യുകെ ഫാമിലി വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സമൂഹ മാധ്യമ താരത്തിന്റെ ഭര്‍ത്താവ് അറസ്റ്റില്‍
യുകെ ഫാമിലി വീസ തട്ടിപ്പ് കേസില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ അന്ന ഗ്രേസിന്റെ ഭര്‍ത്താവ് അറസ്റ്റില്‍. വയനാട് കല്‍പ്പറ്റ സ്വദേശിയായ ജോണ്‍സനാണ് അറസ്റ്റിലായത്. യുകെയിലേക്ക് കുടുംബ വീസ വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയില്‍ നിന്നും 44 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. കേസില്‍ അന്ന ഗ്രേസും പ്രതിയാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി ഇവര്‍ക്കെതിരെ നാല് എഫ്ഐആര്‍ നിലവിലുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്.
അതേസമയം സംഭവത്തില്‍ പ്രതികരണവുമായി അന്ന രംഗത്തുവന്നു. 'ഒരു വിഡിയോ ചെയ്തതിന്റെ ഭാഗമായുള്ളതാണ് നിലവിലെ എഫ്ഐആറുകള്‍. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിളിപ്പിച്ചപ്പോഴെല്ലാം സ്റ്റേഷനില്‍ പോയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ല'. വളരെ അവിചാരിതമായാണ് കഴിഞ്ഞ ദിവസം തന്റെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും കേസുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും അന്ന പറഞ്ഞു. താനെവിടെയും പോയിട്ടില്ലെന്നും വീഡിയോയിലൂടെ അന്ന പറഞ്ഞു.
ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ആളുകളാണ് അന്നയെ പിന്തുടരുന്നത്. 'എന്നെ വിശ്വസിക്കുന്നവരോട് ഒരു വാക്ക്' എന്ന അടികുറിപ്പോടെയാണ് അന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്.