ന്യൂഡല്‍ഹി: അയോഗ്യതയെ മറികടന്നു ലോക്സഭയിലെത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ ഫ്ലയിങ് കിസ് വിവാദവുമായി ബിജെപി. എംപിയായുള്ള രാഹുലിന്റെ തിരിച്ചുവരവ് ബിജെപിയെ അസ്വസ്ഥമാക്കിയിരുന്നു. മണിപ്പുര്‍ വിഷയത്തില്‍ നടക്കുന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോള്‍ രാഹുല്‍ ഗാന്ധി സ്ത്രീകളുടെ സീറ്റുകളിലേക്ക് നോക്കി ഫ്ലയിങ് കിസ് നല്‍കി എന്ന് സ്മൃതി ഇറാനിയാണ് ആരോപിച്ചത്. ഇതുസംബന്ധിച്ചു ബിജെപി വനിതാ എംപിമാര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതിയും നല്‍കി.
രാഹുലിന് ശേഷം പ്രസംഗിച്ച സ്മൃതി ഇറാനിയാണ് സഭയില്‍ ആരോപണം ഉന്നയിച്ചത്. സ്ത്രീ വിരുദ്ധനായ ഒരാള്‍ക്ക് മാത്രമേ പാര്‍ലമെന്റില്‍ സ്ത്രീകളുടെ സീറ്റുകളിലേക്ക് നോക്കി ഫ്‌ളൈയിങ് കിസ് നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് സ്മൃതി ഇറാനി പറഞ്ഞു.
എനിക്ക് മുമ്പായി സംസാരിക്കാന്‍ അവസരം ലഭിച്ചയാള്‍ പോകുന്നതിന് മുമ്പ് ഒരു അസഭ്യം പ്രകടിപ്പിച്ചു. പാര്‍ലമെന്റിലെ വനിതാ അംഗങ്ങള്‍ ഇരിക്കുന്നതിന് നേരെ ഒരു ഫ്‌ളൈയിങ് കിസ് നല്‍കാന്‍ന്‍ സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്രയും മാന്യതയില്ലാത്ത പെരുമാറ്റം രാജ്യത്തെ പാര്‍ലമെന്റില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ല' സ്മൃതി പറഞ്ഞു.
അവിശ്വാസ പ്രമേയ പ്രസംഗം കഴിഞ്ഞ് രാഹുല്‍ ലോക്‌സഭയില്‍ നിന്ന് ഇറങ്ങുന്നതിനിടെ ചില ഫയലുകള്‍ താഴെ വീണു. അതെടുക്കാന്‍ കുനിഞ്ഞപ്പോള്‍ ഏതാനും ബിജെപി എംപിമാര്‍ അദ്ദേഹത്തെ നോക്കി ചിരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ബിജെപി എംപിമാര്‍ക്ക് നേരെ ഫ്ലയിങ് കിസ് നല്‍കിയ ശേഷം രാഹുല്‍ ഇറങ്ങിപ്പോയെന്നാണ് പറയുന്നത്.