20 വര്‍ഷമായി യുകെയില്‍ നഴ്സായിരുന്ന മലയാളി വൈദികനായി ഞായറാഴ്ച അഭിഷിക്തനാകുന്നു. ഡെപ്യൂട്ടി ചാര്‍ജ് നഴ്‌സായിരുന്ന ഡീക്കന്‍ ഷിലോ വര്‍ഗീസ് കുന്നുംപുറത്ത് ആണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ വൈദികനായി അഭിഷിക്തനാകുക. ജൂണ്‍ 25 ഞായറാഴ്ച പീറ്റര്‍ബറോ കത്തീഡ്രലില്‍ വെച്ചാണ് പൗരോഹിത്യ ചടങ്ങുകള്‍ നടക്കുന്നത്. ഫാ.ഷിലോയ്ക്ക് പിന്തുണ അറിയിക്കുന്നതിനായി പീറ്റര്‍ബറോ മേയര്‍ ഉള്‍പ്പെടെ നിരവധി സഭാ വിഭാഗങ്ങളും വിശ്വാസ സമൂഹവും ചടങ്ങില്‍ പങ്കെടുക്കും.
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ വാളക്കുഴിയിലെ ഒരു പരമ്പരാഗത നസ്രാണി കുടുംബത്തില്‍ നിന്നുള്ളയാളാണ് ഫാ.ഷിലോ. വര്‍ഗീസ് ഫിലിപ്പ് കുന്നുംപുറത്തിന്റെയും ലിസി വര്‍ഗീസിന്റെയും മൂത്തമകനാണ് ഇദ്ദേഹം. ഭാര്യ ബിന്‍സി, എയ്ഞ്ചല്‍, ജൂവല്‍ എന്നീ രണ്ട് പെണ്‍മക്കളും അടങ്ങുന്നതാണ് ഫാ. ഷിലോയുടെ കുടുബം. ഷിലോയുടെ ഇളയ സഹോദരി ഷിബിയും കുടുംബവും ബോണ്‍മൗത്തില്‍ താമസിക്കുന്നുണ്ട്. ഓര്‍ഡിനന്‍സ് ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബാംഗങ്ങള്‍ പീറ്റര്‍ബറോയില്‍ എത്തിയിട്ടുണ്ട്.
റായ്ച്ചൂരിലെ നവോദയ മെഡിക്കല്‍ കോളേജില്‍ നിന്ന് നഴ്സിംഗ് ബിരുദം നേടിയ ഷിലോ, ലണ്ടനിലെ സിറ്റി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ക്രിട്ടിക്കല്‍ കെയറില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡീക്കന്‍ സ്ഥാനാരോഹണത്തിന് മുമ്പ് അദ്ദേഹം ഡര്‍ഹാം സര്‍വകലാശാലയില്‍ നിന്ന് ദൈവശാസ്ത്ര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.