ഇംഗ്ലണ്ടിലെ ഏകദേശം നാല് മില്ല്യണ്‍ കുട്ടികള്‍ സാമ്പത്തിക പീഡനത്തിന്റെ ഇരകള്‍ ആണെന്ന് പഠന റിപ്പോര്‍ട്ട്. കുട്ടികളെ കുടുംബത്തിനുള്ളിലെ സാമ്പത്തിക അസ്ഥിരത നേരിട്ടോ പരോക്ഷമായോ ബാധിക്കുന്നതായി സര്‍വൈവിംഗ് എക്കണോമിക് എബ്യൂസ് (SEA) പുറത്തിറക്കിയ ഏറ്റവും പുതിയ പഠനത്തില്‍ പറയുന്നു. മാതാക്കളില്‍ നിന്ന് പോക്കറ്റ് മണിയും പിറന്നാള്‍ പണവും വരെ കവര്‍ന്നെടുക്കുന്ന സംഭവങ്ങള്‍ ഉള്‍പ്പെടെ, കുടുംബത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം പൂര്‍ണമായി നിയന്ത്രിക്കുന്ന രീതികളാണ് ഉള്ളെതെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
18 വയസിന് താഴെയുള്ള കുട്ടികളുള്ള മാതാക്കളില്‍ 27 ശതമാനം പേര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള സാമ്പത്തിക പീഡനത്തില്‍പ്പെട്ടിട്ടുണ്ടെന്ന് പഠനം കണ്ടെത്തി. ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രവേശനം തടയല്‍, അവകാശം നിഷേധിക്കല്‍, സാമ്പത്തിക സഹായങ്ങള്‍ അറ്റുപോകുക തുടങ്ങിയ പ്രവണതകള്‍ കുട്ടികളുടെ ദിനചര്യക്കും ശാരീരിക-മാനസിക സുരക്ഷയ്ക്കും നേരിട്ട് ഭീഷണി സൃഷ്ടിക്കുന്നുവെന്നാണ് എസ് ഇ എ മുന്നറിയിപ്പ് നല്‍കുന്നത്.
പഠനത്തില്‍ പങ്കെടുത്ത നിരവധി അമ്മമാര്‍ മുന്‍ പങ്കാളികള്‍ ചൈല്‍ഡ് ബെനിഫിറ്റുകളും മെയിന്റനന്‍സ് തുകയും നിഷേധിച്ച് കുട്ടികളുടെ ആവശ്യങ്ങള്‍ നിരാകരിക്കുന്നതായി വെളിപ്പെടുത്തി. മുന്‍ പങ്കാളികളുടെ സാമ്പത്തിക ഉപദ്രവം നേരിടേണ്ടി വന്നവരില്‍ മൂന്നില്‍ ഒരാള്‍ക്ക് ചൈല്‍ഡ് സപ്പോര്‍ട്ട് തുക ലഭിക്കാതെയോ ഇടയ്ക്കിടെ മാത്രമേ ലഭിക്കുകയോ ചെയ്തിരുന്നുള്ളുവെന്ന് എസ് ഇ എ പറയുന്നു. നേരിട്ട് കുട്ടിയുടെ പിറന്നാള്‍ പണവും സമ്മാനത്തിനുള്ള തുകയും കൈവശപ്പെടുത്തുന്നതു മുതല്‍, ആവശ്യമായ ഭക്ഷണവും വസ്ത്രവും പോലും വാങ്ങാന്‍ തടസ്സമുണ്ടാക്കുന്നതുവരെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട് . ക്രിസ്മസിന് മുമ്പ് മെയിന്റനന്‍സ് തുക നിര്‍ത്തി കുട്ടികളെയും അമ്മയെയും സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തിയ സംഭവങ്ങള്‍ വരെ പഠനം ഉദ്ധരിക്കുന്നു.
സാമ്പത്തിക പീഡനം ഒരു ഗുരുതരമായ കുറ്റമാണെന്നും ദിവസേന അനവധി കുട്ടികളെ അത് ദോഷകരമായി ബാധിക്കുന്നു എന്നും എസ് ഇ എയുടെ ചീഫ് എക്സിക്യൂട്ടീവ് സാം സ്മെതേഴ്സ് പറഞ്ഞു. കുട്ടികളുടെ പോക്കറ്റ് മണി വരെ കവര്‍ന്നെടുക്കാനും മാതാക്കളെ മനപൂര്‍വം സര്‍ക്കാരിന്റെ സഹായങ്ങളില്‍ നിന്ന് അകറ്റാനുമുള്ള അവസരങ്ങള്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക പീഡനത്തെ ചെറുക്കാന്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ നീണ്ടുനില്‍ക്കുന്ന ‘വയലന്‍സ് എഗൈന്‍സ്റ്റ് വുമണ്‍ ആന്‍ഡ് ഗേള്‍സ്’ നയം പുറത്തുവിടണമെന്നും ചൈല്‍ഡ് മെയിന്റനന്‍സ് പോലുള്ള സംവിധാനങ്ങളിലെ പോരായ്മകള്‍ അടിയന്തരമായി പരിഹരിക്കണമെന്നും എസ് ഇ എ ആവശ്യപ്പെടുന്നു.