ക്രിസ്മസിന് മുമ്പ് എന്‍എച്ച്എസിനെയും, രോഗികളെയും ദുരന്തത്തിലേക്ക് തള്ളിവിടാന്‍ അഞ്ച് ദിന പണിമുടക്ക് പ്രഖ്യാപിച്ച് ബിഎംഎ
വെല്ലുവിളിച്ച് പോരാടാന്‍ ഇറങ്ങിയ ഹെല്‍ത്ത് സെക്രട്ടറിയോട് പരസ്യമായ യുദ്ധ പ്രഖ്യാപനം നടത്തി ഡോക്ടര്‍മാരുടെ യൂണിയന്‍ ആയ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍. വിന്ററും ക്രിസ്മസും പണിമുടക്കാനുള്ള അനുകൂല അവസരമാക്കി മാറ്റാനാണ് ബിഎംഎ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ക്രിസ്മസിന് മുമ്പ് എന്‍എച്ച്എസിനെയും, രോഗികളെയും ദുരന്തത്തിലേക്ക് തള്ളിവിടാന്‍ അഞ്ച് ദിന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് സംഘടന.
ആശുപത്രികളെ പൂര്‍ണ്ണമായി സ്തംഭിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഡിസംബറില്‍ അഞ്ച് ദിവസം കൂടി പണിമുടക്ക് നടത്താനുള്ള പുതിയ പ്രഖ്യാപനം. ക്രിസ്മസിന് തൊട്ടുമുന്‍പ് ഡിസംബര്‍ 17 മുതല്‍ ഡിസംബര്‍ 22 വരെയാണ് ആയിരക്കണക്കിന് റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കാന്‍ ഇറങ്ങുന്നത്. ഗവണ്‍മെന്റ് പുതിയ ഓഫറൊന്നും മുന്നോട്ട് വെയ്ക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ സമരതീയതികള്‍ പ്രഖ്യാപിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉണ്ടായില്ലെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അവകാശപ്പെട്ടു.
2022 മുതല്‍ 13 തവണ സമരം ചെയ്ത ബിഎംഎ രണ്ടാഴ്ച മുന്‍പും പണിമുടക്കിയിരുന്നു. എന്നാല്‍ അവസാനം നടത്തിയ സമരങ്ങളില്‍ ഡോക്ടര്‍മാര്‍ വിമുഖത പ്രകടിപ്പിച്ചതായി കണക്കുകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് ദിവസം തുടര്‍ച്ചയായി പണിമുടക്കാനുള്ള തീരുമാനം വരുന്നത്.
ക്രിസ്മസ് തകര്‍ക്കാനുള്ള ഗൂഢനീക്കമാണ് ഇതെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് അപലപിച്ചു. ബിഎംഎ പോരാട്ടം കടുപ്പിക്കുമ്പോള്‍ ഇത് എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമാണെന്ന് എന്‍എച്ച്എസ് മേധാവികളും കുറ്റപ്പെടുത്തി. എന്‍എച്ച്എസ് സേവനങ്ങള്‍ക്ക് ഏറെ ആവശ്യക്കാര്‍ വരുന്ന സമയം കൂടിയാണ് വിന്റര്‍ സീസണ്‍. ഫ്‌ളൂ കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടെ ജീവനക്കാരും അസുഖബാധിതരാകുമ്പോള്‍ സമ്മര്‍ദം കുതിച്ചുയരും.
പബ്ലിക് സെക്ടര്‍ മേഖലയിലെ ശമ്പളവര്‍ധനവുകള്‍ പരിഗണിച്ച് മേയില്‍ 5.4 ശതമാനം വര്‍ദ്ധനവാണ് റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് അനുവദിച്ചത്. എന്നാല്‍ 29.2 ശതമാനം ശമ്പളവര്‍ധനവാണ് ഇപ്പോള്‍ ആവശ്യമുള്ളതെന്ന് ബിഎംഎ അവകാശപ്പെടുന്നു.
സ്ട്രീറ്റിംഗും, ബിഎംഎയും തമ്മിലുള്ള ബന്ധം റസിഡന്റ് ഡോക്ടര്‍മാരുടെ സമരങ്ങളോടെയാണ് മോശമായത്. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ സമീപനം അസഹനീയമായി മാറിയിട്ടുണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി ആരോപിക്കുന്നു. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ഡോക്ടര്‍മാരുടെ യൂണിയന്‍ പങ്കുവെയ്ക്കുന്നതെന്നും വിമര്‍ശിച്ചാണ് ഇവരുമായി വെസ് സ്ട്രീറ്റിംഗ് നേരിട്ട് കൊമ്പുകോര്‍ക്കുന്നത്.
തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 8-നും, വൈകീട്ട് 6.30-നും ഇടയില്‍ രോഗികള്‍ക്ക് ജിപിമാരെ ഓണ്‍ലൈനില്‍ ബന്ധപ്പെടുന്നത് എളുപ്പമാക്കിയിരുന്നു. എന്നാല്‍ ഈ നടപടിയില്‍ ബിഎംഎ മാറ്റങ്ങള്‍ വരുത്തിയതില്‍ രോഷം രേഖപ്പെടുത്തി ഹെല്‍ത്ത് സെക്രട്ടറി 50,000 ജിപിമാര്‍ക്ക് നേരിട്ട് കത്തയച്ചു. അസാധാരണ നീക്കമായാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്.
ജിപിമാരുടെ വാര്‍ഷിക കോണ്‍ട്രാക്ടുമായി ബന്ധപ്പെട്ട് ഏക ഇടനിലക്കാരായി നിന്ന ബിഎംഎയെ ഈ സ്ഥാനത്ത് നിന്നും ഹെല്‍ത്ത് സെക്രട്ടറി മാറ്റിയിട്ടുണ്ട്. മന്ത്രിമാരെ ചതിയന്‍മാരെന്നും, തങ്ങളോട് നുണ പറയുന്നവരെന്നുമാണ് ബിഎംഎ ജിപി കമ്മിറ്റി നേതാക്കള്‍ കുറ്റപ്പെടുത്തിയത്. ഇതോടെയാണ് ജിപിമാരെ അഭിസംബോധന ചെയ്ത് നേരിട്ട് സ്ട്രീറ്റിംഗ് കത്തയച്ചത്.