Don't Miss

പിസി ജോര്‍ജിനെ തഴഞ്ഞുള്ള ബിജെപിയുടെ രാഷ്ട്രീയം

ബിജെപിയുടെ കേരളത്തിലെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയില്‍, അടുത്തിടെ ബിജെപിയിലെത്തിയ പിസി ജോര്‍ജ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പാര്‍ട്ടിയിലെ ഭൂരിഭാഗവും പ്രതീക്ഷിച്ചിരുന്നത്. ഗ്രൗണ്ട് സപ്പോര്‍ട്ടും പിസിയ്ക്കു അനുകൂലമായിരുന്നു. ബിജെപിയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച നേതാവെന്ന നിലയിലും മണ്ഡലത്തിലെ സ്വാധീനത്തിലും മതസാമുദായിക സമവാക്യങ്ങളിലും പിസി കൃത്യമായിരുന്നു. പക്ഷെ പ്രഖ്യാപനം വന്നപ്പോള്‍ ഏവരെയും ഞെട്ടിച്ചു രാഷ്ട്രീയത്തിലെ ശിശുവായ അനില്‍ ആന്റണിക്ക് സീറ്റ്. ബിജെപി പ്രവര്‍ത്തകരും പിസിയുടെ എതിരാളികളും ഒരു പോലെ ഞെട്ടി. തന്റെ അതൃപ്തി ജോര്‍ജ് പരസ്യമാക്കുകയും ചെയ്തു. എന്‍ഡിഎയുടെ ഭാഗമായ ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളിയെയും അച്ഛന്‍ സാക്ഷാല്‍ വെള്ളാപ്പള്ളിയെയും ആണ് തന്നെ പാരവച്ചവരായി പിസി കുറ്റപ്പെടുത്തിയത്. കേരളത്തിലെ ചില ബിജെപി നേതാക്കളും കളിച്ചു. ഏതായാലും കേരളത്തില്‍ തനിച്ചു ഒരു വാര്‍ഡില്‍പോലും ജയിക്കാന്‍ കഴിയാത്ത തുഷാറിന്റെ നീക്കം ഫലിച്ചു. ഫലമോ വിജയ പ്രതീക്ഷയുള്ള ഒരു മണ്ഡലം ബിജെപി കളഞ്ഞു കുളിച്ചു.


2019 ല്‍ കെ സുരേന്ദ്രന്‍ 2,97,396 വോട്ടുകള്‍ നേടിയ മണ്ഡലമാണ് പത്തനംതിട്ട. 2014 ല്‍ എംടി രമേശ് 138,954 വോട്ടുകളാണ് നേടിയിരുന്നത്. അതിനു മുമ്പ് 2009 ല്‍ ബി. രാധാകൃഷ്ണ മേനോന്‍ 56,294 വോട്ടുകള്‍ മാത്രം നേടിയ സ്ഥാനത്താണ് പടിപടിയായുള്ള ഈ ഉയര്‍ച്ച. കഴിഞ്ഞ തവണ ശബരിമല വിഷയവും ബിജെപിയ്ക്ക് ഗുണമായി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തുടക്കം മുതല്‍ വിശ്വാസികള്‍ക്കൊപ്പം സമര രംഗത്തുണ്ടായിരുന്ന ആളായിരുന്നു പിസി. പോരാത്തതിന് പൂഞ്ഞാറില്‍ നിന്ന് ഒറ്റയ്ക്ക് വിജയം നേടിയയാള്‍. കഴിഞ്ഞ തവണ രണ്ടാമത് എത്തുകയും ചെയ്തു. മുസ്‌ലിം തീവ്രവാദത്തിനെതിരെ പ്രസംഗിച്ചു ബിജെപിയുടെ കൈയടി നേടുകയും സഭയുടെ ഒപ്പം നിന്ന് അവരുടെ പ്രീതി പിടിച്ചു പറ്റുകയും ചെയ്ത പിസി ഇത്തവണ ബിജെപി, ക്രിസ്ത്യന്‍ വോട്ടുകള്‍ പോക്കറ്റിലാക്കാമെന്നാണ് കരുതിയിരുന്നത്. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളി കോമ്പൗണ്ടില്‍ അസി. വികാരിക്കെതിരായ ഈരാറ്റുപേട്ടക്കാരായ യുവാക്കളുടെ അതിക്രമം പുറത്തു എത്തിച്ചതും പിസിയായിരുന്നു.


പിസിയ്ക്ക് താമര ചിഹ്നത്തില്‍ തന്നെ മത്സരിക്കാമെന്ന അവസ്ഥ ഉണ്ടായിരുന്നപ്പോഴാണ് സൈബര്‍ രാഷ്ട്രീയം മാത്രം കളിച്ചു വന്ന അനില്‍ ആന്റണിയുടെ ഇറക്കുമതി. പിസി മത്സരിക്കാനില്ലെന്നത് ഇടതു വലതു മുന്നണികളെ സന്തോഷിപ്പിക്കുന്നുണ്ട്. 'വാപോയ കോടാലി'യെന്നു എതിരാളികള്‍ പരിഹസിക്കുമെങ്കിലും ആരുടേയും മുഖം നോക്കാതെ പച്ചയ്ക്കു രാഷ്ട്രീയം പറയുന്ന ആള്‍ എന്നത് പിസിയ്ക്കു മാത്രം സ്വന്തമാണ്. ജോര്‍ജ് നിന്നാല്‍ വല്ല വഴിയ്ക്കും ജയിച്ചാലോ എന്ന് ഭയമുള്ള ബിജെപിയുടെയും എന്‍ഡിഎയുടെയും ചില നേതാക്കളുടെ പങ്കും ഇതില്‍ പ്രധാനമാണ്. ജയസാധ്യതയാണോ മറ്റു ഘടകങ്ങളാണോ ഇവര്‍ കേരളത്തില്‍ പരിഗണിക്കുന്നതെന്ന ചോദ്യമാണ് ബാക്കിയാവുന്നത്. വോട്ട് കച്ചവടം എന്നത് കേരളത്തിലെ ബിജെപി നേതാക്കള്‍ പണ്ട് മുതലേ കേള്‍ക്കുന്ന ആരോപണവുമാണ്.

  • ദൈര്‍ഘ്യമേറിയ മോര്‍ട്ട്‌ഗേജിന് നിര്‍ബന്ധിതമായി യുകെ ജനത
  • ആഴ്ച മധ്യത്തില്‍ വിവാഹം കഴിക്കൂ; കുറഞ്ഞത് 3,000 പൗണ്ട് ലാഭിക്കൂ
  • യുകെയില്‍ സ്ത്രീകള്‍ക്കിടയില്‍ മദ്യപാനം കുതിച്ചുയരുന്നു
  • ആക്രമണത്തിന് മുന്‍പ് ഇറാനു മുകളിലൂടെ രണ്ട് ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍!
  • സൈബര്‍ ഹണി ട്രാപ്പ്: ഇരകളുടെ വിവരങ്ങള്‍ പുറത്തായത് ടോറി എംപിയില്‍ നിന്ന്
  • സീറ്റ് കിട്ടിയില്ല; എംഡിഎംകെ എംപി കീടനാശിനി ഉള്ളില്‍ചെന്ന് ഗുരുതരാവസ്ഥയില്‍
  • 'ചിറ്റപ്പന്‍' വേറെ ലെവലാണ്
  • സിദ്ധാര്‍ത്ഥിനെ അവര്‍ വേട്ടയാടി കൊന്നു
  • ലണ്ടനില്‍ നിന്ന് സൂപ്പര്‍ സോണിക് വിമാനങ്ങള്‍!
  • സിനിമയിലൂടെ ശ്രീരാമനെ നിന്ദിച്ചെന്ന്; നയന്‍താരയ്ക്കെതിരെ പൊലീസ് കേസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions