ബംഗളുരു : രാജ്യത്തെ 140 കോടി ജനങ്ങളുടെ അഭിമാനമുയര്‍ത്തി ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ -3ന്റെ ലാന്‍ഡര്‍ മൊഡ്യൂള്‍ വിജയകരമായി ചന്ദ്രോപരിതലത്തിലിറങ്ങി. മുന്‍കൂട്ടി നിശ്ചയിച്ചത് പോലെ വൈകിട്ട് 6.04നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയത്.
ലോകം ഉദ്വേഗത്തോടെ വീക്ഷിച്ച സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയയ്‌ക്കൊടുവില്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമായിരിക്കുകയാണ് ഇന്ത്യ. സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യവുമായി. ലാന്‍ഡര്‍ ഇറങ്ങുന്നതിന് മുമ്പുളള മണിക്കൂറുകള്‍ ഏറെ ആകാംക്ഷയോടെയാണ് ശാസ്ത്രജ്ഞരും രാജ്യത്തെ ജനങ്ങളും നോക്കിക്കണ്ടത്.
ജൂലൈ 14 നാണ് മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ -3 ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന വിക്ഷേപിച്ചത്. പല ഘട്ടങ്ങളിലായി ഭ്രമണപഥം കുറച്ചു കൊണ്ടു വന്ന് ചന്ദ്രന് വളരെ അടുത്ത് പേടകത്തെ എത്തിച്ച ശേഷം ലാന്‍ഡര്‍ മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെടുത്തി.
തുടര്‍ന്നാണ് ഇന്ന് വൈകിട്ട് 5.45ഓടെ ലാന്‍ഡിംഗിനുളള അന്തിമ നടപടികളിലേക്ക് കടക്കുകയായിരുന്നു. ലാന്‍ഡറിന്റെ വേഗം ഘട്ടം ഘട്ടമായി കുറച്ച് മെല്ലെ ചാന്ദ്രോപരിതലത്തിലിറക്കിയപ്പോള്‍ അത് ചരിത്രമാവുകയായിരുന്നു.
ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തത്സമയം വീക്ഷിച്ചു.
ദൗത്യം വിജയകരമായെന്ന് മലയാളി കൂടിയായ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ് പ്രഖ്യാപിച്ച ഉടന്‍ സന്തോഷം പങ്കിട്ട് ജോഹന്നസ്ബര്‍ഗില്‍ നിന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു.
ദൗത്യം വിജയകരമാക്കിയ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞരെ മോദി അഭിനന്ദിച്ചു. ഐതിഹാസിക നിമിഷമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുമ്പ് ചന്ദാ മാമ ദൂരെയാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് ചന്ദ്രനിലേക്ക് ടൂര്‍ പോകാമെന്ന് കുട്ടികള്‍ പറയുന്ന ഘട്ടമായെന്ന് പ്രധാനമന്ത്രി പറഞ്ഞു.അടുത്തതായി സൂര്യ പര്യവേക്ഷണമാണ് ലക്ഷ്യം. ഇതിനായാണ് ആദിത്യ എല്‍ 1 നടപ്പിലാക്കുന്നത്. അതിന് ശേഷം ശുക്രന്‍ ലക്ഷ്യമിടുന്നു.