ വസ്ത്രങ്ങളും ചെരുപ്പുകളും രക്തക്കറയും ഒക്കെ സംഭവ സ്ഥലത്തു നിന്നും പോലീസ് ശേഖരിച്ചിട്ടുണ്ട്. സൂരജിന്റെ മൃതദേഹം കണ്ടെത്തി മാറ്റിയത് ആംബുലന്‍സ് ജീവനക്കാര്‍ അറിയിച്ചത് അനുസരിച്ചു പോലീസ് എത്തുമ്പോഴാണ്.