ബര്‍മിംഗ്ഹാം നഗരത്തില്‍ സമീപകാലത്തായി കത്തി ആക്രമണങ്ങള്‍ പെരുകുന്നതില്‍ ആശങ്ക. ബുള്‍റിങ്കിന് സമീപം ബസ് കാത്തു നിന്നിരുന്ന കേറ്റി ഫോക്‌സിന്റെ കൊലപാതകവും പിന്നാലെ 19 കാരനായ യാസിന്‍ അല്‍മയുടെ ഹാന്‍ഡ്‌സ്‌വര്‍ത്തിലെ കുത്തേറ്റുള്ള മരണവും അക്ഷരാര്‍ത്ഥത്തില്‍ നഗര വാസികളെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ ആയിരുന്നു. ഒരു മാസത്തിനുള്ളില്‍ നഗര മധ്യത്തില്‍ നാല് കുത്തേറ്റ സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തതോടെ പോലീസ് ശക്തമായ നിരീക്ഷണവും ഇടപെടലുകളും നടത്താന്‍ തുടങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .
വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് പോലീസിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ലോസല്‍സ്–ഈസ്റ്റ് ഹാന്‍ഡ്‌സ്‌വര്‍ത്ത്, ആസ്റ്റണ്‍ എന്നിവയാണ് 2,000-ത്തിലധികം ക്രൂരമായ, ലൈംഗിക സ്വഭാവമുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരപ്രദേശങ്ങള്‍. അക്കോക്സ് ഗ്രീന്‍ , സ്റ്റോക്ക്‌ലാന്‍ഡ് ഗ്രീന്‍, സൗത്ത് യാര്‍ഡ്‌ലി, സ്പാര്‍ക്‌ബ്രൂക്ക് തുടങ്ങിയ മേഖലകളും ഉയര്‍ന്ന കുറ്റനിരക്കുള്ള പ്രദേശങ്ങളായി ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. കൊലപാതകം മുതല്‍ കവര്‍ച്ച, ലൈംഗിക അതിക്രമം, ഗാര്‍ഹിക പീഡനം വരെ ഉള്‍പ്പെടുന്ന ഗൗരവമായ കേസുകളാണ് ഇവിടെ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
എന്നാല്‍ സമീപകാല ആക്രമണങ്ങള്‍ക്കിടയിലും നഗരം സുരക്ഷിതമാണെന്ന് പോലീസ് ഉറപ്പുനല്‍കുന്നു. കെയ്റ്റി ഫോക്‌സ് കേസില്‍ പോലീസ് മിനിറ്റുകള്‍ക്കുള്ളില്‍ എത്തിച്ചേര്‍ന്നതായും, ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഏത് നഗരത്തിലും സംഭവിക്കാവുന്നതാണെന്നും ഓപ്പറേഷന്‍ ഫിയര്‍ലെസിന്റെ ഡിസിഐ ജോണ്‍ ആസ്‌ക്യു വ്യക്തമാക്കി.