യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിനെ പ്രതിസന്ധിയിലാക്കി ഫ്ലൂ സീസണ്‍; ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണം റെക്കോര്‍ഡില്‍

യുകെയില്‍ ഈ വര്‍ഷത്തെ ഫ്ലൂ സീസണ്‍ അതിജീവിക്കാന്‍ പാടുപെടുകയാണ് എന്‍എച്ച്എസ്. സ്ഥിതി കടുത്ത പ്രതിസന്ധിയിലെന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ആഴ്ച ശരാശരി 1700 പേര്‍ ഫ്‌ളൂ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയെന്നാണ് കണക്കുകള്‍. 2024ല്‍ ഇത് 1,098 ഉം 2023 ല്‍ 160 ഉം ആയിരുന്നു.സാധാരണ സീസണിനേക്കാള്‍ ഒരു മാസം മുമ്പേ വൈറസ് വ്യാപനം ശക്തമായി കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

ഇതില്‍ 68 കേസുകള്‍ അതീവ ഗുരുതരമായിരുന്നു. കഴിഞ്ഞവര്‍ഷം ഗുരുതരമായ കേസുകള്‍ 39 എണ്ണം മാത്രമായിരുന്നു. അതായത് ഗുരുതരമായ ഫ്ലൂ വ്യാപനം ഈ വര്‍ഷം മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയോളമായി ഉയര്‍ന്നു എന്നര്‍ത്ഥം. ആഞ്ഞടിക്കുന്ന സുനാമി തിരമാലകളെ ഓര്‍മ്മിപ്പിക്കും വിധം ഫ്ലൂനാമി എന്ന് പേരിട്ട ഈ പ്രതിഭാസം കാണിക്കുന്നത് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ സംഭവിച്ച ഏറ്റവും ഗുരുതരമായ ഫ്ലൂ ബാധയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത് എന്നാണ്. ക്രിസ്തുമസ് - പുതുവത്സര ആഘോഷവേളകളില്‍, അടച്ചിട്ട മുറികള്‍ക്കുള്ളില്‍ ജനസമ്പര്‍ക്കം വര്‍ധിക്കുമെന്നതിനാല്‍, ഏറെ ആശങ്കപ്പെടേണ്ട ഒരു ഉത്സവകാലമാണ് വരാന്‍ ഇരിക്കുന്നതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അടുത്തയാഴ്ച ആശുപത്രികളില്‍ എത്തുന്ന ഫ്ലൂ ബാധിതരുടെ എണ്ണം മൂന്നിരട്ടിയായോ നാലിരട്ടിയായോ വര്‍ദ്ധിച്ചേക്കാമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് സര്‍ ജിം മാക്കി മുന്നറിയിപ്പ് നല്‍കി.

അത്യാഹിത വിഭാഗത്തില്‍ ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പോലും ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണമേറിയതോടെ ആശുപത്രി പ്രവര്‍ത്തനം താളം തെറ്റിയ നിലയിലാണ്. അടുത്ത ആഴ്ചയോടെ സ്ഥിതി കൂടുതല്‍ രൂക്ഷമാകും.

ഈ വര്‍ഷത്തില്‍ സാധാരണ കാണുന്നതിനേക്കാള്‍ ബെഡ് കൈയടക്കിയ ഇന്‍ഫെക്ഷന്‍ ബാധിച്ച രോഗികളുടെ എണ്ണം ഇപ്പോള്‍ തന്നെ കൂടുതലാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എക്കാലത്തെയും വലിയ റെക്കോര്‍ഡ് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടം കൊണ്ട് ഈ മുന്നേറ്റം നില്‍ക്കില്ലെന്നതാണ് ഹെല്‍ത്ത് സര്‍വ്വീസിനെ ഭയപ്പെടുത്തുന്നത്. നിലവില്‍ വാര്‍ഡുകളില്‍ 2000 ഫ്‌ളൂ രോഗികളുണ്ട്. ഇത് അടുത്ത ആഴ്ചയോടെ 8000 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനിടയില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ സമരങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത് ക്രൂരവും, കണക്കുകൂട്ടിയുള്ളതുമാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി ജിം മാക്കി കുറ്റപ്പെടുത്തി. സുപ്രധാന സമയത്ത് പണിമുടക്കുന്നത് ദുരിതം സൃഷ്ടിക്കുമെന്നാണ് മാക്കിയുടെ ഓര്‍മ്മപ്പെടുത്തല്‍.

അതേസമയം, റെക്കോര്‍ഡ് തോതില്‍ എ&ഇ ചികിത്സ ആവശ്യമില്ലാത്ത ആളുകള്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ എത്തുന്നതിന് എതിരെ എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വിന്ററില്‍ 200,000-ലേറെ അനാവശ്യ കേസുകളാണ് എ&ഇയ്ക്ക് കൈകാര്യം ചെയ്യേണ്ടി വന്നത്. മൂക്കടപ്പ് മുതല്‍ ഇക്കിളിന് വരെ ആളുകള്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിക്കുന്നു. ഈ സാഹചര്യത്തില്‍ ഇത്തരം ചെറിയ വിഷയങ്ങള്‍ക്ക് എവിടെ ചികിത്സ തേടണമെന്ന പ്രചരണ പരിപാടിക്ക് എന്‍എച്ച്എസ് തുടക്കം കുറിച്ചിട്ടുണ്ട്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions