സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് നയപ്രഖ്യാപന പ്രസംഗത്തിലും. ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം ഒന്നര മിനിറ്റുകൊണ്ട് അവസാനിച്ചു. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച ഗവര്‍ണര്‍, ഒരു മിനിറ്റ് 17 സെക്കന്റുകള്‍ കൊണ്ട് പ്രസംഗം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.
കേന്ദ്രസര്‍ക്കാരിനെതിരെയുള്ള രൂക്ഷ വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കി. ഇതിന് പിന്നാലെ സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിക്കുകയായിരുന്നു. ഒരു മിനിറ്റ് 17 സെക്കന്റുകള്‍ കൊണ്ടാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാനഭാഗം മാത്രം വായിക്കാന്‍ ഗവര്‍ണര്‍ വിനിയോഗിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എഎന്‍ ഷംസീറും മന്ത്രി കെ രാധാകൃഷ്ണനും ചേര്‍ന്നാണ് ഗവര്‍ണറെ നിയമസഭയില്‍ സ്വീകരിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ബൊക്കെ നല്‍കിയെങ്കിലും മുഖത്ത് പോലും ഗവര്‍ണര്‍ നോക്കിയില്ല. സഭാ സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് പോലും സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായ ഭിന്നത ഇരുവരുടേയും ശരീരഭാഷയില്‍ പ്രകടമായിരുന്നു.
കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍, മണിപ്പൂര്‍ വിഷയത്തിലെ നിലപാട്, സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടുകള്‍ മുതലായവ ഉള്‍ക്കൊള്ളുന്ന സുപ്രധാന ഭാഗങ്ങളാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. എന്റെ ജനങ്ങള്‍, എന്റെ സര്‍ക്കാര്‍ മുതലായ അഭിസംബോധനകളും ഗവര്‍ണര്‍ ഒഴിവാക്കി. മണിപ്പൂര്‍ വിഷയം മുന്‍നിര്‍ത്തി എന്റെ സര്‍ക്കാര്‍ എല്ലാവിധ വംശഹത്യകള്‍ക്കും മനുഷ്യരാശിയ്‌ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളേയും അപലപിക്കുന്നുവെന്നുള്ള ഭാഗങ്ങളും ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കി.
അതേസമയം, ഒരു ഖണ്ഡിക മാത്രമേ വായിച്ചുള്ളൂവെങ്കിലും നയപ്രഖ്യാപന പ്രസംഗത്തില്‍ നിയമപ്രശ്നമില്ലെന്ന് അറിയിപ്പ്. ഒരു വരി മാത്രം വായിച്ചാല്‍ പോലും പ്രസംഗത്തിന് സാധുതയുണ്ടെന്നാണ് അറിയിപ്പ്. അതേസമയം, ഗവര്‍ണറുടെ നടപടിയെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു.
ഗവര്‍ണറുടെ നിയമസഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള നാടകത്തിന്റെ അന്ത്യമാണ് നിയമസഭയില്‍ കണ്ടത്. സര്‍ക്കാര്‍ പ്രതിരോധത്തിലാകുമ്പോള്‍ ഗവര്‍ണര്‍ രക്ഷയ്‌ക്കെത്തുമെന്ന് പ്രതിപക്ഷനേതാവ് പരിഹസിച്ചു.
ഇത്രയും മോശമായ നയപ്രഖ്യാപന പ്രസംഗം കേരള ചരിത്രത്തിലുണ്ടായിട്ടില്ല. ജനങ്ങളുടെ പ്രതിസന്ധികളെക്കുറിച്ച് നയപ്രഖ്യാപന പ്രസംഗത്തില്‍ ഒന്നും പറയുന്നില്ല. ഗവര്‍ണര്‍ നിയമസഭയെ കൊഞ്ഞനംകുത്തിയെന്നാണ് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.