Don't Miss

പുതുപ്പള്ളിയില്‍ നിലമൊരുക്കാന്‍ ഭരണിപ്പാട്ടുമായി മണിയാശാന്‍

പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണത്തിന് ഇറങ്ങുന്നതിനു മുന്നോടിയായി നിലമൊരുക്കാന്‍ ഭരണിപ്പാട്ടുമായി മണിയാശാന്‍ ഇറങ്ങി. കൊല്ലത്തു പണ്ട് തന്റെ നേതാവ് തെരഞ്ഞെടുപ്പ് പ്രചാരണ നിഘണ്ടുവില്‍ സംഭാവന ചെയ്ത വാക്കുകളുടെ സ്വാധീനം വിട്ടുമാറാത്ത മണിയാശാന്‍ പതിവ് ഭരണിപ്പാട്ടുമായാണ് എതിര്‍ പാര്‍ട്ടിക്കാരെ നേരിടുന്നത്. സൈബര്‍ കാപ്സ്യൂളുകള്‍ വേണ്ടത്ര ഏശുന്നില്ലെന്നു കണ്ടതോടെയാണ് പുലഭ്യവും പുലയാട്ടുമായി അരയും തലയും മുറുക്കി ആശാനെ രംഗത്തിറക്കിയിരിക്കുന്നത്.


മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുള്ള മാസപ്പടി വിവാദത്തെ ചെറുക്കാനും ഉമ്മന്‍ചാണ്ടിയുടെ വ്യക്തിപ്രഭാവവും ജനസമ്മതിയും കണ്ടു വിറളിപിടിച്ച സഖാക്കള്‍ പ്രതിരോധത്തിനു ശ്രമിക്കുന്നത് ഇത്തരം വാമൊഴി വഴക്കത്തിലൂടെയാണ്. ഒരു വശത്തു ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിലേയ്ക് ജനത്തിന്റെ തീര്‍ത്ഥയാത്ര നടക്കുമ്പോഴാണ് മറുവശത്തു മണിയാശാന്റെ ഭരണിപ്പാട്ടുകള്‍ സഖാക്കള്‍ക്കു ആവേശമായി മാറുന്നത്.
പിണറായി വിജയനും കുടുംബത്തിനുമെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെയാണ് പരനാറി പ്രയോഗവുമായി എം.എം.മണി എത്തിയത്.


ഉമ്മന്‍ചാണ്ടി മരിക്കാനായി കാത്തിരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം എന്നാണ് മണിയാശാന്റെ കണ്ടെത്തല്‍. മരിച്ചു കഴിഞ്ഞപ്പോള്‍ അവര്‍ കരച്ചിലും പിഴിച്ചിലും നെഞ്ചത്തടിയുമായി ഇറങ്ങിയിരിക്കുകയാണെന്നും ആശാന്‍ മൊഴിയുന്നു. ഒരുമാസം മുമ്പുവരെ ഉമ്മന്‍ചാണ്ടി മണിയാശാന്റെ പാര്‍ട്ടിയ്ക്ക് മാതൃകാ പുരുഷോത്തമനായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉമ്മന്‍ചാണ്ടി തൊട്ടതെല്ലാം കുറ്റമായി. 53 വര്‍ഷമായി പുതുപ്പള്ളിയിലെ ജനം ജയിപ്പിച്ചുവിടുന്ന ഉമ്മന്‍ചാണ്ടി നാടിനായി ഒന്നും ചെയ്തില്ലെന്നായിരുന്നു ഇടതു പക്ഷത്തിന്റെ കണ്ടെത്തല്‍. അതുകൊണ്ടു വ്യക്തിപരമായ ആക്ഷേപമല്ല വികസന ചര്‍ച്ചയാണ് തങ്ങള്‍ നടത്തുക എന്നാണ് സിപിഎം നേതാക്കള്‍ പറഞ്ഞത്. അതിനായി ക്യാപ്സ്യൂള്‍ ഇറക്കിയത് ഒരു ഒറ്റയടി പാലത്തിന്റെ ചിത്രമായിരുന്നു. കേട്ടപാതി കേള്‍ക്കാത്ത പാതി സൈബര്‍ സഖാക്കള്‍ അതെടുത്തു അലക്കി. ഒടുക്കം പാലം വാസവന്റെ മണ്ഡലത്തിലാണെന്നു അറിഞ്ഞതോടെ അത് വെള്ളം തൊടാതെ തൊണ്ടയിലിറക്കി.


ഇതേ തന്ത്രമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ മുമ്പും പ്രയോഗിച്ചത്. സോളാര്‍ നായികയെ കെട്ടിയെഴുന്നെള്ളിച്ചു നാടുനീളെ അശ്ലീലം പറഞ്ഞാണ് 2016 ലെ തിരഞ്ഞെടുപ്പ് ജയിച്ചു കയറിയത്. മണിയാശാനും നേതാക്കളും അന്ന് അണികളെ ആവേശം കൊള്ളിച്ചത് അശ്ലീല കഥകള്‍ പറഞ്ഞു നടന്നായിരുന്നു. ഒടുക്കം അതെല്ലാം പൊള്ളത്തരം ആയിരുന്നെന്നും പണംകൊടുത്തു സോളാര്‍ നായികയെകൊണ്ടു പറയിക്കുകയായിരുന്നെന്നും പുറത്തുവന്നു.


ഉമ്മന്‍ചാണ്ടിയുടെ ജനസമ്മതിയും സോളാര്‍ വിവാദത്തിലെ വേട്ടയാടലും തിരിച്ചറിഞ്ഞതുകൊണ്ടാണ് ജനം അദ്ദേഹത്തിന് വികാര നിര്‍ഭരമായ യാത്രയയപ്പു നല്‍കിയത്. കേരളം അക്ഷരാര്‍ത്ഥത്തില്‍ മരവിച്ച ദിവസങ്ങള്‍. ഉമ്മന്‍ചാണ്ടി അംഗീകരിക്കാനും പ്രകീര്‍ത്തിക്കാനും സിപിഎം നേതാക്കള്‍ക്കു മുന്നോട്ടു വരേണ്ടിവന്നു. അതിനിടെയാണ് പെട്ടെന്നുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനവും ചാണ്ടി ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വവും. അതോടെ സഖാക്കള്‍ പത്തൊന്‍പതാമത്തെ അടവ് വീണ്ടും പുറത്തെടുത്തു. മണിയാശാന്റെ വാമൊഴിവഴക്കമൊക്കെ അങ്ങനെ പുതുപ്പള്ളിയെ മലീമസമാക്കി അന്തരീക്ഷത്തില്‍ നിറയുകയാണ് സുഹൃത്തുക്കളെ ..നിറയുകയാണ്.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions