ഒന്‍പതു മാസത്തിനപ്പുറം നടക്കാനുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പൂഴിക്കടകന്‍ പ്രയോഗിക്കാന്‍ ബിജെപി നേതൃത്വം. അധികാരം പിടിക്കാമെന്ന യുഡിഎഫിന്റെ മോഹങ്ങള്‍ക്ക് വെല്ലുവിളിയായി ശശി തരൂര്‍ എംപി മാറുകയാണ്. തുടരെയുള്ള മോദി സ്തുതിയും നെഹ്‌റു കുടുംബത്തിനെതിരായ പ്രസ്താവനകളും മൂലം ശശി തരൂര്‍ പുറത്തേയ്ക്കുള്ള വഴിയിലാണ്. അതുകൊണ്ടുതന്നെ തരൂരിനെ മുന്നില്‍ നിര്‍ത്തി ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാലും അത്ഭുതമില്ലെന്നാണ് അണിയറ സംസാരം. നിയമസഭാ തെരഞ്ഞെടുപ്പ് പാളിയാലും തിരുവന്തപുരത്തു ഉപതിരഞ്ഞെടുപ്പ് നടത്തി തരൂരിനെ കേന്ദ്ര മന്ത്രിസഭയിലെത്തിക്കാനും ആലോചനയുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരനെ മുന്നില്‍ നിര്‍ത്തിയായിരുന്നു ബിജെപിയുടെ നീക്കം. ഇത്തവണ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെയും ക്രൈസ്തവ വോട്ടുകളെയും ലക്ഷ്യമിട്ടാണ് നീക്കം. അതിനനുസരിച്ചു കേരള ബിജെപിയില്‍ സംഘടനാ പുനഃസംഘടന വന്നു കഴിഞ്ഞു. കൂടാതെ പഴയ ഐപിഎസ്, ഐഎഎസ് പ്രമുഖരും സിനിമാക്കാരും ഇത്തവണ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഗോദയില്‍ ഉണ്ടാകുമെന്നു ഉറപ്പാണ്. രാജീവ് ചന്ദ്രശേഖരന്റെ വരവോടെ ബിജെപി സംസ്ഥാനത്തു ഇമേജ് മാറ്റത്തിനുള്ള ഒരുക്കത്തിലാണ്.
കഴിഞ്ഞ ദിവസത്തെ അടിയന്തരാവസ്‌ഥ ലേഖനത്തോടെ ശശി തരൂര്‍ എം.പിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ കെ.പി.സി.സി തീരുമാനിച്ചു കഴിഞ്ഞു . കോണ്‍ഗ്രസ് വിടാനാണ് തരൂരിന്റെ ശ്രമമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഏതാണ്ട് ഉറപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്തടക്കം പാര്‍ട്ടിയുടെ താഴേത്തട്ടില്‍ നിരീക്ഷണം ശക്‌തമാക്കും. തരൂരിനോട് അടുപ്പമുള്ള ചില യുവനേതാക്കളുമായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. തിരുവനന്തപുരത്ത് തരൂരുമായി ചേര്‍ന്ന് നില്‍ക്കുന്ന പ്രധാന യുവനേതാവും തരൂര്‍ പാര്‍ട്ടി വിടുമെന്ന നിലപാടിലേക്ക് എത്തിക്കഴിഞ്ഞു.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം മറികടന്നും എ.ഐ.സി.സി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തരൂരിന് വോട്ട് ചെയ്‌ത നിരവധി പേരുണ്ട്. രഹസ്യമായിരുന്നു വോട്ടെടുപ്പെങ്കിലും ആരെല്ലാമാണ് തരൂരിന് വേണ്ടി നിലകൊണ്ടതെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് നന്നായി അറിയാം. തരൂരിന്റെ നാമനിര്‍ദേശപത്രികയില്‍ ഒപ്പിട്ടവര്‍ അടക്കം എല്ലാവരുടേയും നീക്കങ്ങള്‍ കെ.പി.സി.സി. സസൂക്ഷ്‌മം വിലയിരുത്തുന്നുണ്ട്. പാര്‍ട്ടിയില്‍ വലിയൊരു വിള്ളലുണ്ടാക്കാന്‍ തരൂരിന് കഴിയില്ലെന്നാണ് നേതൃത്വത്തിന്റെ നിഗമനം.
തരൂര്‍ ബി.ജെ.പിയിലേക്ക് എത്തിയാല്‍, അതൃപ്‌തരായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭാവിയില്‍ അത് പാര്‍ട്ടി മാറ്റത്തിനുള്ള പാലമാകുമെന്നും കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയുന്നുണ്ട്. എന്നാല്‍, മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയാവുകയാണ് തരൂരിന്റെ ലക്ഷ്യം. അതിന് വഴങ്ങാന്‍ കേരളത്തിലെ പ്രധാന നേതാക്കളാരും തയാറല്ല. അതുകൊണ്ടാണ് തരൂരിനെ ഉയര്‍ത്തിക്കാട്ടുന്ന ഇലക്ഷന്‍ സര്‍വേ കോണ്‍ഗ്രസ് പരസ്യമായി തള്ളിപ്പറഞ്ഞത്. മാത്രമല്ല, സതീശന്‍, ചെന്നിത്തല എന്നിവര്‍ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടു നീക്കം സജീവമാക്കിയിരിക്കുകയാണ്
പാര്‍ട്ടി വിടുന്ന കാര്യത്തില്‍ കേരളത്തിലെ ഒരു കോണ്‍ഗ്രസ് നേതാവിനോടും തരൂര്‍ മനസ് തുറന്നിട്ടില്ല. കോഴിക്കോട് എം.പിയായ എ.കെ. രാഘവനാണ് കേരളത്തില്‍ തരൂരുമായി ഏറ്റവും അടുപ്പമുള്ള നേതാവ്. തരൂരിന്റെ മനസിലുള്ളത് രാഘവന് പോലും അറിയില്ലെന്നാണ് കെ.പി.സി.സി. നേതൃത്വം മനസിലാക്കുന്നത്.
ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ നിന്നു തരൂരിനെ നീക്കുമെന്നാണ് ഹൈക്കമാന്‍ഡുമായി ചേര്‍ന്നു നില്‍ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.
അതിനിടെ, സമയമാകുമ്പോള്‍ തരൂര്‍ ചെയ്യേണ്ടത് ചെയ്യും. അടുത്ത മുഖ്യമന്ത്രിയാകാനുള്ള സര്‍വേയെ പറ്റി അറിയില്ലെന്നും അത് കണ്ടില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. ശശി തരൂരിന് അദ്ദേഹത്തിന്റെ മനസുണ്ട്. അദ്ദേഹം പറയേണ്ടത് പറയും. സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ ദിവസവും മോദിസര്‍ക്കാരിനെ ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്നും ഊര്‍ജ്ജസ്വലമായ നേതൃത്വത്തിന് കീഴിലാണ് ഇത് സംഭവിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. ശക്തമായ ദേശീയതയാണ് ബിജെപി സര്‍ക്കാരിന് കീഴില്‍. കേന്ദ്രീകൃത ഭരണത്തില്‍ ബിജെപി വിശ്വസിക്കുന്നു. അതിന്റെ നേട്ടങ്ങള്‍ കാണാനുമുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ രാജ്യം ഏറെ മുന്നോട്ട്പോയി എന്നും തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഇടത് നയസമീപനങ്ങളില്‍ നിന്ന് ഇന്ത്യ മാറി. ഉദാരവത്കരണത്തിലേക്കും ആഗോളവത്കരണത്തിലേക്കുമുള്ള മാറ്റം ഗുണകരമെന്നും തരൂര്‍ പറഞ്ഞു.