കോട്ടയം: കേരള ജനത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് നല്‍കിയ സ്നേഹവും യാത്രയയപ്പും ഇപ്പോഴത്തെ ഭരണാധികാരികളും അവരുടെ സില്‍ബന്ദികളും കണ്ണ് തുറന്നു കാണ്ടേണ്ടതാണ്. ആക്ഷേപവും പരിഹാസവും താന്‍പോരിമയും മാത്രം കൈമുതലായുള്ള നേതാക്കള്‍ ഇതൊക്കെ മനസിലാക്കിയാല്‍ നന്ന്.
ഉമ്മന്‍ചാണ്ടിയുടെ മരണശേഷം മൂന്നു ദിവസം കേരളം ജനത അദ്ദേഹത്തെ എല്ലാ അര്‍ത്ഥത്തിലും വാരിപ്പുണരുകയായിരുന്നു. എന്നും ജനക്കൂട്ടത്തിനൊപ്പം അവരിലൊരാളായി, അവര്‍ക്കുവേണ്ടി കഴിഞ്ഞ ഉമ്മന്‍ചാണ്ടിക്കായി ആബാലവൃദ്ധം ജനത കണ്ണീര്‍പൊഴിച്ചു. ഈ സ്നേഹ പ്രകടനങ്ങള്‍ അദ്ദേഹത്തെ വീഴ്ത്താനും നാണം കെടുത്താനും പരിശ്രമിച്ചവര്‍ക്കു മുഖമടച്ചുള്ള അടിയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയെയും ജനസാഗരത്തെയും കണ്ടു വിറളിപിടിച്ച ചില സൈബര്‍ സഖാക്കള്‍ 'ശവ ഘോഷയാത്ര' , 'മൃതദേഹത്തെ അപമാനിക്കല്‍ എന്നീ വിശേഷണങ്ങള്‍ ചാര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. മാത്രമല്ല, ഇതൊന്നും അത്ര വലിയ ജനസഞ്ചയം അല്ലെന്നും 'അന്തം കമ്മികള്‍' പ്രചരിപ്പിക്കുന്നു.
എന്നാല്‍ ഇവര്‍ക്കൊക്കെയുള്ള മറുപടിയാണ് ഇ.കെ. നായനാരുടെ മകന്‍ കൃഷ്ണകുമാര്‍ പറഞ്ഞിരിക്കുന്നത്. ഇനിയുള്ള രാഷ്ട്രീയക്കാര്‍ ഉമ്മന്‍ചാണ്ടിയാവാന്‍ ശ്രമിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് ആദരമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു നായനാരുടെ മകന്‍ . ശനിയാഴ്ച രാവിലെയോടെയായിരുന്നു കൃഷ്ണകുമാര്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചത്. ഉമ്മന്‍ചാണ്ടി ബാക്കിവെച്ചുപോയത് പൂര്‍ത്തിയാക്കുക എന്നത് വരുന്ന തലമുറകള്‍ക്കുള്ള വലിയ ഉത്തരവാദിത്വമാണെന്ന് കൃഷ്ണകുമാര്‍ പ്രതികരിച്ചു.
'അച്ഛനുമായി ഉമ്മന്‍ ചാണ്ടി സാറിന് നല്ല ബന്ധമായിരുന്നു, സ്നേഹവും കാരുണ്യവുമുള്ള മനുഷ്യന്‍. അച്ഛന് കിട്ടിയപോലത്തെ വിലാപയാത്രയാണ് ഉമ്മന്‍ ചാണ്ടി സാറിനും കിട്ടിയതെന്നും കൃഷ്ണകുമാന്‍ പറഞ്ഞു.
ഇപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ പകരംവെക്കാനില്ലാത്ത വ്യക്തിത്വമാണ് ഉമ്മന്‍ചാണ്ടി സര്‍. കുറേ നേരം ഉമ്മന്‍ചാണ്ടി സാറിന്റെ അടുത്തിരുന്ന് എന്റെയും അമ്മയുടേയും കുടുംബത്തിന്റേയും ആദരാഞ്ജലി അര്‍പ്പിക്കാനാണ് ഞാന്‍ ഇവിടെ വന്നത്. ഉമ്മന്‍ചാണ്ടി സര്‍ ആരായിരുന്നുവെന്നത് കഴിഞ്ഞ മൂന്നുനാല് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ എങ്ങനെയായിരിക്കണമെന്നതിന്റെ വ്യക്തമായ സന്ദേശമാണ് ഉമ്മന്‍ചാണ്ടി സര്‍ കേരളത്തിന് നല്‍കികൊണ്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ ബാക്കിവെച്ചുപോയത് പൂര്‍ത്തീകരിക്കുക എന്നത് ഇനിവരുന്ന തലമുറകള്‍ക്ക് വലിയൊരു ഉത്തരവാദിത്വമാണ്. അച്ഛനും അദ്ദേഹവും ഒരുപാട് കാലം നിയമസഭയില്‍ ഒന്നിച്ചുണ്ടായിരുന്നു. അതൊക്കെ വലിയ ഓര്‍മകളാണ്', കൃഷ്ണകുമാര്‍ പറഞ്ഞു.
പല പ്രാവശ്യം ഉമ്മന്‍ചാണ്ടി സാറിനെ കണ്ടിട്ടുണ്ട്, സംസാരിക്കാനുള്ള സമയം കണ്ടെത്തിയിട്ടുണ്ട്. അത് എന്നോട് മാത്രമല്ല, അദ്ദേഹത്തെ കാണാന്‍ വരുന്ന ഏറ്റവും അവസാനത്തെ വ്യക്തിയെപ്പോലും കണ്ട് അവരുടെ കണ്ണീരൊപ്പിയിട്ടോ അവരുടെ പ്രശ്‌നം എന്താണെന്ന് മനസിലാക്കിയിട്ടോ പരിഹരിച്ചിട്ടോ പോകുന്നൊരു വ്യക്തിയാണ്. സ്‌നേഹം, സഹാനുഭൂതി, കാരുണ്യം ഇവ ഏറ്റവും കൂടുതല്‍ ഉള്ളൊരു വ്യക്തിയാണ് ഉമ്മന്‍ചാണ്ടിയെന്നും കൃഷ്ണകുമാര്‍ ഓര്‍മിച്ചു.
19 വര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചപ്പോഴും ഇതുപോലൊരു വിലാപയാത്ര കേരളം കണ്ടു. ഇതൊക്കെ ജനം നല്‍കുന്നൊരു ബഹുമതിയാണ്. ഇതൊന്നും ആരും നിര്‍ബന്ധിച്ചിട്ടോ പറഞ്ഞിട്ടോ ചെയ്യുന്നതല്ല. അവരൊരു കടലുപോലെ, ഉള്ളിന്റെ ഉള്ളില്‍നിന്ന് ഒഴുകി വരുന്നതാണ്. എത്രപേര്‍ക്ക് കിട്ടുന്നു, കൊടുക്കുന്നു എന്നത് ജനത്തിന്റെ മനസിലുള്ള കാര്യമാണ്. ഒരു പ്ലാറ്റ്‌ഫോമില്‍ നമുക്കതിനെ കൊണ്ടുവരാന്‍ പറ്റില്ല. ഇനിയുള്ള രാഷ്ട്രീയക്കാര്‍ ഉമ്മന്‍ചാണ്ടി സാറാവാന്‍ ശ്രമിക്കുക', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.