കുടിയേറ്റക്കാരോടുള്ള ചായ്‌വ് നിമിത്തം ബിബിസിയോട് വെള്ളക്കാരായ ഇംഗ്ലീഷുകാര്‍ക്ക് താത്പര്യം കുറയുന്നു. വെള്ളക്കാരായ പ്രേക്ഷകരേക്കാള്‍ തങ്ങളുടെ ജീവിതമാണ് ബിബിസി പ്രതിഫലിപ്പിക്കുന്നത് എന്നാണ് വംശീയ ന്യൂനപക്ഷങ്ങള്‍ കരുതുന്നതെന്ന് ഒരു പഠനത്തില്‍ തെളിഞ്ഞു. ബിബിസിയുമായി ബന്ധപ്പെട്ടുള്ള ഓഫ്‌കോമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് സര്‍വ്വേയില്‍ പങ്കെടുത്ത 60 ശതമാനം വംശീയ ന്യൂനപക്ഷങ്ങളില്‍ പെടുന്നവര്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചു എന്നാണ്. അതേസമയം 50 ശതമാനം വെള്ളക്കാര്‍ മാത്രമാണ് ബിബിസി തങ്ങളുടെ ജീവിതം പ്രതിഫലിപ്പിക്കുന്നതായി വിശ്വസിക്കുന്നത്.
ബിബിസി വംശീയ ന്യൂനപക്ഷങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു എന്ന പ്രസ്താവനയെ ഖണ്ഡിക്കാന്‍ മുന്നോട്ട് വന്നത് 22 ശതമാനം വെള്ളക്കാര്‍ ആയിരുന്നു. അതേസമയം 11 ശതമാനം വംശീയ ന്യൂനപക്ഷ വിഭാഗക്കാര്‍ മാത്രമാണ് ഈ കണ്ടെത്തല്‍ നിഷേധിച്ചിട്ടുള്ളത്. ബിബിസിയെ പ്രേക്ഷകര്‍ എങ്ങനെ വിലയിരുത്തുന്നു എന്നതിനെ കുറിച്ച് പഠിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് വെറും 51 ശതമാനം പേര്‍ മാത്രമാണ് ബിബിസി രാജ്യത്തിന്റെ വ്യത്യസ്ത മേഖലകളിലെ വ്യത്യസ്ത വിഭാഗങ്ങളെ ഒരുപോലെ പരിഗണിക്കുന്നതായി അഭിപ്രായപ്പെട്ടത്.