Don't Miss

ജനമിളകി; വിഎസിന്റെ വഴിയേ വിഡിയും

ഒരിക്കലും തിരുത്തപ്പെടില്ലെന്നു കരുതിയ സിപിഎം പോളിറ്റ്ബ്യുറോയെ തിരുത്തിച്ചു 2006 ല്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി എസ് അച്യുതാനന്ദന്റെ വഴിയെയാണ് വി ഡി സതീശനും മുഖ്യമന്ത്രിക്കസേരയിലേയ്ക്ക് എത്തുന്നത്. രണ്ടും ജനങ്ങളുടെ ചോയിസ് ആയിരുന്നു. പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക്ത്തിരുത്തേണ്ടിവന്നു. പ്രതിപക്ഷ നേതാവായി ജനകീയനായിമാറി തിരഞ്ഞെടുപ്പിനെ നേരിട്ട് മുന്നണിയെ നയിച്ച ഇരുവരും എല്ലാ അണിയറ കളികളെയും പാരകളെയും മറികടന്നാണ്‌ കേരളത്തിന്റെ ക്യാപ്റ്റനായി മാറിയത്. ആരെയും കൂസാതെ, നിലപാടുകള്‍ വ്യക്തമാക്കുന്ന, സര്‍വോപരി രാഷ്ട്രീയം തൊഴിലായി കൊണ്ട് കൊണ്ടുനടക്കാത്തവരായിരുന്നു വി എസും വി ഡി യും.

വി ഡി സതീശന്റെ പോരാട്ടവും തിരഞ്ഞെടുപ്പ് ഗോദകളില്‍ മാത്രമായിരുന്നില്ല. ജനവികാരം മാനിച്ച് ജനമനസറിഞ്ഞു സതീശന്‍ പ്രതിപക്ഷ നേതാവായി നിന്നുണ്ടാക്കിയെടുത്തത് 10 വര്‍ഷം ഭരണമില്ലാതിരുന്ന ഒരു മുന്നണിയുടെ പ്രതീക്ഷകളെയാണ്. കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കവും ഗ്രൂപ്പുകളിയും പണ്ടത്തെ പോലെ കപ്പിനും ചുണ്ടിനും ഇടയില്‍ തനിക്ക് നഷ്ടമാക്കാമായിരുന്ന അര്‍ഹതപ്പെട്ട സ്ഥാനം വി ഡി പോരാടി തിരിച്ചുപിടിച്ചത് അണികളും ഘടകകക്ഷികളുമാണ്.

കോണ്‍ഗ്രസ് അണികളുടെ വികാരം മനസിലാക്കാതെ പോയ എംഎല്‍എമാരുടെ കൂട്ടത്തിന് മുന്നില്‍ ജനങ്ങള്‍ ഇറങ്ങി നിന്നാണ് വി ഡി സതീശന് മുഖ്യമന്ത്രി കസേര പിടിച്ചുവാങ്ങി നല്‍കിയത് . ഹൈക്കമാന്‍ഡിന് മുന്നില്‍ ഇത്രയും ചര്‍ച്ചയും പ്രശ്‌നവും പ്രതിസന്ധിയുണ്ടാക്കിയത് കെ സി വേണുഗോപാലിന്റെ എംഎല്‍എമാരെ വെച്ചുള്ള വില പേശലായിരുന്നു. പക്ഷേ ജനവികാരവും ജനങ്ങളുടെ ആവശ്യവും തള്ളിക്കളയുന്ന തരത്തിലൊരു തീരുമാനം രാഹുല്‍ ഗാന്ധിയെടുക്കില്ലെന്ന് ഒരിക്കല്‍ കൂടി ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തുന്നതാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിലപാട്.

ജനാധിപത്യപരമായി എല്ലാവരേയും അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനുള്ള ശ്രമവും രാഹുല്‍ ഗാന്ധിയുടേയും ഹൈക്കമാന്‍ഡിന്റേയും ഭാഗത്ത് നിന്നുണ്ടായി.

വിഡി സതീശന്റെ ഒറ്റയാള്‍ പോരാട്ടത്തിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണ സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നല്‍കുന്നുണ്ട്. ഗ്രൂപ്പിനതീതമായി വളര്‍ന്നുവന്നു മുഖ്യമന്ത്രി കസേരയിലേക്കെത്തിയ നേതാവെന്നതും സതീശന്റെ ജനസ്വീകാര്യതയ്ക്ക് കാരണമാണ്. ഗോഡ് ഫാദര്‍മാരില്ലാതെ ഗ്രൂപ്പിന്റെ ഭാഗമാകാതെ പാര്‍ട്ടിയെ വളര്‍ത്തിയ നേതാവെന്നതാണ് കോണ്‍ഗ്രസുകാര്‍ക്ക് വി ഡി സതീശനോടുള്ള സ്‌നേഹത്തിന് പിന്നില്‍.

ഗ്രൂപ്പുകളി നടത്തി സ്ഥാനം നേടുന്ന കോണ്‍ഗ്രസ് നേതാക്കന്‍മാരോടുള്ള എതിര്‍പ്പ് കൂടിയാണ് കോണ്‍ഗ്രസ് അണികള്‍ സതീശനോടുള്ള സ്‌നേഹം ഉയര്‍ത്തി കാണിച്ചുകൊണ്ട് വെളിവാക്കിയത്. അത് പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന വി ഡി സതീശന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ്. ടീം യുഡിഎഫ് മികച്ച വിജയം നേടിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പറഞ്ഞ നേതാവിന്റെ ആര്‍ജ്ജവത്തോട് ജനം മനസറിഞ്ഞു നല്‍കിയ അംഗീകാരമാണ് ഈ മുഖ്യമന്ത്രി കസേര.

1964 മേയ് 31ന് എറണാകുളം ജില്ലയിലെ നെട്ടൂരില്‍ വടശ്ശേരി ദാമോദരമേനോന്റെയും വിലാസിനിയമ്മയുടേയും മകനായാണ് വി. ഡി. സതീശന്റെ ജനനം. വിദ്യാര്‍ഥി ജീവിതകാലത്ത് തന്നെ രാഷ്ട്രീയത്തില്‍ സതീശന്‍ ഉണ്ടായിരുന്നു. പനങ്ങാട് ഹൈസ്കൂളില്‍ സ്കൂള്‍ ലീഡറും പിന്നീട് തേവര എസ് എച്ച് കോളജില്‍ യൂണിയന്‍ ഭാരവാഹിയുമായി പൊതുരംഗത്ത് അദ്ദേഹം സജീവമായി. എംജി സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായും എന്‍എസ്‌യു ദേശീയ സെക്രട്ടറിയായും വി. ഡി. സതീശന്‍ പ്രവര്‍ത്തിച്ചു. നിയമബിരുദധാരിയായ അദ്ദേഹം ഒരുപാട് കാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്.

കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കൂടിയായ അദ്ദേഹം നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റികളുടെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 5 വര്‍ഷം കെപിസിസി ഉപാധ്യക്ഷ പദവി വഹിക്കുകയും മികച്ച എംഎല്‍എയ്ക്കുള്ള ഇരുപത്തഞ്ചിലേറെ അവാര്‍ഡുകള്‍ ലഭിക്കുകയും ചെയ്തു. ​2001 മുതല്‍ പറവൂര്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗം. 2021 മുതല്‍ 26 വരെ പ്രതിപക്ഷനേതാവ്.

1996-ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റു കൊണ്ടാണ് വീഡി സതീശന്റെ രാഷ്ട്രീയ തുടക്കം. പിന്നീട് 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന കെ.എം. ദിനകരനെ 7,792 വോട്ടിന് തോല്‍പ്പിച്ചു ആദ്യമായി നിയമസഭയിലെത്തി. 2006-ലും 2011-ലും 2016-ലും 2021-ലും ഇതേ മണ്ഡലത്തില്‍ വിജയം ആവര്‍ത്തിച്ചു.

പന്ത്രണ്ടാം നിയമസഭയില്‍ കോണ്‍ഗ്രസ് വിപ്പ് സ്ഥാനം വഹിച്ചിരുന്ന ഇദ്ദേഹം അന്യസംസ്ഥാന ലോട്ടറിക്കെതിരായ രാഷ്ട്രീയ സംവാദങ്ങളിലൂടെ കൂടുതല്‍ മാധ്യമശ്രദ്ധ നേടി. പരിസ്ഥിതിക്കുവേണ്ടിയും, ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനനുകൂലമായും പ്രതികരിക്കുന്ന എംഎല്‍എമാരുടെ രാഷ്ട്രീയെതര സംഘത്തില്‍ പ്രമുഖനായിരുന്നു വി. ഡി. സതീശന്‍. ലക്ഷ്മിപ്രിയയാണ് ഭാര്യ. മകള്‍ ഉണ്ണിമായ.

  • റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ പീഡനം; മുന്‍ മത്സരാര്‍ഥി ലണ്ടനില്‍ അറസ്റ്റില്‍
  • പ്രവാസികള്‍ ഇന്ത്യയിലേക്ക് വരും മുമ്പേ എയര്‍ സുവിധ 2.0' ഡിക്ലറേഷന്‍ പൂര്‍ത്തിയാക്കണം
  • പരിവാരമോ ഔദ്യോഗിക വാഹനമോ ഇല്ല; മണ്ണിലിറങ്ങി പിണറായി, ഇനി രണ്ടു മുറി ഫ്‌ളാറ്റിലേയ്ക്ക്
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിനു കുത്തേറ്റു; 'ഗോബാക്ക് ഇന്ത്യ' പറഞ്ഞ് ആക്രമണം
  • കൊട്ടിക്കലാശം കഴിഞ്ഞു; പതിനെട്ടടവും പയറ്റി മുന്നണികള്‍
  • സഹപ്രവര്‍ത്തകയെ 'ആന്റി' എന്ന് വിളിച്ച യുവാവ് 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
  • ഒരേയൊരു സഞ്ജു; മലയാളി വീരഗാഥ
  • റോമില്‍ നിന്ന് ലണ്ടനിലെ രോഗിക്ക് റോബോട്ടിക് സാങ്കേതിക വിദ്യയില്‍ ശസ്ത്രക്രിയ
  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions