വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണിനടിയില്‍ ഇനി ആരും ജീവനോടെയില്ലെന്നു സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി. ഇനി മണ്ണിനടിയില്‍ മൃതദേഹങ്ങള്‍ തേടിയുള്ള പരിശോധനയാണ് നടക്കുക. ഇരുന്നൂറിലേറെ പെരെയാണ് കണ്ടെത്താനുള്ളത്. കല്ലും പാറയും മരവും ചെളിയും കെട്ടിടാവശിഷശിഷ്ടങ്ങളും മൂലം പ്രദേശം മൂടിയിരിക്കുകയാണ്. വീടുകള്‍ എവിടെയായിരുന്നു എന്നുപോലും വ്യക്തമാകാത്ത അവസ്ഥ. കനത്ത മഴമൂലം മുണ്ടകൈയിലെയും പുഞ്ചിരിവട്ടത്തിലെയും മൂന്നാമ ദിവസത്തെ തിരച്ചില്‍ ഉച്ചയോടെ നിര്‍ത്തേണ്ടിവന്നു.
രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ യന്ത്രങ്ങള്‍ ആവശ്യമുണ്ടെന്ന് മുണ്ടൈക്കയില്‍ തിരച്ചില്‍ തുടരുന്ന രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. കൂടുതല്‍ യന്ത്രസാമഗ്രികള്‍ ലഭിച്ചാല്‍ മാത്രമേ കടപുഴകി വീണ വന്‍മരങ്ങള്‍ വെട്ടിമാറ്റുന്നതിനും ചെളിയില്‍ മൂടിക്കിടക്കുന്ന വീടിന്റെ ടെറസുകള്‍ നീക്കം ചെയ്യാനും കഴിയുകയുള്ളുവെന്ന് അവര്‍ പറയുന്നു
'ഞങ്ങള്‍ ഒരു വീടിന്റെ ടെറസിന് മുകളിലാണ് ഉള്ളത്. അടിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നു. ഇതിനകത്ത് മൃതദേഹങ്ങള്‍ ഉള്ളതായി തോന്നുന്നു. കെട്ടിടം പൂര്‍ണമായും ചെളിയില്‍ മൂടിയിരിക്കുന്നു. ചുറ്റും കടപുഴകിയെത്തിയ മരങ്ങളും മൂടിയിരിക്കുകയാണ്' രക്ഷാപ്രവര്‍ത്തകന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് ഹിറ്റാച്ചികള്‍ ഉണ്ടെങ്കിലും അതുമാത്രം പോരാ, വന്‍ മരങ്ങള്‍ നീക്കം ചെയ്യുന്നതിനും തകര്‍ന്ന കെട്ടിടങ്ങളില്‍ തിരച്ചില്‍ നടത്തുന്നതിനും കൂടുതല്‍ യന്ത്രങ്ങള്‍ ആവശ്യമാണെന്നും എങ്കില്‍ മാത്രമേ തിരച്ചിലില്‍ പുരോഗതി കൈവരിക്കാനാകൂയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് മുപ്പതിലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കിട്ടി. ചാലിയാര്‍ പുഴയുടെ വഴികളായ പനങ്കയത്തുനിന്ന് ഒരു മൃതദേഹവും പൂക്കോട്ടുമണ്ണ പാലത്തിന് സമീപത്തുനിന്ന് രണ്ടുമൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഏതാനും ശരീരഭാഗങ്ങളും കണ്ടെത്തി. സന്നദ്ധപ്രവര്‍ത്തകരും അഗ്നിരക്ഷാസേനയും പൊലീസും ചേര്‍ന്നാണ് പുഴയില്‍ തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞരണ്ടുദിവങ്ങളില്‍ 100ലധികം മൃതദേഹങ്ങളാണ് ഇവിടെനിന്ന് കണ്ടെത്തിയത്.
അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 292 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 പേരെ കാണാതായെന്നാണ് വിവരം. അതേസമയം, കൂടുതല്‍ യന്ത്രങ്ങളെത്തിച്ചാണ് മൂന്നാം നാളിലെ തിരച്ചില്‍. 15 മണ്ണുമാന്തി യന്ത്രങ്ങള്‍ ഇന്നലെ രാത്രി മുണ്ടക്കൈയില്‍ എത്തിച്ചു. കൂടുതല്‍ കട്ടിങ് മെഷീനുകളും ആംബുലന്‍സുകളും നാളെ എത്തിക്കും.
ദുരന്തഭൂമിയില്‍ ബെയ്‌ലി പാലം തുറന്നു
മലവെള്ളപ്പാച്ചില്‍ തുടച്ചുനീക്കിയ മുണ്ടൈക്കയിലേക്ക് കടക്കാനുള്ള ബെയ്‌ലി പാലം ഇന്ത്യന്‍ സൈന്യം പൂര്‍ണ്ണ സജ്ജമാക്കി.ബുധനാഴ്ച തുടങ്ങിയ നിര്‍മാണം പ്രതികൂല സാഹചര്യങ്ങളെല്ലാം മറികടന്ന് രാപകല്‍ കഠിനാധ്വാനംചെയ്ത് പൂര്‍ണ്ണ സജ്ജമാക്കിയ പാലത്തിലൂടെ ഇന്ന് വൈകീട്ട് 5.50 ഓടെ ആദ്യ വാഹനം കടത്തിവിട്ടു.
കരസേനയുടെ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പി (MEG)ന്റെ നേതൃത്വത്തിലാണ് പാലം നിര്‍മിച്ചത്. മുണ്ടക്കൈയേയും ചൂരല്‍മലയേയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ഒരേസമയം 24 ടണ്‍ ഭാരംവരെ വഹിക്കാന്‍ ശേഷിയുള്ളതാണ് സൈന്യം ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന ബെയ്‌ലി ബാലം.