കള്ളപ്പണവും അഴിമതിയും കാണുമ്പോള്‍ എന്റെ മനസ് വേദനിക്കുന്നു എന്ന് വിലപിച്ച കോണ്‍ഗ്രസ് എംപിയുടെ സ്ഥാപനങ്ങളില്‍ നിന്ന് ഇതിനോടകം കണ്ടെടുത്തത് 351 കോടി രൂപയുടെ നോട്ടുകെട്ടുകള്‍! കണക്കില്‍പ്പെടാത്ത കോടികളുടെ കള്ളപ്പണം പിടിച്ചെടുത്ത കേസിലെ പ്രതിയായ കോണ്‍ഗ്രസ് എംപി ധീരജ് സാഹുവാണു ഇപ്പോള്‍ ദേശീയ മാധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രം. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ സാഹുവിന്റെ സ്ഥാപനങ്ങളില്‍ നിന്ന് ഇതിനോടകം പിടിച്ചെടുത്തത് 351 കോടി രൂപയാണ്. 50 ബാങ്ക് ഉദ്യോഗസ്ഥരും 40 നോട്ടെണ്ണല്‍ മെഷീനുകളും ഉപയോഗിച്ച് അഞ്ച് ദിവസം കൊണ്ടാണ് പണം മുഴുവന്‍ എണ്ണി തീര്‍ത്തത്.
ഇതിനിടെ, സാഹുവിന്റെ കള്ളപ്പണത്തെ കുറിച്ചുള്ള പഴയ പോസ്റ്റ് കുത്തിപ്പൊക്കി ബിജെപി ഐടി സെല്‍ രംഗത്തുവന്നു. നോട്ട് നിരോധനത്തിന് ശേഷവും രാജ്യത്ത് കള്ളപ്പണം വ്യാപകമാകുന്നുവെന്ന് ആരോപിച്ച് ധീരജ് സാഹു 2022ല്‍ എക്‌സില്‍ പങ്കുവച്ച പോസ്റ്റാണ് വീണ്ടും ചര്‍ച്ചയാകുന്നത്.
'രാജ്യത്ത് നോട്ട് നിരോധനത്തിന് ശേഷവും ഇത്രയധികം കള്ളപ്പണവും അഴിമതിയും കാണുമ്പോള്‍ എന്റെ മനസ് വേദനിക്കുന്നു. എനിക്ക് മനസിലാകുന്നില്ല എവിടെ നിന്നാണ് ഇത്രയധികം കള്ളപ്പണം ആളുകള്‍ ശേഖരിക്കുന്നത്. രാജ്യത്ത് നിന്ന് അഴിമതി വേരോടെ നീക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അത് കോണ്‍ഗ്രസിന് മാത്രമാണെന്നാ'യിരുന്നു ധീരജ് സാഹുവിന്റെ പോസ്റ്റ്.
'അഴിമതിയുടെ കട' എന്ന ഹാഷ്ടാഗോടെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചിരിക്കുന്നത്.
മൂന്ന് തവണ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് പറഞ്ഞയച്ച എംപിയാണ് ഇദ്ദേഹം. കോണ്‍ഗ്രസ് കൂടി കൈവിട്ടതോടെ ഇയാള്‍ ഒളിവിലാണ്.